പിക്‌സൽ ആരാധകരെ ഒരു നിമിഷം! കാത്തിരിക്കാൻ തയ്യാറെങ്കിൽ നിങ്ങൾക്ക് കിട്ടും ജഗജില്ലി ഫോൺ
ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 9 സീരീസ് പുറത്തിറക്കിയതിന് ശേഷം കമ്പനി അതിന്റെ പിൻഗാമിയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ സാധാരണ സ്മാർട്ട് ഫോണിൽ നിന്ന് മാറി ഫോൾഡബിൾ ഫോൺ പുറത്തിറക്കാനും ഗൂഗിൾ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ഗൂഗിൾ പിക്സൽ 10 സീരീസ് ഈ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ആദ്യ റെൻഡറുകൾ പുറത്തുവന്നിട്ടുണ്ട്. ആഗസ്റ്റിൽ നടക്കുന്ന മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ പിക്സൽ 10 ലൈനപ്പിന്റെ ബാക്കി പതിപ്പുകൾക്കൊപ്പം പിക്സൽ 10 പ്രോ ഫോൾഡും ഗൂഗിൾ അനാച്ഛാദനം ചെയ്യുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ഒരുപക്ഷെ പിക്സൽ 9 സീരീസിൽ ഗൂഗിൾ ചെയ്തതുപോലെ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നിവയുടെ ലോഞ്ച് ഒരുമിച്ച് ഉണ്ടാവാനാണ് സാധ്യത. ഇതിനോടകം ഗൂഗിൾ പിക്‌സൽ 10 പ്രോ ഫോൾഡിന്റെ പുതിയ റെൻഡറുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് വഴി പങ്കിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷത്തെ പിക്‌സൽ 9 പ്രോ ഫോൾഡിൽ നിന്ന് ഡിസൈൻ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ്. ക്യാമറ മൊഡ്യൂൾ ഏകദേശം ഒരേ വലുപ്പത്തിലുള്ളതായി തോന്നുന്നു, അതായത് ഗൂഗിൾ അതേ സെൻസറുകൾ നിലനിർത്തുന്നുണ്ടെന്നോ അല്ലെങ്കിൽ കുറഞ്ഞത് സമാനമായ അളവുകളുള്ളവ ഉപയോഗിക്കുന്നുണ്ടെന്നോ അർത്ഥമാക്കാം.
റാങ്കോ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പിക്‌സൽ 10 പ്രോ ഫോൾഡ്, ടിഎസ്എംസി നിർമ്മിക്കുന്ന ഗൂഗിളിന്റെ വരാനിരിക്കുന്ന ടെൻസർ ജി5 ചിപ്‌സെറ്റ് നൽകുന്നതായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കാം. മീഡിയടെക് ടി900 മോഡം പായ്ക്ക് ചെയ്ത് ആൻഡ്രോയിഡ് 16 ഒഎസിൽ പ്രവർത്തിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഒറ്റനോട്ടത്തിൽ പിക്സൽ 10 പ്രോ ഫോൾഡ് അതിന്റെ മുൻഗാമി പിക്സൽ 9 പ്രോ ഫോൾഡിന് ഏതാണ്ട് കാഴ്ചയിൽ സമാനമാണ്. എന്നിരുന്നാലും ഫോൺ മുമ്പത്തേതിനേക്കാൾ അല്പം കനംകുറഞ്ഞിരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. പിക്സൽ 10 പ്രോ ഫോൾഡിന് ഏകദേശം 155.2 x 150.4 x 5.3mm വലിപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ മോഡലിൽ നിന്ന് ഇത് അൽപ്പം വ്യത്യസ്തമാണ്. പക്ഷേ മാറ്റങ്ങൾ വളരെ കുറവാണ്, മൊത്തത്തിലുള്ള വലുപ്പം ഏതാണ്ട് പിക്സൽ 9 പ്രോ ഫോൾഡിന് സമാനമാവാനാണ് സാധ്യത.

സ്മാർട്ട്‌ഫോൺ ഉപയോഗം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണെന്ന് എന്ന് വിളിച്ചറിയിച്ച് എത്തുന്ന ഹാൻഡ്‌സെറ്റുകളാണ് ഗൂഗിൾ പിക്‌സൽ 10 സീരിസിലുണ്ടാവുകയെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. ഈ സീരിസിൽ കൊണ്ടുവരേണ്ട ഫീച്ചറുകളെക്കുറിച്ച് ഗൂഗിൾ എഞ്ചിനിയർമാർ നല്ല ഗൃഹപാഠം ചെയ്തിരുന്നു എന്നു തോന്നലും ഉണ്ടാക്കുന്നുണ്ട്. പിക്‌സൽ സ്റ്റുഡിയോ, ജെമിനൈ ലൈവ്, എൻഹാൻസ്ഡ് മാജിക് ഇറെയ്‌സർ തുടങ്ങി പലതും പുതിയ സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ഇഷ്ടപ്പെട്ടേക്കും.
ഏറ്റവും മികച്ച നിർമ്മിത ബുദ്ധി (എഐ) അനുഭവം പകർന്നു നൽകാൻ ഗൂഗിൾ എത്തുന്ന കാഴ്ചയാണ് ജെമിനി ലൈവ് നൽകുന്നത്. എഐയുടെ കാര്യത്തിൽ ഇപ്പോൾ കമ്പനികൾ തമ്മിൽ നടക്കുന്ന യുദ്ധത്തിൽ പരാജയപ്പെട്ടാൽഅത് തങ്ങളെ പിന്നോട്ടടിക്കും എന്ന് ഗൂഗിളിന് വ്യക്തമായി അറിയാം. പിക്‌സൽ ഫോൺ ഉടമകൾക്ക് സംസാരം വഴി എഐയുമായി ഇടപെടാനുള്ള അവസരമാണ് ജെമിനു ലൈവിൽ ഗൂഗിൾ നൽകുന്നത്.
ഗൂഗിളിന്റെ ജനറേറ്റിവ് എഐയുടെ ഏറ്റവും ശക്തിയേറിയ പതിപ്പായിരിക്കും പിക്സൽ 10 സീരീസിലുണ്ടാവുക.ഇതിലൂടെ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരവും ലഭിക്കും. അതായത്, ഒരു പേഴ്‌സണൽ അസിസ്റ്റന്റ് (പിഎ) എപ്പോഴും ഒപ്പമുള്ളതു പോലത്തെ അനുഭവം നൽകും.


Click it and Unblock the Notifications








