അപകടങ്ങളിൽ വാഹനയാത്രക്കാരുടെ ജീവൻ രക്ഷിക്കുന്ന ഗൂഗിൾ ഫീച്ചർ ഇന്ത്യയിലും; ആക്ടിവേറ്റ് ചെയ്യേണ്ട വിധം ഇതാ
ദിവസവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനാപകടങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. കേരളത്തിലും ദിവസേനയുള്ള അപകടങ്ങൾക്ക് ഒരു കുറവുമില്ല. ഇത്തരത്തിൽ അപകടങ്ങളിൽ പെടുന്നവരിൽ ഒരു വിഭാഗം ആളുകൾ തക്ക സമയത്ത് ചികിത്സ കിട്ടാതെയും മറ്റുമാണ് മരിക്കുന്നത്. ചിലരുടെ അവസ്ഥ വഷളാകാൻ കാരണമാകുന്നതും തക്ക സമയത്ത് ചികിത്സകിട്ടാത്തതാണ്.
ഇപ്പോൾ, വാഹനാപകടങ്ങളിൽപ്പെടുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന ഗൂഗിളിന്റെ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. 2019-ൽ, ആണ് ഗൂഗിൾ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ പ്രഖ്യാപിച്ചത്. എന്നാൽ പതിവ് പോലെ ഇത് യുഎസിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്.

എന്നാൽ ഇന്ന് മുതൽ ഗൂഗിളിന്റെ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ (Google car crash detection feature) ഇന്ത്യ, ഓസ്ട്രിയ, ബെൽജിയം, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും ലഭ്യമാകും. ഇന്ത്യയിൽ, ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഗൂഗിൾ ഫീച്ചർ ഇപ്പോൾ ലഭ്യമാകുക.
ഇന്ത്യയിൽ പിക്സൽ 4എ, പിക്സൽ 6എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7എ, പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളിലാണ് കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലഭ്യമാകുക. അതേസമയം മറ്റ് വിപണികളിലെ ഉപയോക്താക്കൾക്ക്, പിക്സൽ 4 എയിലും പിന്നീടുള്ള എല്ലാ മോഡലുകളിലും പിക്സൽ ഫോൾഡിലും ഈ ഫീച്ചർ ലഭ്യമാകും.

ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഇറ്റാലിയൻ, ജാപ്പനീസ് എന്നിവ ഉൾപ്പെടെ 11 ഭാഷകളിൽ മാത്രമേ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഇപ്പോൾ ആക്‌സസ് ചെയ്യാനാകൂ. ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ നിലവിൽ ലഭ്യമാകില്ല, എന്നാൽ ഇംഗ്ലീഷ് ഉപയോഗിച്ചുതന്നെ ഇത് അനായാസം പ്രവർത്തിപ്പിക്കാൻ സാധിക്കും.
എന്താണ് പിക്സൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ: ഒരു കാർ അപകടമുണ്ടായാൽ പ്രാഥമിക സഹായം എത്തിക്കുക എന്നതാണ് ഈ ഫീച്ചർ ലക്ഷ്യമിടുന്നത്. ഇതിനുള്ള വ്യക്തിഗത സുരക്ഷാ ഫീച്ചർ തിരഞ്ഞെടുത്ത പിക്സൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ഈ ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ ഫോണിന് ലൊക്കേഷൻ, ഫിസിക്കൽ ആക്ടിവിറ്റി, മൈക്രോഫോൺ അനുമതികൾ നൽകേണ്ടതുണ്ട്.
കൂടാതെ, ഫീച്ചർ ശരിയായി പ്രവർത്തിക്കുന്നതിന് ഫോണിൽ ഒരു സിമ്മും ഉണ്ടായിരിക്കണം. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്ത ഫോൺ ഉപയോഗിക്കുന്ന ഒരാൾ ഒരു കാർ/ മറ്റെന്തെങ്കിലും വാഹനത്തിൽ സഞ്ചരിക്കവേ അപകടം ഉണ്ടായാൽ ആക്സിലറോമീറ്റർ, ലൊക്കേഷൻ, മൈക്രോഫോണുകൾ എന്നിവ ഉപയോഗിച്ച് ക്രാഷ് കണ്ടെത്തും. തുടർന്ന് പിക്സൽ ഫോൺ സ്വയം പ്രാദേശിക എമർജൻസി സർവീസിലേക്ക് വിളിക്കും.
ഫോണിൽ സജ്ജമാക്കിയിരിക്കുന്ന അപകട സന്ദേശം എമർജൻസി സർവീസിലേക്ക് കൈമാറും. ഫോണിൽ മുൻകൂട്ടി സെറ്റ് ചെയ്തിരിക്കുന്ന നമ്പരുകളിലേക്കും എമർജൻസി സന്ദേശങ്ങൾ അയയ്ക്കും. അതുവഴി ഫോൺ ഉടമയുടെ പ്രിയപ്പെട്ടവർക്ക് വിവരം അറിയാൻ കഴിയും. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ, അപകടശേഷം ലോക്കായിരിക്കുമ്പോഴും ഫോൺ കൈകാര്യം ചെയ്യുന്ന ആർക്കും ലോക്ക് സ്‌ക്രീൻ സന്ദേശവും എമർജൻസി ഡീറ്റെയിൽസും കാണാൻ കഴിയും.
ഇന്ത്യയിൽ 112 എന്ന എമർജൻസി നമ്പരിലേക്കാണ് ഗൂഗിൾ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ പ്രകാരമുള്ള അടിയന്തര സന്ദേശം എത്തുക. അപകടശേഷം ഫോൺ സ്വയം എമർജൻസി നമ്പരിലേക്ക് കോൾ ചെയ്യുമ്പോൾ "എനിക്ക് കുഴപ്പമില്ല" എന്ന് പറയുന്ന ഒരു ഓപ്ഷൻ ഫോണിൽ കാണാൻ സാധിക്കും. അപകടത്തിൽ കാര്യമായ പരുക്കില്ലെങ്കിൽ ഉടമയ്ക്ക് ഇതുപയോഗിച്ച് കോൾ ക്യാൻസൽ ചെയ്യാവുന്നതാണ്.

