ഇനി കളി വേറെ ലെവൽ! പുതിയ ആൻഡ്രോയിഡ് 14 അപ്ഡേഷൻ ആദ്യം ലഭിക്കുന്ന നോക്കിയ സ്മാർട്ട്ഫോൺ ഇതാണ്
ഏറ്റവും പുതിയ പിക്സൽ 8 സീരീസ് ഫോണിലൂടെ ഗൂഗിൾ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പും പുറത്തിറക്കി കഴിഞ്ഞു. എഐ പിന്തുണ അടക്കം ഏറ്റവും പുതിയ നിരവധി ഫീച്ചറുകളുമായിട്ടാണ് ആൻഡ്രോയിഡ് 14 എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളെ കാലോചിതമായി പരിഷ്കരിക്കുന്ന പുതിയ അപ്ഡേഷൻ വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായിട്ടാണ് വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ അർഹതയുള്ള മോഡലുകൾക്കായി പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസ് അപ്ഡേഷൻ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയും തങ്ങളുടെ സ്മാർട്ട്ഫോണുകൾക്കായുള്ള പുതിയ ഒഎസ് അപ്ഡേഷന് തയാറെടുത്തിരിക്കുന്നു. നിലവിൽ പുതിയ നോക്കിയ ഫോണുകൾ ആൻഡ്രോയിഡ് 13ലാണ് പ്രവർത്തിക്കുന്നത്.

ഏത് നോക്കിയ ഫോണിലാണ് പുതിയ അപ്ഡേഷൻ ആദ്യമെത്തുക എന്നറിയാൻ പലരും കാത്തിരിക്കുന്നു. നോക്കിയ XR21, നോക്കിയ X30, നോക്കിയ G60 5G, നോക്കിയ G22 അല്ലെങ്കിൽ G42 5G എന്നിവയെല്ലാം പുതിയ ആൻഡ്രോയിഡ് 14നായുള്ള കാത്തിരിപ്പുകാരുടെ ലിസ്റ്റിലുണ്ട്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇതിൽ നോക്കിയ G42 5G-യിൽ ആണ് പുതിയ ഒഎസ് ആദ്യമെത്തുക.
ഗീക്ക്ബെഞ്ച് ടെസ്റ്റ് ഫലങ്ങൾ പ്രകാരം നോക്കിയ G42 5ജിയിൽ ആണ് ആൻഡ്രോയിഡ് 14 പതിപ്പ് ആദ്യം പുറത്തിറക്കുകയെന്ന് രാജ്യാന്തര ടെക്നോളജി വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. G42 5ജി സിംഗിൾ കോറിൽ 752 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ ഏകദേശം 1897 പോയിന്റും നേടി. ഈ ഫലങ്ങൾ ആൻഡ്രോയിഡ് 13-ൽ G42 സ്കോർ ചെയ്‌തതിന് സമാനമാണ്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ നോക്കിയ ഫോൺ ജി42 5ജി ആണെന്നാണ് വിലയിരുത്തൽ. ഫോട്ടോ പിക്കർ, തീം ആപ്പ് ഐക്കണുകൾ, ഭാഷാ മുൻഗണനകൾ, അറിയിപ്പ് ഫ്ലാഷുകൾ, ക്യാമറ, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തലുകൾ, ലോക്ക് സ്‌ക്രീൻ ഇഷ്‌ടാനുസൃതമാക്കലുകൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ പുതിയ ആൻഡ്രോയിഡ് 14 പതിപ്പ് സ്മാർട്ട്ഫോണുകൾക്ക് സമ്മാനിക്കുന്നു.
ആൻഡ്രോയിഡ് 14 ന് ആവശ്യമായ ഫീച്ചറുകളുമായി ജി42 5ജി ഒത്തുപോകുന്നു. അതിനാൽ ആദ്യം നോക്കിയ പുറത്തിറക്കുക ഈ സ്മാർട്ട്ഫോണിനുള്ള അപ്ഡേറ്റ് ആണ് എന്നാണ് കരുതപ്പെടുന്നത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് 5G ചിപ്‌സെറ്റ് കരുത്തിലാണ് നോക്കിയ ജി42 5ജി ലോഞ്ച് ചെയ്തിട്ടുള്ളത്.
ജി42 5ജിയാണ് ആദ്യം ആൻഡ്രോയിഡ് 14 അപ്ഡേഷൻ ലഭിക്കുന്ന നോക്കിയ സ്മാർട്ട്ഫോൺ എന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെങ്കിലും എന്നാണ് ഈ അപ്ഡേറ്റ് ലഭ്യമാകുക എന്ന കൃത്യമായ തീയതി പുറത്തുവന്നിട്ടില്ല. ഒരുപാട് മികച്ച ഫീച്ചറുകളുമായി 12,599 രൂപ വിലയിൽ രണ്ട് മാസം മുൻപാണ് നോക്കിയ ജി42 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ സവിശേഷതകളുള്ള 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേയാണ് നോക്കിയ ജി42 5ജിയിൽ ഉള്ളത്. 6ജിബി റാമും 5ജിബി വെർച്വൽ റാമും സജ്ജമാക്കിയിട്ടുണ്ട്. 128GB ആണ് ഇന്റേണൽ സ്റ്റോറേജ്.
ആൻഡ്രോയിഡ് 13ൽ പുറത്തിറങ്ങിയ ഈ ഫോണിന് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. അതിനാൽ ആൻഡ്രോയിഡ് 14 ന് പുറമേ, ആൻഡ്രോയിഡ് 15 വേർഷനും ഭാവിയിൽ ഈ ഫോണിൽ ലഭ്യമാകും. 5G, ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, വൈഫൈ 802.11 a/b/g/n/ac/ax എന്നിവയൊക്കെയാണ് കണക്ടിവിറ്റി ഫീച്ചറുകൾ.

50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ജി42 5ജി വാഗ്ദാനം ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹെഡ്‌ഫോൺ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും നൽകിയിരിക്കുന്നു.
ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിലുണ്ട്. IP52-റേറ്റഡ് ബിൽഡും ഈ നോക്കിയ ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. 20W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും ഇതിൽ നൽകിയിട്ടുണ്ട്. ബോക്സിൽ, സോഫ്റ്റ് കെയ്‌സും 20W ചാർജറും ഉൾപ്പെടുന്നു. ഇന്ത്യയിൽ സോ ഗ്രേ, സോ പർപ്പിൾ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








