രണ്ട് പേരും അത്രയ്ക്കങ്ങ് വിലസേണ്ട, AI കരുത്തിൽ ഞാനാണ് കേമൻ! ഡിസ്കൗണ്ടുമായി പിക്സൽ 9 കളത്തിൽ
ഇന്ത്യക്ക് മാത്രമല്ല, സ്മാർട്ട്ഫോൺ വിപണിക്കും ഇനിയുള്ളത് ഉത്സവ ദിനങ്ങളാണ്. ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും ഫെസ്റ്റിവൽ ഓഫർ സെയിലുകൾ പെയ്ഡ് അംഗങ്ങൾക്കായി ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും (സെപ്റ്റംബർ 26). മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് ഒരു ദിവസം വൈകി സെപ്റ്റംബർ 27 മുതൽ ആണ് ഓഫർ സെയിലുകൾ ആരംഭിക്കുക. സ്മാർട്ട്ഫോണുകൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം എന്നതാണ് ഈ ഫെസ്റ്റിവൽ സെയിലിനെ ശ്രദ്ധേയമാക്കുന്നത്. നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ വിവിധ മോഡലുകൾക്ക് ഫെസ്റ്റിവൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഐഫോൺ 16 സീരീസ് വിൽപ്പന ആരംഭിച്ചതിന്റെ ആവേശത്തിലാണ് ആപ്പിൾ. അതേസമയം ആപ്പിളിനെ വെല്ലുവിളിക്കും വിധത്തിൽ ഡിസ്കൗണ്ടുകളുമായി സാംസങ്ങും കളത്തിലുണ്ട്.
ആപ്പിളിന്റെ ഐഫോൺ 16 സീരീസും സാംസങ്ങിന്റെ എസ്24 അൾട്ര മോഡൽ ഉൾപ്പെടെയുള്ള എസ്24 സീരീസ് ഫോണുകളും ശക്തമായ മത്സരവുമായി വിപണിയുടെ ശ്രദ്ധ പിടിക്കുന്നതിനിടയ്ക്ക് ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ പിക്സൽ 9 സീരീസിലെ പിക്സൽ 9 മോഡലും ഇപ്പോൾ ഡിസ്കൗണ്ടുമായി മത്സരക്കളത്തിലേക്ക് എത്തിയിട്ടുണ്ട്.

ആപ്പിളിന്റെ ഐഫോൺ സീരീസിനും സാംസങ്ങിന്റെ പ്രീമിയം എസ് സീരീസിനും ബദലായി ഗൂഗിൾ ഉയർത്തിക്കാട്ടുന്നത് പിക്സൽ സീരീസ് ഫോണുകളെയാണ്. അങ്ങനെയുള്ള പിക്സൽ സ്മാർട്ട്ഫോളുടെ ഏറ്റവും പുതിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ആണ് പിക്സൽ 9. 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ ഇന്ത്യയിലെ വില 79,999 രൂപയാണ്.
എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ടീസറുകൾ പ്രകാരം പിക്സൽ 9 സ്മാർട്ട്ഫോൺ 10000 രൂപ ഡിസ്കൗണ്ടിൽ 69,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകും. ബാങ്ക് ഡിസ്കൗണ്ട് സഹിതമാണോ ഈ വില എന്ന് ഓഫർ സെയിൽ തുടങ്ങിയ ശേഷമേ വ്യക്തമാകൂ. ആപ്പിളിന്റെയും സാംസങ്ങിന്റെയും പ്രീമിയം ഫോണുകളിലുള്ള പല ഫീച്ചറുകളും പിക്സൽ 9 വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും ജെമിനി എഐയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്.

എഐ ഗവേഷണത്തിൽ ഏറെ മുന്നിലുള്ള കമ്പനിയാണ് ഗൂഗിൾ. തങ്ങളുടെ പിക്സൽ 9 സീരീസ് ഫോണുകളിൽ തങ്ങളുടെ സ്വന്തം ജെമിനി എഐയുടെ പിന്തുണ ഗൂഗിൾ വിദഗ്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ ആപ്പ്, കോൾ നോട്ടുകൾ, സ്‌ക്രീൻഷോട്ട് ആപ്പ്, പിക്‌സൽ സ്റ്റുഡിയോ, ക്യാമറ AI, ജെമിനി ലൈവ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ പിക്സൽ 9 വാഗ്ദാനം ചെയ്യുന്നു.
ഗൂഗിൾ പിക്സൽ 9-ന്റെ പ്രധാന ഫീച്ചറുകൾ: ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി4 പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.3-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120 Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നീ ഫീച്ചറുകൾ ഈ ഫോണിന് മികച്ച പെർഫോമൻസ് നൽകാൻ പ്രോസസറിന് പിന്തുണ നൽകുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പിക്സൽ 9 പ്രവർത്തിക്കുന്നത്. 7 വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും ഗൂഗിൾ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ശക്തമായ 50MP+ 48MP ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 10.5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 27W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 4700mAh ബാറ്ററിയാണ് പിക്സൽ 9ൽ നൽകിയിരിക്കുന്നത്. ഈ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ ലാഭത്തിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പിക്സൽ 9 മോഡലും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








