കേട്ടതിൽ ബാറ്ററി മാത്രം സത്യമാവരുതേ എന്ന് പ്രാർഥിച്ചോളൂ! ഗാലക്സി എസ്25 എഡ്ജിന്റെ വീഡിയോ ലീക്കായി
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ എസ് സീരീസായ ഗാലക്സി എസ്25 സീരീസ് കഴിഞ്ഞ മാസം ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ്, ഗാലക്സി എസ്25 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് അന്ന് ലോഞ്ച് ചെയ്തത്. ഇവയുടെ വിൽപ്പന ഇതിനകം ഇന്ത്യയിലുൾപ്പെടെ ആരംഭിക്കുകയും ചെയ്തു. ഇത്തവണ ഗാലക്സി എസ് സീരീസിൽ 4 മോഡലുകൾ ഉണ്ടാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്. ഇനി അവശേഷിക്കുന്ന ഒരു മോഡൽ ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസങ് ഗാലക്സി എസ്25 സീരീസിൽ ഇനി വരാനിരിക്കുന്ന ആ മോഡലിന്റെ പേര് സാംസങ് ഗാലക്സി എസ്25 എഡ്ജ് (Samsung Galaxy S25 Edge) എന്നായിരിക്കും. ഈ ഫോണിനെ ചുറ്റിപ്പറ്റി ഒരുപാട് ലീക്ക് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇതിന്റെ ഒരു ഹാൻഡ്-ഓൺ വീഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു.

സാംസങ് അതീവ രഹസ്യമായി നിർമിക്കുന്ന ഈ ഫോണിന്റെ വീഡിയോ പുറത്തുവന്നതോടെ വരാൻ പോകുന്ന മോഡലിന്റെ ഡിസൈൻ, ലുക്ക് എന്നിവയെപ്പറ്റി ഒരു ധാരണ ലഭ്യമായി. സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങൾ വരെ ഈ വീഡിയോയുടെ ഒപ്പം ടിപ്സ്റ്റർ പുറത്തുവിട്ടു. എന്നാൽ മിനിറ്റുകൾക്കകം ആ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
ഒരു മെക്സിക്കൻ യൂട്യൂബർ ആണ് ഗാലക്സി എസ്25 എഡ്ജിന്റെ വീഡിയോ പങ്കുവച്ചത്. അധികം വൈകാതെ യൂട്യൂബിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടെങ്കിലും ഈ ഫോണിനെ ചുറ്റിപ്പറ്റി കേട്ട വിവരങ്ങൾ പലതും ശരിയായിരുന്നു എന്ന് ആ വീഡിയോ സ്ഥിരീകരിക്കുന്നുണ്ട്. ഗാലക്സി എസ് 25 എഡ്ജിന്റെ സ്ലീക്ക് ഡിസൈൻ ആ ലീക്ക് വീഡിയോയിൽ വ്യക്തമായിരുന്നു.
പുറത്തുവന്ന ലീക്ക് വീഡിയോ പ്രകാരം എസ്25 എഡ്ജിൽ വൃത്താകൃതിയിലുള്ള കോണുകളും സിൽവർ ഫിനിഷും ഉള്ള ഒരു ഫ്ലാറ്റ് ഫ്രെയിം ഉണ്ട്. ഇതിലെ ഫ്രെയിം ടൈറ്റാനിയം കൊണ്ടാണോ അലൂമിനിയം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും പ്രീമിയം നിലവാരം ഉണ്ട് എന്ന് തോന്നുന്നു. വലതുവശത്ത്, രണ്ട് ബട്ടണുകളുണ്ട് - ഒന്ന് വോളിയം നിയന്ത്രണത്തിനും മറ്റൊന്ന് പവർ ചെയ്യുന്നതിനോ വോയ്‌സ് അസിസ്റ്റന്റ് സജീവമാക്കുന്നതിനോ ആകാമെന്ന് കരുതപ്പെടുന്നു.
വീഡിയോ നൽകുന്ന വിവരങ്ങൾ പ്രകാരം എസ്25 എഡ്ജിന്റെ റിയർ ക്യാമറ സിസ്റ്റം ഒരു കുത്തനെയുള്ള ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ ലംബമായി ക്രമീകരിച്ചിരിക്കുന്നു, ഡ്യുവൽ 12 മെഗാപിക്സൽ സെൻസറുകളും ഒരു എൽഇഡി ഫ്ലാഷും ഉൾക്കൊള്ളുന്നു. സെൽഫികൾക്കായി 12 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് ഗാലക്സി എസ് 25 മോഡലുകളേക്കാൾ സ്ലിം ആണ് ഗാലക്സി എസ്25 എഡ്ജ് എന്ന് പറയപ്പെടുന്നു. വീഡിയോ പുറത്തുവിട്ട യൂട്യൂബർ പറയുന്നത് ഈ ഫോണിന്റെ വലിപ്പം 5.6 എംഎം ആണ് എന്നാണ്. എസ്25 എഡ്ജിനെപ്പറ്റി കേട്ട വിവരങ്ങളിൽ സത്യമാകരുതേ എന്ന് ആരാധകർ പ്രാർഥിക്കുന്ന ഒരേയൊരു കാര്യം ബാറ്ററിയുമായി ബന്ധപ്പെട്ടുള്ളതാണ്.
4,000mAh ബാറ്ററിയാണ് ഗാലക്സി എസ്25 എഡ്ജിൽ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഗാലക്സി S25+ നുള്ളിലെ 4,900mAh ബാറ്ററിയേക്കാൾ വളരെ ചെറുതാണ്. സ്ലിം മോഡൽ ഇറക്കുന്നതിനായി സാംസങ് ബാറ്ററി ശേഷിയിൽ വീട്ടുവീഴ്ച ചെയ്തു എന്ന് വേണം കരുതാൻ. എന്നാൽ ഇപ്പോൾ വന്നിരിക്കുന്നത് ലീക്ക് റിപ്പോർട്ടുകൾ മാത്രമാണ് എന്നതിനാൽ ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. അതായത്, ഫോൺ ഇറങ്ങുമ്പോൾ ഇതിനെക്കാൾ മികച്ച ബാറ്ററി ശേഷി ഒരുപക്ഷേ ഇതിൽ ഉണ്ടായേക്കാം.
എസ്25 സീരീസിലെ ഫോണുകളെല്ലാം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് കരുത്തിലാണ് എത്തുന്നത്. ഗാലക്സി എസ്25 എഡ്ജിലും ഇതേ ചിപ്പ് തന്നെയാണ് എന്ന് ഉറപ്പിക്കാം. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ബ്ലൂടൂത്ത് 5.4 പിന്തുണയും ഇതിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഗാലക്സി എസ്25 എഡ്ജിന് AIDA64 ആപ്പിൽ 12-മെഗാപിക്സൽ റെസല്യൂഷനുകൾ മാത്രമേ പട്ടികപ്പെടുത്തിയിട്ടുള്ളൂ, എന്നാൽ ഇത് പൂർണ്ണ സെൻസർ കഴിവുകളെയല്ല, മറിച്ച് ഡിഫോൾട്ട് ഇമേജ്-സേവിംഗ് ക്രമീകരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽത്തന്നെ ഈ ഫോണിൽ 200-മെഗാപിക്സൽ പ്രൈമറി ക്യാമറയും 50-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും ഉണ്ട് എന്ന ലീക്ക് റിപ്പോർട്ടുകൾ സത്യമാകാൻ സാധ്യത നിലനിൽക്കുന്നു. കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവരും.
Image credit: @MaxJmb (Twitter/X)


Click it and Unblock the Notifications








