ആപ്പിളിന്റെ കച്ചോടം ഗൂഗിൾ പൂട്ടിക്കുമോ! 79999 രൂപയുടെ പിക്സൽ 9 -ന് 34999 രൂപ, 9 പ്രോ ഫോൾഡിനും വില കുറഞ്ഞു
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ തുടങ്ങിയിരിക്കുകയാണ്. വിവിധ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങളാണ് ഫ്ലിപ്പ്കാർട്ട് ഈ ഫെസ്റ്റിവൽ സെയിലിലൂടെ തുറന്ന് നൽകിയിരിക്കുന്നത്. മികച്ച ഡീലുകൾ ലഭ്യമായ സ്മാർട്ട്ഫോണുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. പല മോഡലുകളും മിനിറ്റുകൾക്കകം സ്റ്റോക്ക് തീർന്നുപോകുന്ന അവസ്ഥപോലും ഉണ്ട്. പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകൾ പോലും ചീപ് റേറ്റിൽ വാങ്ങാനാകും എന്നതാണ് ഈ സെയിലിനെ കൂടുതൽ ആകർഷകമാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് ബിഗ് ബില്യൺ ഡേയ്സ് സെയിലിലെ പിക്സൽ 9 സീരീസ് മോഡലുകളുടെ ഡിസ്കൗണ്ടുകൾ.
ഗൂഗിൾ അടുത്തിടെ പിക്സൽ 10 സീരീസ് ലോഞ്ച് ചെയ്തു. അതോടെ മുൻ സീരീസിലെ പിക്സൽ 9 മോഡലുകൾക്ക് വൻ വിലക്കുറവ് ആണ് ലഭ്യമായിരിക്കുന്നത്. മികച്ച ഫീച്ചറുകളും ദീർഘകാല ഒഎസ്, സുരക്ഷാ പിന്തുണകളും സഹിതം എത്തുന്ന പിക്സൽ മോഡലുകൾ ഈ ഫെസ്റ്റിവൽ സെയിലിൽ വാങ്ങാൻ അനുയോജ്യമായ മികച്ച ഓപ്ഷനുകൾ തന്നെയാണ്.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന പിക്സൽ 9 സീരീസ് ഡീലുകളിൽ ഏറ്റവും ശ്രദ്ധേയം പിക്സൽ 9, പിക്സൽ 9 പ്രോ ഫോൾ എന്നിവയുടെ വിലകളാണ്. പിക്സൽ 9 മോഡൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യുമ്പോൾ 79999 രൂപയായിരുന്നു ഇന്ത്യയിലെ വില. ഇത് ഈ ഓഫർ സെയിലിൽ വെറും 34,999 രൂപയ്ക്ക് വാങ്ങാനാകും.
പിക്സൽ 9 ന്റെ 256ജിബി സ്റ്റോറേജ് മോഡൽ 37,999 രൂപ വിലയിലാണ് ഈ ഓഫർ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി 2,000 രൂപ അധിക ഡിസ്കൗണ്ടും 1,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാക്കിയിരിക്കുന്നു. ഇവ പ്രയോജനപ്പെടുത്തുമ്പോൾ ആണ് 34999 രൂപ വിലയിൽ പിക്സൽ 9 വാങ്ങാനാകുക.

ഐഫോണുകൾക്ക് വെല്ലുവിളി
ഏതാണ്ട് 45000 രൂപയോളം ലാഭത്തിൽ ഇപ്പോൾ പിക്സൽ 9 ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ കഴിയുമ്പോൾ ആളുകൾ കൂടുതലായും ഇത് ശ്രദ്ധിക്കും എന്ന് ഉറപ്പാണ്. ഇത് ഐഫോൺ മുൻ മോഡലുകളുടെ വിൽപ്പനയെ ഉൾപ്പെടെ ബാധിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 15 മോഡൽ പോലും ഇപ്പോൾ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വില 45000 രൂപയ്ക്കടുത്താണ്.
ഈ സാഹചര്യത്തിൽ ഐഫോൺ 16 മോഡലിന്റെ എതിരാളിയായി കണക്കാക്കാവുന്ന പിക്സൽ 9 മോഡൽ 35000 രൂപയോട് അടുത്ത വിലയിൽ ലഭ്യമാകുന്നത് ഐഫോൺ മോഡലുകളുടെ വിൽപ്പനയെ ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം തന്നെ ഈ ഡീലുകൾ മികച്ചതായതിനാൽ ചൂടപ്പം പോലെ പിക്സൽ 9 വിറ്റുതീരാനും സാധ്യതയുണ്ട്. അതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം ഡീൽ പരിഗണിക്കണം.
പിക്സൽ 9 പ്രോ ഫോൾഡ്
പിക്സൽ 9 മാത്രമല്ല, പിക്സൽ 9 സീരീസിൽ വന്ന ഫോൾഡബിൾ സ്മാർട്ട്ഫോൺ ആയ പിക്സൽ 9 പ്രോ ഫോൾഡ് മോഡലും വൻ ഡിസ്കൗണ്ടിൽ ബിഗ ബില്യൺ ഡേയ്സ് സെയിലിൽ വാങ്ങാൻ ലഭ്യമാണ്. 172999 രൂപ വിലയിലാണ് പിക്സൽ 9 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

ഇപ്പോൾ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ ഫോൺ ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്. എന്നാൽ എക്സ്ചേഞ്ച് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാലാകും ഈ വിലയിൽ ലഭ്യമാകുക. ഏറ്റവും പുതിയ ലിസ്റ്റിങ് പ്രകാരം 119999 രൂപ വിലയിലാണ് ഈ പിക്സൽ ഫോൺ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് ലോഞ്ച് വിലയെക്കാൾ 53,000 രൂപ വിലക്കുറവിലാണ് പിക്സൽ 9 പ്രോ ഫോൾഡ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്. അവ കൂടി പ്രയോജനപ്പെടുത്തുമ്പോൾ ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ ഈ പ്രീമിയം ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും എന്നതാണ് ഡീൽ.


Click it and Unblock the Notifications