എമർജൻസി ഡയൽ സ്റ്റോപ്പ് ചെയ്യാൻ 60 സെക്കൻഡ് സമയമാണ് ലഭിക്കുക. "എനിക്ക് കുഴപ്പമില്ല" എന്ന ഓപ്ഷൻ ടാപ്പുചെയ്യുമ്പോൾ, മൂന്ന് ഓപ്‌ഷനുകൾകൾ കാണും: "ക്രാഷ് ഇല്ല", "മൈനർ ക്രാഷ്", "കോൾ 112". എമർജൻസി ഡയൽ ഉപയോഗിച്ച് മുന്നോട്ട് പോകുകയും ആരോടും സംസാരിക്കാൻ കഴിയുകയും ചെയ്യുന്നില്ലെങ്കിൽ, മെഡിക്കൽ, ഫയർ, അല്ലെങ്കിൽ പോലീസ് സഹായം എന്നിവ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും.
ഫീച്ചറുകൾക്കായുള്ള ഗൂഗിൾ സപ്പോർട്ടിങ് പേജിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് കണ്ടെത്തിയത്. പിക്സൽ കാർ ഡിറ്റക്ഷൻ ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം: പിക്സൽ ഫോണുടമകൾ പഴ്സണൽ സേഫ്ടി ആപ്പിലേക്ക് പോകുക, അവിടെ ഫീച്ചറുകൾ എന്നതിൽ ടാപ് ചെയ്യുക. തുടർന്ന് "കാർ ക്രാഷ് ഡിറ്റക്ഷൻ" ഓപ്ഷനായി താഴേക്ക് സ്ക്രോൾ ചെയ്യുക.
ഈ ഫീച്ചർ ഡിഫോൾട്ടായി ഡിസേബിൾ ആയിരിക്കും. അതിൽ ടോഗിൾ ചെയ്യുമ്പോൾ ലൊക്കേഷൻ, മൈക്രോഫോൺ, ഫിസിക്കൽ ആക്ടിവിറ്റി എന്നിവ ആക്‌സസ് ചെയ്യുന്നതിനുള്ള അനുമതികളോടെ ഫീച്ചർ സജ്ജീകരിക്കാം. ഇവ പൂർത്തിയാക്കിയാൽ ഫോണിൽ ഈ ഫീച്ചർ ആക്ടിവേറ്റ് ആയിക്കഴിഞ്ഞു. ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറുമായി എത്തിയ ഐഫോൺ 14 ഫോണുകൾക്ക് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








