24 കാരറ്റ് സ്വര്‍ണത്തിളക്കവുമായ് ഐഫോണ്‍ 5 വിപണിയില്‍

Posted By: Super

കാശുണ്ടോ കൈയ്യില്‍ ? ഉപകരണങ്ങളോട് പ്രേമവുമുണ്ടോ? എങ്കില്‍ വിപണിയിലൊരുപാട് സാധനങ്ങളുണ്ട് വാങ്ങിക്കൂട്ടാന്‍. ഇനിയും ഒരുപാട് കാശ് ബാക്കിയുണ്ടെങ്കില്‍ സ്വര്‍ണം പൂശിയ ഫോണുകള്‍ വരെ വാങ്ങാം. സത്യമാണ് പറഞ്ഞത്.  ഗോള്‍ഡ്&കോ. 24 കാരറ്റ് സ്വര്‍ണം പൂശിയ  ഐഫോണ്‍ 5 പുറത്തിറക്കിയിരിക്കുന്നു. അതിധനിക ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രം.

സ്വര്‍ണം പൂശിയ ഐഫോണ്‍ 5 ഉം സാധാരണ ഐഫോണ്‍ 5 ഉം തമ്മില്‍ ഒരു വ്യത്യാസമേയുള്ളു, സ്വര്‍ണമണിഞ്ഞവന് തിളക്കവും എടുപ്പും കുറച്ച് അധികമായിരിക്കും.

മോഹവില കൊടുക്കേണ്ടി വരും സ്വര്‍ണമണിഞ്ഞ ഐഫോണ്‍ സുന്ദരിമാരെ സ്വന്തമാക്കാന്‍. റെഡ്മണ്ട് പൈയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സ്വര്‍ണ ഫോണിന് 4600 ഡോളര്‍ (ഏകദേശം 2,50,000 രൂപ) വിലയാകും.എന്നാല്‍ റോസ് ഗോള്‍ഡ് മോഡലിന് 5000 ഡോളര്‍ (ഏകദേശം 2,70,000 രൂപ) ആയിരിക്കും വില.

ഇതേ കമ്പനിയുടെ തന്നെ 64 ജി ബി ഐഫോണ്‍ 4sന്റെ സുവര്‍ണമോഡലിന് 4,300 ഡോളര്‍ (ഏകദേശം 2,30,000 രൂപ) ആണ് വില.

ലണ്ടന്‍ കമ്പനിയായ ഗോള്‍ഡ്&കോ. ഇതിന് മുമ്പും ഐഫോണുകളും ഐപാഡുകളുമടക്കം പല ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കും സ്വര്‍ണ ശോഭ നല്‍കിയിട്ടുണ്ട്.

ഇവര്‍ ഒരുക്കിയ സ്വര്‍ണ ഐഫോണിന്റെ വിവിധ ചിത്രങ്ങള്‍ ചുവടെയുള്ള ഗാലറിയില്‍ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot