വാങ്ങിയ തീയതി മുതൽ 3 വർഷത്തേക്ക് സുരക്ഷ; പിക്സൽ 9 പ്രോ റിപ്പയർ പ്രോഗ്രാമുമായി ഗൂഗിൾ
ഗൂഗിൾ തങ്ങളുടെ പിക്സൽ 9 പ്രോ മോഡലുകൾക്കായി പ്രത്യേക റിപ്പയർ പ്രോഗ്രാം പ്രഖ്യാപിച്ചു. "ഉപകരണത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാവുന്ന" പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് മോഡലുകൾക്കായിട്ട് പുതിയ റിപ്പയർ പ്രോഗ്രാമും പിക്സൽ 9 പ്രോ ഫോൾഡിനായി എക്സ്റ്റന്റഡ് വാറന്റി പ്രോഗ്രാമും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ഈ മോഡൽ ഉപയോഗിക്കുന്ന എല്ലാർക്കും ഈ പ്രോഗ്രാമുകളുടെ ആനുകൂല്യം ലഭിക്കും. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, ഗ്രീൻ ലൈൻ പ്രശ്നത്തിനാണ് റിപ്പയർ പ്രോഗ്രാം പിന്തുണ ലഭിക്കുക.
അതായത് ഗൂഗിൾ റിപ്പയർ പ്രോഗ്രാമിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾക്ക് യോഗ്യത നേടുന്നതിന്, ഉപയോക്താക്കൾക്ക് നിർദിഷ്ട മോഡൽ ഫോണിൽ "താഴെ നിന്ന് മുകളിലേക്ക് പോകുന്ന ഒരു ലംബ രേഖ അല്ലെങ്കിൽ മിന്നുന്ന ഡിസ്പ്ലേ ഉണ്ടായിരിക്കണം". ഇവിടെ സൂചിപ്പിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ഉപയോക്താവിന് അംഗീകൃത ഗൂഗിൾ വാക്ക്-ഇൻ സെന്ററുകൾ, സർവീസ് പാർട്നർ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാം.

അതല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്കായി ഓൺലൈൻ ഓപ്ഷനുകൾ ഉപയോഗിക്കാം. റിപ്പയർ പ്രോഗ്രാമിന് കീഴിൽ പിക്സൽ 9 പ്രോ അല്ലെങ്കിൽ പിക്സൽ 9 പ്രോ XL-ലെ ഡിസ്‌പ്ലേയാണ് ഗൂഗിൾ സൗജന്യമായി മാറ്റി നൽകുക. ഈ റിപ്പയറിന് 90 ദിവസത്തെ വാറന്റി ഉണ്ടായിരിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മറ്റ് വിധത്തിലുള്ള കേടുപാടുകൾക്ക് ഈ സൗജന്യ റിപ്പയർ ആനുകൂല്യം ഉപയോഗിക്കാനാകില്ല.
അതായത് "വിള്ളൽ വീണ ഡിസ്‌പ്ലേകൾ അല്ലെങ്കിൽ കവർ-ഗ്ലാസ്" അല്ലെങ്കിൽ "ലിക്വിഡ് ഇൻട്രൂഷൻ" പോലുള്ള കേടുപാടുകൾ സംഭവിച്ച ഡിവൈസുകൾ എന്നിവ ഗൂഗിൾ റിപ്പയർ പ്രോഗ്രാമിന് കീഴിൽ സൗജന്യമായി നന്നാക്കി ലഭിക്കില്ല. കമ്പനി പറയുന്നതനുസരിച്ച്, ഈ റിപ്പയർ പ്രോഗ്രാം യഥാർത്ഥ റീട്ടെയിൽ പർച്ചേസ് തീയതി മുതൽ മൂന്ന് വർഷത്തേക്ക് ആണ് നിർദിഷ്ട മോഡലുകൾക്ക് സൗജന്യ റിപ്പയർ വാഗ്ദാനം ചെയ്യുക.
പിക്സൽ 9 പ്രോ ഫോൾഡ് മോഡലിനായി സൗജന്യ റീപ്ലേസ്മെന്റ് ഓഫർ ആണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. "യഥാർത്ഥ റീട്ടെയിൽ പർച്ചേസ് തിയതി മുതൽ 3 വർഷത്തേക്ക്" ആണ് പിക്സൽ 9 പ്രോ ഫോൾഡിന് എക്സ്റ്റന്റഡ് വാറന്റി ലഭിക്കും. അതേസമയം ഉപയോക്താക്കൾ അവരുടെ ഫോണുകൾ നന്നാക്കാൻ അയയ്ക്കുന്നതിന് മുമ്പ് അവരുടെ ഡാറ്റ ബാക്കപ്പ് ചെയ്യാണമെന്ന് ഗൂഗിൾ നിർദേശിക്കുന്നു.
ഗൂഗിൾ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പിക്സ്ൽ 9 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്തത്. അവയുടെ പിൻഗാമിയായി ഇപ്പോൾ പിക്സൽ 10 സീരീസ് മോഡലുകൾ ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ ലഭ്യമാണ്. ആകെ നാല് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. അതിൽ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നീ മോഡലുകളും ഫോൾഡബിൾ സമാർട്ട്ഫോണായ പിക്സൽ 10 പ്രോ ഫോൾഡും ഉൾപ്പെടുന്നു.
ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,999 രൂപ വിലയിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. പിക്സൽ 10 പ്രോയുടെ സിംഗിൾ 256GB മോഡലിന് ഇന്ത്യയിൽ 1,09,999 രൂപയും പിക്സൽ 10 പ്രോ XL 256GB മോഡലിന് 1,24,999 രൂപയും 512GB മോഡലിന് 1,39,999 രൂപയും ആയിരുന്നു വില.
പിക്സൽ 10 പ്രോ ഫോൾഡിന്റെ 256GB മോഡലിന് 1,72,999 രൂപയാണ് ഇന്ത്യയിലെ വില. ഇപ്പോൾ ഈ പിക്സൽ 10 സീരീസ് ഫോണുകൾ ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ -കൊമേഴ്സ് വെബ്സൈറ്റുകളിൽ ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതം യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








