'അനിയൻ' വന്നത് നന്നായി! പിക്സൽ 10 പ്രോ ഫോൾഡ് വന്നതിന് പിന്നാലെ 9 പ്രോ ഫോൾഡിന് വിലക്കുറവ്
ഗൂഗിൾ തങ്ങളുടെ പിക്സൽ സീരീസിലേക്ക് പുതിയതായി പിക്സൽ 10 മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ്. പിക്സൽ 10 (Pixel 10), പിക്സൽ 10 പ്രോ (Pixel 10 Pro), പിക്സൽ 10 പ്രോ XL (Pixel 10 Pro XL), പിക്സൽ 10 പ്രോ ഫോൾഡ് (Pixel 10 Pro Fold) എന്നിങ്ങനെ നാല് മോഡലുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഈ പുതിയ മോഡലുകൾ പുറത്തിറങ്ങിയതിന് പിന്നാലെ നിലവിലുള്ള പിക്സൽ 9 സീരീസിലെ പല മോഡലുകൾക്ക് വില കുറഞ്ഞിരിക്കുകയാണ്. അതിൽ പിക്സൽ 9 പ്രോ ഫോൾഡിന്റെ (Pixel 9 Pro Fold) വിലക്കുറവ് ശ്രദ്ധേയമാണ്.
പുതിയ വില
കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പിക്സൽ 9 പ്രോ ഫോൾഡിന്റെ സിംഗിൾ വേരിയന്റിന് 1,72,999 രൂപയായിരുന്നു. എന്നാൽ പുതിയ പിക്സൽ 10 സീരീസ് എത്തിയതിന് പിന്നാലെ മുൻ മോഡലിന്റെ വില വളരെയധികം കുറഞ്ഞു. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 1,29,999 രൂപ വിലയിലാണ് പിക്സൽ 9 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വേണമെങ്കിൽ പരിഗണിക്കാം
43,000 രൂപയുടെ വിലക്കുറവാണ് പിക്സൽ 9 പ്രോ ഫോൾഡ് മോഡലിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പുതിയ ഗൂഗിൾ ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ 256GB മോഡലിന് ഇന്ത്യയിൽ 1,72,999 രൂപ വിലയുണ്ട്. ഇത്രയും തുക മുടക്കാൻ കഴിയാത്തവർക്ക് വേണമെങ്കിൽ വൻ വിലക്കുറവിൽ ലഭ്യമാകുന്ന പിക്സൽ 9 പ്രോ ഫോൾഡ് പരിഗണിക്കാവുന്നതാണ്.
ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിന്റെ പ്രധാന ഫീച്ചറുകൾ
120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 2K (2152×2076) റെസല്യൂഷനോടുകൂടിയ 8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, കവർ ഡിസ്പ്ലേയിൽ FHD+ (2424×1080) റെസല്യൂഷനോടുകൂടിയ 6.3-ഇഞ്ച് OLED കവർ സ്‌ക്രീൻ, ടൈറ്റൻ എം2 സെക്യൂരിറ്റി കോ-പ്രോസസറുമായി ജോടിയാക്കിയ ടെൻസർ G4 ചിപ്സെറ്റ്, 16ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

48എംപി പ്രൈമറി സെൻസർ, 10.5എംപി അൾട്രാവൈഡ് ലെൻസ്, 5x ഒപ്റ്റിക്കൽ, 20x സൂപ്പർ റെസ് സൂം പിന്തുണയുള്ള 10.8എംപി ടെലിഫോട്ടോ സൂം ലെൻസ് എന്നിവയും 10എംപി, (ഇന്നർ ഡിസ്‌പ്ലേ) 10എംപി ഫ്രണ്ട് ക്യാമറകളും ഇതിലുണ്ട്. 45W വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 4,650mAh ബാറ്ററിയാണ് പിക്സൽ 9 പ്രോ ഫോൾഡിൽ ഉള്ളത്.
നിലവിലുള്ള ഫോൾഡബിൾ ഫോണുകൾക്കിടയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയും വിധത്തിൽ നിരവധി മികച്ച ഫീച്ചറുകളോടെയാണ് പിക്സൽ 9 പ്രോ ഫോൾഡ് എത്തിയത്. ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണ ഈ സ്മാർട്ട്ഫോണിന് ഏറെ മുൻതൂക്കം നൽകുന്നുണ്ട്. നല്ലൊരു ഫോൾഡബിൾ സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
പുതിയ പിക്സൽ 10 സീരീസ് മോഡലുകളുടെ വില
ഗൂഗിൾ പിക്സൽ 10ന്റെ 256GB മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് വില. ഗൂഗിൾ പിക്സൽ 10 പ്രോയുടെ സിംഗിൾ 256GB മോഡലിന് ഇന്ത്യയിൽ 1,09,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ഗൂഗിൾ പിക്സൽ 10 പ്രോ XL വില ഇന്ത്യയിൽ 256GB മോഡലിന് 1,24,999 രൂപയും 512GB മോഡലിന് 1,39,999 രൂപയുമാണ്.

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ 256GB മോഡലിന് ഇന്ത്യയിൽ 1,72,999 രൂപയാണ് വില, ഇത് മൂൺസ്റ്റോൺ നിറത്തിൽ മാത്രമേ ലഭ്യമാകൂ. 2025 ഒക്ടോബറിൽ ഇത് ഇന്ത്യയിലും ആഗോള വിപണികളിലും ലഭ്യമാകും. പിക്സൽ 10 സീരീസിനുള്ള പിക്സൽസ്നാപ്പ് കേസിന് 4,900 രൂപയും, പിക്സൽസ്നാപ്പ് ചാർജറിന് 4500 രൂപയും, പിക്സൽസ്നാപ്പ് ചാർജർ വിത്ത് സ്റ്റാൻഡിന് 6,939 രൂപയും, പിക്സൽസ്നാപ്പ് റിംഗ് സ്റ്റാൻഡിന് 2,979 രൂപയുമാണ് വില.


Click it and Unblock the Notifications








