ഫോൺ വാങ്ങുന്നുണ്ടോ, ഇതുകൂടി വന്നിട്ട് മതി തീരുമാനമെടുക്കൽ! ആദ്യ വോബിൾ സ്മാർട്ട്ഫോൺ നവംബർ 19ന് ഇന്ത്യയിൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഒരു പുതിയ ബ്രാൻഡിന്റെ കടന്നുവരവിന് കൂടി സാക്ഷ്യം വഹിക്കാൻ പോകുന്നു, അതും ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ! ഇന്ത്യ ആസ്ഥാനമായുള്ള ഇൻഡ്കൽ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ വോബിൾ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ (Wobble smartphone) നവംബർ 19 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ആമസോണിൽ ഇതിന്റെ ടീസർ പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ ലോഞ്ചിന് ശേഷം ഇത് ആമസോൺ വഴി വിൽപ്പനയ്ക്ക് എത്തുമെന്ന വിവരവും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ അരങ്ങേറ്റത്തെത്തുടർന്ന് ഒന്നിലധികം രാജ്യങ്ങളിലേക്ക് വോബിൾ ഫോൺ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഇന്ത്യയിൽ നിന്ന് ഒരു പുതിയ ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡ് ഉയർന്നുവരാൻ പോകുന്നതിന്റെ തുടക്കം കൂടിയാകും നവംബർ 19ലെ വോബിൾ സ്മാർട്ട്ഫോണിന്റെ ലോഞ്ച് എന്ന് കരുതപ്പെടുന്നു. വരാൻ പോകുന്ന ഈ ഫോണിന്റെ ഔദ്യോഗിക പേരോ, ഇതിൽ ഉണ്ടാകുന്ന ഫീച്ചറുകളോ സ്ഥിരീകരിച്ചിട്ടില്ല. വോബിൾ 1 എന്ന പേരിൽ ആദ്യ സ്മാർട്ട്ഫോൺ എത്താനാണ് സാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്നത്.

സ്മാർട്ട്ഫോൺ ആരാധകർക്ക് വോബിൾ എന്ന പേര് അത്ര പരിചിതമല്ലെങ്കിലും നിലവിൽ ഇന്ത്യൻ വിപണിയിൽ ഡിസ്‌പ്ലേകൾക്കും സ്മാർട്ട് ടിവികൾക്കും പേരുകേട്ട ബ്രാൻഡാണ് വോബിൾ. 116.5 ഇഞ്ച് ടെലിവിഷനായ വോബിൾ മാക്സിമസ് അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. കൂടാതെ വോബിൾ ഇയർബഡ്സ് 2023 ൽ പുറത്തിറങ്ങിയിരുന്നു.
വരാനിരിക്കുന്ന സ്മാർട്ട്ഫോണിലൂടെ സ്മാർട്ട്ഫോൺ വിപണിയിലേക്കും വോബിൾ കടക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസർ കരുത്തിലെത്തുന്ന ഒരു 5ജി സ്മാർട്ട്‌ഫോണാണ് വോബിൾ 1 എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ശരിയെങ്കിൽ, ശക്തമായ പെർഫോമൻസിലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിലനിൽക്കുന്ന 5ജി ഫോൺ സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് വോബിളിന്റെ ആദ്യ സ്മാർട്ട്ഫോൺ എത്തുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറിനൊപ്പം 8GB റാമും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നും ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയെത്തുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. IMEI ഡാറ്റാബേസിലും WB25SPMTA15P2 എന്ന മോഡൽ നമ്പറിന് കീഴിലുള്ള ഗീക്ക്ബെഞ്ച് ലിസ്റ്റിംഗുകളിലും ഈ ഫോൺ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ ലിസ്റ്റിങ്ങുകൾ ഈ സ്മാർട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകളെക്കുറിച്ചുള്ള ആദ്യ സൂചനകൾ നൽകുന്നു.
ലോഞ്ച് തിയതി സ്ഥിരീകരിച്ചുകൊണ്ട് ആമസോണിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പേജ് വോബിൾ സ്മാർട്ട്ഫോണിന്റെ ഡിസൈൻ വ്യക്തമാക്കുന്നുണ്ട്. മികച്ച ക്യാമറ ശേഷിയോടെയാകും ഈ ഫോൺ എത്തുകയെന്ന് ആമസോൺ പേജിലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ ഇമേജ് പ്രോസസ്സിംഗിനായി "എപ്പിക് AI ഇന്റലിജൻസ്" ഇതിലുണ്ട് എന്ന പരാമർശവും ടീസറിലുണ്ട്.
"ഡോൾബി മോഡ്: ഓൺ" ഉള്ള എപ്പിക് ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസ് ഈ ഫോൺ സമ്മാനിക്കുമെന്ന് ടീസറുകൾ വാഗ്ദാനം ചെയ്യുന്നു. കോംപാക്റ്റ് പ്രൊഫൈലും ഫ്ലാറ്റ് ഫ്രെയിമും ആണ് ഈ ഫോണിന് ഉണ്ടാകുകയെന്ന് ടീസർ സൂചിപ്പിച്ചിരിക്കുന്നു. ഇതിന്റെ സൈഡ് വ്യൂ ഇതൊരു സ്ലിം മോഡൽ ആയിരിക്കുമെന്ന സൂചനയും നൽകുന്നുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്ക്, മൈക്രോഫോൺ, യുഎസ്ബി-സി പോർട്ട്, സ്പീക്കർ ഗ്രിൽ എന്നിവയും ടീസറിൽ കാണാം.

പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ഈ വോബിൾ സ്മാർട്ട്ഫോണിലുണ്ടാകുക. കൂടുതൽ ഡീറ്റെയിൽസ് ലോഞ്ചിനോട് അടുപ്പിച്ച് പുറത്തുവരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്തായാലും പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ നവംബർ 19 വരെ ഒന്ന് കാത്തിരിക്കുന്നത് നല്ലതാണ്. ഒത്താൽ നല്ലൊരു ഇന്ത്യൻ സ്മാർട്ട്ഫോൺ കൈയിലിരിക്കും. പുത്തൻ ബ്രാൻഡിന്റെ ആദ്യ മോഡൽ എന്ന നിലയിൽ മികച്ച ഫീച്ചറുകൾ തന്നെ ഇതിൽ ഉണ്ടാകുമെന്ന് കരുതാം.


Click it and Unblock the Notifications