ഗൂഗിള്‍ ഗാലക്‌സി നെക്‌സസ് രജിസ്‌ട്രേഷന്‍ തുടങ്ങി

Posted By: Staff

ഗൂഗിള്‍ ഗാലക്‌സി നെക്‌സസ് രജിസ്‌ട്രേഷന്‍ തുടങ്ങി

ഐഫോണിന് ഒരു ഭീഷണി എന്നതാണ് ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഗൂഗിള്‍ ഗാലക്‌സി നെക്‌സസിന് പൊതുവെ ലഭിച്ചിട്ടുള്ള ഒരു പരിവേശം. ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യാന്‍ ഗൂഗിള്‍ തിരഞ്ഞെടുത്ത 18 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

ഈ മാസം അവസാനത്തോടെ ഗൂഗിള്‍ ഗാലക്‌സി നെക്‌സസിന്റെ ലോഞ്ചിംഗ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണായ ഐഫോണിന്റെ ആധിപത്യത്തിന് ഒരു യഥാര്‍ത്ഥ വെല്ലുവിളിയായി അമേരിക്ക, കാനഡ, തിരഞ്ഞെടുത്ത യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഗൂഗിള്‍ തല്‍ക്കാലം ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നത്.

ഇതിന്റെ ആദ്യ പടി എന്ന നിലയില്‍ ഈ 18 രാജ്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വെബ് പേജ് തുടങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ഈ വെബ് പേജുകളില്‍ നിന്നും ഗൂഗിള്‍ നെക്‌സസ് സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും, ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കൂടുതലാഗ്രഹിക്കുന്നവര്‍ക്കും വേണ്ട എല്ലാ വിവരങ്ങളും കൃത്യമായും വ്യക്തമായും ലഭിയ്ക്കും.

ഓസ്‌ത്രേലിയ, ബ്രസീല്‍, ഫ്രാന്‍സ്, ഹോങ്കോങ്, ജപ്പാന്‍, സിങ്കപ്പൂര്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ബ്രിട്ടന്‍, തായ് വാന്‍, തായ്‌ലന്റ്, നെതര്‍ലാന്റ്‌സ് എന്നിവയാണ് ഇന്ത്യയ്ക്കു പുറമെ ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ ഗാലക്‌സി നെക്‌സസ് ലഭ്യമാവുന്ന മറ്റു ചില രാജ്യങ്ങള്‍.

ഏറ്റവും പുതിയതും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഗൂഗിളിന്റെ തന്നെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്റ് വിച്ചില്‍ ആണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. കൂടെ 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടു കൂടിയാവുമ്പോള്‍ ഗൂഗിള്‍ ഗാലക്‌സി നെക്‌സസ് പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ വളരെ മുന്നിലാകും.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കും, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കും ഒരുപോലെ ഉപയോഗയോഗ്യമാകും വിധം ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഒരു ഓപറേറ്റിംഗ് സിസ്റ്റം ആണ് ഐസ് ക്രീം സാന്റ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റം.

നാലാം തലമുറ ടെലഫോണി സേവനം, 4.65 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ എന്നിവ ഈ പുതിയ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്.

എന്നാല്‍ ഇവയൊന്നും അല്ല ഗൂഗിള്‍ ഗാലക്‌സി നെക്‌സസിനെ വ്യത്യസ്തമാക്കുന്നത്. ഈ ഹാന്‍ഡ്‌സെറ്റ് അണ്‍ലോക്ക് ചെയ്യാന്‍ സാധാരണ പോലെ ഒരു പാസ്വേഡും ഓര്‍ത്തു കൊണ്ട് നടക്കേണ്ട. കാരണം, ഫോണിന്റെ ക്യാമറയിലേക്കൊന്നു നോക്കി ചിരിക്കുകയേ വേണ്ടൂ നിങ്ങളുടെ ഗൂഗിള്‍ ഗാലക്‌സി നെക്‌സസ് താനെ അണ്‍ലോക്ക് ആയിക്കോളും.

മറ്റൊരു എടുത്തു പറയേണ്ട ഒരു സവിശേഷത എന്നു പറയുന്നത്, വോയ്‌സ് ഇന്‍പുട്ട് കൊടുത്താല്‍ ഔട്ട്പുട്ട് ടെക്റ്റ് മോഡില്‍ ലഭിയ്ക്കും എന്നതാണ്. അതായത് ഇനി ടൈപ്പ് ചെയ്യേണ്ടിയും വരില്ല എന്ന്. ഇതിനു സമാനമായ ഒരു ഫീച്ചര്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണായ ഐഫോണ്‍ 4എസിനുമുണ്ട്.

ഏതായാലും ഇതുവരെ ഇത്രയ്ക്കു ശക്തമായ ഒരു മത്സരം ആപ്പിള്‍ ഐഫോണുകള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot