നീ തങ്കപ്പനല്ലടാ, പൊന്നപ്പനാടാ, പൊന്നപ്പൻ! പോക്കോയുടെ പുതിയ 5ജി ഫോൺ 14999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
തൊട്ടടുത്തുള്ള സ്റ്റോറുകളിൽ പോയി സ്മാർട്ട്ഫോൺ വാങ്ങുന്നതും ഓൺലൈനിൽ സ്മാർട്ട്ഫോൺ വാങ്ങുന്നതും സാധാരണമാണ്. മുതിർന്ന ആളുകൾ പലരും സ്റ്റോറിൽ പോയി നേരിട്ട് ഫോൺ കണ്ട്, അവിടുത്തെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് വിശദീകരിക്കുന്ന കാര്യങ്ങളൊക്കെ മനസിലാക്കി, സംശയങ്ങളൊക്കെ ചോദിച്ച്, വാറന്റിയും സർവീസുമൊക്കെ ഉറപ്പാക്കി, ഡിസ്കൗണ്ടൊക്കെ ചോദിച്ചുവാങ്ങിയാണ് ഫോൺ വാങ്ങുക.
അതേസമയം, യുവതലമുറ കൂടുതലും ഓൺലൈൻ പർച്ചേസിലാണ് താൽപര്യം പ്രകടിപ്പിക്കുക. ഫോണിനെപ്പറ്റി കാര്യങ്ങൾ സ്വയം മനസിലാക്കി തീരുമാനിച്ച് ഉറപ്പിച്ച ശേഷം ആമസോണിലോ, ഫ്ലിപ്പ്കാർട്ടിലോ എവിടെയാണ്, ആ ഫോൺ ഏറ്റവും വിലക്കുറവിൽ ലഭിക്കുകയെന്ന് മനസിലാക്കി ഓഡർ ചെയ്യുന്നു. ഇതിൽ ഏതാണ് ഏറ്റവും മികച്ച രീതി എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

ഓൺലൈനിൽ സ്മാർട്ട്ഫോൺ വാങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഫോണിന് പകരം ചിലപ്പോൾ വല്ല സോപ്പുകട്ടയോ, ഇഷ്ടികയോ ഒക്കെ കിട്ടിയേക്കും എന്നതാണ് ഓൺലൈനിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവരുടെ പ്രധാന പേടി. എന്നാൽ മികച്ച ഡിസ്കൗണ്ടും വിലക്കുറവും ലഭ്യമാകും എന്നതാണ് ഓൺലൈൻ പർച്ചേസിന്റെ നേട്ടം. ആമസോണും ഫ്ലിപ്പ്കാർട്ടുമാണ് ഇന്ത്യക്കാരുടെ പ്രധാന ഓൺലൈൻ ഷോപ്പിങ് കേന്ദ്രങ്ങൾ.
ഇന്ത്യയിലെ ഓൺലൈൻ സ്മാർട്ട്ഫോൺ കച്ചവടം മികച്ച രീതിയിൽ മുന്നേറുന്നുണ്ട്. ചില സ്മാർട്ട്ഫോണുകൾ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ എന്ന നിലപോലുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് മികച്ച ഫ്ലാറ്റ് ഡിസ്കൗണ്ടും അത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും സ്മാർട്ട്ഫോണുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറിയ തുകമാത്രം കൈയിൽവച്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ സഹായമാകാറുമുണ്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ പോക്കോ അടുത്തിടെ പുറത്തിറക്കിയ പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് പോക്കോ X6 നിയോ 5G (POCO X6 Neo 5G). ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 15000 രൂപ ബജറ്റിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.
പുതിയ സ്മാർട്ട്ഫോൺ എന്നതും, വിലക്കുറവിൽ ലഭ്യമാകും എന്നതും നൽകുന്ന വിലയ്ക്ക് മൂല്യം നൽകുന്ന ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ ഉണ്ട് എന്നതും പോക്കോ X6 നിയോ 5ജിയെ ആകർഷകമാക്കുന്നു. പോക്കോ X6 നിയോയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയാണ് വില. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയും.
എന്നാൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ ഈ സ്മാർട്ട്ഫോണിന്റെ പ്രാരംഭ മോഡൽ 14,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്‌സെറ്റ് കരുത്തുമായാണ് ഈ 5G സ്മാർട്ട്‌ഫോൺ എത്തുന്നത്.

120Hz റിഫ്രഷ് റേറ്റും 1,000 nits പീക്ക് ബ്രൈറ്റ്നസുമുള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് പോക്കോ എക്സ്6 നിയോയിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ൽ ആണ് പ്രവർത്തനം. എന്നാൽ, രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും നാല് വർഷത്തേക്ക് ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എക്സ്6 നിയോ 5ജി വാഗ്ദാനം ചെയ്യുന്നത്. 108എംപി മെയിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഇതിൽ അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായി ജോടിയാക്കിയ 5,000mAh ബാറ്ററിയും ഇതിലുണ്ട്.


Click it and Unblock the Notifications








