ആപ്പിളിൽ നിന്ന് ഗൂഗിൾ അടിച്ചുമാറ്റിയതാണെന്ന് കണ്ടാൽ പറയില്ല! പിക്സൽ 10 സീരീസിൽ പ്രത്യേക കോളിങ് ഫീച്ചർ
നല്ലത് കണ്ടാൽ അതിനെ അനുകരിക്കുക എന്നത് ഒരു മികച്ച കാര്യമാണ്, അതിനെ കോപ്പിയടിയായോ മോഷണമായോ കാണേണ്ടതില്ല. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ ഒരു ബ്രാൻഡ് പുറത്തിറക്കിയ ഒരു ഫീച്ചർ മറ്റൊരു ബ്രാൻഡ് തങ്ങളുടേതായ നിലയിൽ അവതരിപ്പിക്കുന്നത് ഒരിക്കലും കോപ്പിയടിയായി കാണാനാകില്ല. പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തിയാണ് പടിപടിയായുള്ള വളർച്ചകൾ സ്മാർട്ട്ഫോൺ രംഗത്ത് ഉണ്ടായിട്ടുള്ളത്. സെർച്ച് എൻജിൻ ഭീമനെന്ന നിലയിൽ മാത്രമല്ല, ഒരു വൻ ടെക്നോളജി കമ്പനി എന്ന നിലയിലും ഗൂഗിൾ അതി ശക്തനാണ്. ആ ഗൂഗിൾ തങ്ങളുടെ പിക്സൽ സ്മാർട്ട്ഫോൺ നിരയിലേക്ക് അടുത്ത സീരീസിനെ അവതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പിക്സൽ 9 സീരീസിന്റെ പിൻഗാമിയായി ഇക്കൊല്ലം പിക്സൽ 10 സീരീസ് ആണ് എത്താൻ പോകുന്നത്. പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നിങ്ങനെ നാല് മോഡലുകളാണ് പുതിയ സീരീസിലും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിക്സൽ 10 സീരീസിലെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള പല റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിൽ വന്ന റിപ്പോർട്ടുകളിലൊന്ന് പിക്സൽ 10 സീരീസിൽ എക്സ്ക്ലൂസീവായി ലഭ്യമാകുന്ന ഒരു ഫീച്ചറിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നു. കോൾ മെസേജ് (Call Message) ഫീച്ചർ എന്ന് ഇതിനെ വിളിക്കാം. ആൻഡ്രോയിഡ് അതോറിറ്റിയാണ് ഇത്തരമൊരു ഫീച്ചർ പിക്സൽ 10 സീരീസ് എക്സ്ക്ലൂസീവായി അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനകം തന്നെ ഗൂഗിൾ എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിരവധി ഫീച്ചറുകൾ കോളിങ്ങുമായി ബന്ധപ്പെട്ടുകൊണ്ട് തങ്ങളുടെ ഫോണുകളിൽ ഒരുക്കിയിട്ടുണ്ട്. കോൾ സ്ക്രീനിങ്, ഡയറക്ട് മൈ കോൾ, ഹോൾഡ് ഫോർ മീ, കോൾ നോട്ട്സ് എന്നിവയെല്ലാം അതിൽപ്പെടുന്നു. ഈ നിരയിലേക്ക് പുതിയതായി എത്തുന്ന ഫീച്ചറാണ് കോൾ മെസേജ് ഫീച്ചർ.
പൂർണ്ണമായും ഇന്റർനെറ്റ് ആവശ്യമില്ലാതെ തന്നെ പ്രവർത്തിക്കുന്ന ഒരു എഐ പിന്തുണയുള്ള വോയ്‌സ്‌മെയിൽ സിസ്റ്റം എന്ന് കോൾ മെസേജ് ഫീച്ചറിനെ വിശേഷിപ്പിക്കാം. എടുക്കാൻ കഴിയാതെ പോയ കോളുകൾ, അല്ലെങ്കിൽ ഒഴിവാക്കിയ കോളുകൾ എന്നിവയിൽ നിന്ന് മെസേജ് സ്വീകരിക്കാൻ ഈ ഫീച്ചർ ഗൂഗിൾ പിക്സൽ 10 സീരീസ് ഉപയോക്താക്കളെ സഹായിക്കും.
വരുന്ന കോളുകളിൽ സ്പാം കോളുകൾ ഉണ്ടെങ്കിൽ അവയെ ഫിൽട്ടർ ചെയ്ത് ഒഴിവാക്കാനും മറ്റ് കോളുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാനും കോളുകൾ ലൈവായി തന്നെ സംഗ്രഹിക്കാനുമെല്ലാം പുതിയ പിക്സൽ ഫോണുകളിൽ സാധിക്കും. അറ്റൻഡ് ചെയ്യാൻ കഴിയാതെ പോയ കോളുകളുടെ ഉപയോക്താക്കളോട് മെസേജ് അയയ്ക്കാൻ ഈ ഫീച്ചർ ആവശ്യപ്പെടും. തുടർന്ന് ഫോണിലെ AI ഉപയോഗിച്ച് ആ മെസേജ് ട്രാൻസ്‌ക്രൈബ് ചെയ്യപ്പെടുന്നു.
ഫോണിൽ ഇന്റർനെറ്റ് ലഭ്യമല്ല എങ്കിൽപ്പോലും ഈ ഫീച്ചർ പ്രവർത്തിക്കും. എന്നാൽ, ഫോൺ ഓഫായിരിക്കുകയോ നെറ്റ്‌വർക്ക് ഏരിയയ്ക്ക് പുറത്തോ ആണെങ്കിൽ, കോൾ മെസേജ് ഫീച്ചർ പ്രവർത്തിക്കില്ല. സ്‌ക്രീൻ വഴിയോ, കണക്റ്റുചെയ്‌ത വെയർ ഒഎസ് വാച്ചിൽ നിന്നോ കോൾ കട്ട് ആക്കിയാലും ഈ ഫീച്ചർ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. ബീസ്ലി (Beesly) എന്നാണ് ഗൂഗിളിൽ ഈ ഫീച്ചറിന്റെ കോഡ് നെയിം എന്നും ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു.

ഗൂഗിൾ പിക്സൽ 10 സീരീസിൽ എക്സ്ക്ലൂസീവായി ഈ ഫീച്ചർ അവതരിപ്പിക്കും. പിന്നീടാകും മറ്റ് പിക്സൽ ഫോണുകളിലേക്ക് ഈ ഫീച്ചർ ലഭ്യമാക്കുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഗൂഗിൾ കൊണ്ടുവരുന്ന ഈ കോൾ മെസേജ് ഫീച്ചർ എവിടെയോ കേട്ട് പരിചയമുണ്ട് എന്ന് തോന്നിയാൽ അത് വെറും തോന്നലല്ല, ആപ്പിളിന്റെ ലൈവ് വോയ്‌സ്‌മെയിൽ ഫീച്ചറിനോട് ഇതിന് സാമ്യമുണ്ട്. കൂടുതൽ ഡീറ്റെയിൽസ് പിക്സൽ 10 സീരീസ് ലോഞ്ചിൽ ഗൂഗിൾ വെളിപ്പെടുത്തും.


Click it and Unblock the Notifications








