ആരാധകരെ ഞെട്ടിച്ച് ഗൂഗിൾ! നേരമൊന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും അതാ പിക്സൽ 8a ഇന്ത്യയിൽ
സ്മാർട്ട്ഫോൺ പ്രേമികളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഗൂഗിളിന്റെ പിക്സൽ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ഗൂഗിൾ പിക്സൽ 8എ (Google Pixel 8a) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ലോഞ്ച് സംബന്ധിച്ച യാതൊരു സൂചനയും നൽകാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ സ്മാർട്ട്ഫോൺ ഗൂഗിൾ ലോഞ്ച് ചെയ്തിരിക്കുന്നത്.
ഗൂഗിൾ പിക്സൽ 8എ എന്നൊരു സ്മാർട്ട്ഫോൺ പുറത്തിറക്കാൻ തയാറെടുക്കുന്നതായി ഏറെ നാളായി എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഈ വിവരം പുറത്തായത് മുതൽ എപ്പോഴാണ് ഈ ഫോൺ കൈയിലേക്ക് കിട്ടുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു സ്മാർട്ട്ഫോൺ ആരാധകർ. അങ്ങനെയിരിക്കെയാണ് ഗൂഗിളിന്റെ I/O ഇവന്റ് 2024 മേയ് 14ന് നിശ്ചയിച്ചത്.

അതിനാൽ മേയ് 14 ന് ഗൂഗിൾ ഇവന്റിൽ പിക്സൽ 8എ അവതരിപ്പിക്കപ്പെടും എന്നാണ് സ്മാർട്ട്ഫോൺ വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ടിപ്സ്റ്റർമാരെയും ഗൂഗിൾ പിക്സൽ ഫോൺ ആരാധകരെയും സ്മാർട്ട്ഫോൺ വിപണിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സർപ്രൈസായി മേയ് 7ന് രാത്രിയിൽ ഗൂഗിൾ പിക്സൽ 8എ അവതരിപ്പിക്കുകയായിരുന്നു.
മുൻഗാമിയായ പിക്സൽ 7എ മോഡലിനെക്കാൾ വമ്പൻ മാറ്റങ്ങളുമായാണ് പിക്സൽ 8എ എത്തിയിരിക്കുന്നത്. വിലയും അതിനനുസരിച്ച് ചെറുതായി വർധിച്ചിട്ടുണ്ട് എന്നുമാത്രം. ബിൽറ്റ്-ഇൻ ജെമിനി എഐ അസിസ്റ്റൻ്റും ഗൂഗിളിൻ്റെ ടെൻസർ ജി3 ചിപ്‌സെറ്റും ആണ് പിക്സൽ 8എയുടെ പ്രധാന ഹൈലൈറ്റുകൾ. അലോ, ബേ, ഒബ്‌സിഡിയൻ, പോർസലൈൻ എന്നിങ്ങനെ നാല് നിറങ്ങളിൽ പിക്സൽ 8 എ ലഭ്യമാണ്.
ഗൂഗിൾ പിക്സൽ 8എയുടെ പ്രധാന ഫീച്ചറുകൾ: 6.1 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ OLED HDR ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റും, 2000 വരെ നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇതിനുണ്ട്.
ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി3 പ്രോസസർ ആണ് പിക്സൽ 8എയുടെ കരുത്ത്. ഇതിന് പിന്തുണ നൽകാനായി 8 GB LPDDR5x റാം ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.
ആൻഡ്രോയിഡ് 14 ഒഎസിൽ എത്തുന്ന ഈ ഗൂഗിൾ ഫോൺ 7 വർഷത്തെ ഒഎസ്, സുരക്ഷ, ഫീച്ചർ ഡ്രോപ്പ് അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഗൂഗിളിൻ്റെ ബിൽറ്റ്-ഇൻ AI അസിസ്റ്റൻ്റായ ജെമിനിയും ഇതിലുണ്ട്. ടൈപ്പ് ചെയ്യാനും സംസാരിക്കാനും ചിത്രങ്ങൾ സൃഷ്ടിക്കാനുമൊക്കെ ഇതിലെ എഐ ഫീച്ചറുകൾ സഹായിക്കും.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗൂഗിൾ പിക്സൽ 8എയിൽ ഉള്ളത്. 64 മെഗാപിക്സൽ മെയിൻ ലെൻസും 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും അടങ്ങുന്നതാണ് ഈ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ വലിയ ഫീൽഡ്-വ്യൂ ഉള്ള 13 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.
ഗൂഗിൾ പിക്സൽ 8എയിലെ ഫ്രണ്ട്, റിയർ ക്യാമറകൾ 4 കെ വീഡിയോ റെക്കോർഡിങ് പിന്തുണയോടെയാണ് എത്തുന്നത്. മികച്ച ഷോട്ടുകൾ ലഭിക്കാൻ സഹായിക്കുന്ന ചില AI സവിശേഷതകളും ക്യാമറയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + ഇസിം), വെള്ളവും പൊടിയും പ്രതിരോധിക്കുന്ന IP67 റേറ്റിങ് എന്നിവയും പിക്സൽ 8എ വാഗ്ദാനം ചെയ്യുന്നു.
യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ എന്നിവയും 5G SA/NA, 4G VoLTE, വൈഫൈ 6E 802.11 ax (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, GLONASS, ഗലീലിയോ, NavIC, യുഎസ്ബി ടൈപ്പ്-സി 3.2, തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്.
18W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് പിന്തുണകളോടെ 4492mAh ബാറ്ററിയാണ് പിക്സൽ 8എ അവതരിപ്പിക്കുന്നത്. റീട്ടെയിൽ ബോക്സിൽ ഒരു ചാർജർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ മുൻഗാമിയായ പിക്സൽ 7എയെക്കാൾ നേരിയ മികവ് പിക്സൽ 8എയ്ക്കാണ്. പിക്സൽ 7എയിൽ 4385mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.

വിലയും ലഭ്യതയും: പിക്സൽ 8എ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പിക്സൽ 8എയുടെ 128ജിബി വേരിയന്റിന് 52,999 (എംആർപി) രൂപയും 256ജിബി വേരിയന്റിന് 59,999 രൂപയും (എംആർപി) ആണ് വില. മെയ് 14-ന് ഇന്ത്യൻ സമയം 6:30 AM-ന് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
പിക്സൽ 7എ ഇന്ത്യയിൽ 43,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാൽ ഫീച്ചറുകൾ മികച്ചത് ആയതിനാൽ തന്നെ പിക്സൽ 8എയ്ക്ക് വില അൽപ്പം കൂടിയിരിക്കുന്നു. എങ്കിലും 52,999 രൂപ വിലയുള്ള പിക്സൽ 8എയുടെ അടിസ്ഥാന മോഡൽ വിലക്കുറവിൽ സ്വന്തമാക്കാൻ വഴിയുണ്ട്. ഇപ്പോൾ പിക്സൽ 8എ ഫ്ലിപ്പ്കാർട്ടിൽ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും.
പ്രീ ഓഡർ ചെയ്യുന്നവർക്ക് ബാങ്ക് ഓഫറായി 4,000, രൂപ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 9,000 രൂപവരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതിലൂടെ പിക്സൽ 8എയുടെ വില 40000 രൂപയിൽ താഴേക്ക് എത്തിക്കാനാകും. പ്രീ-ഓർഡർ കാലയളവിൽ Pixel 8a വാങ്ങുകയാണെങ്കിൽ 999 രൂപയ്ക്ക് Pixel Buds A-Series വാങ്ങാനും കഴിയും.


Click it and Unblock the Notifications