രണ്ട് അണ്ണന്മാരും സൈഡിലോട്ട് നില്ല്, ഇനി ഞാൻ ഇറങ്ങട്ടെ! സാംസങ്ങിനെയും ആപ്പിളിനെയും ഒതുക്കാൻ പിക്സൽ 9 പ്രോ
പിക്സൽ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം, ജെമിനി എഐ ഫീച്ചറുകളുടെ അകമ്പടിയോടെ സ്മാർട്ട്ഫോൺ ലോകത്തേക്ക് കടന്നുവന്ന പിക്സൽ 9 സീരീസിലെ ജനപ്രിയ മോഡൽ പിക്സൽ 9 പ്രോ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നു. ഒക്ടോബർ 17 മുതൽ പിക്സൽ 9 പ്രോ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ പിക്സൽ 9 പ്രോയുടെ 16GB + 256GB മോഡലിന്റെ വില 1,09,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറുകൾ ലഭ്യമാകുന്നതിനാൽ പരിമിത കാലത്തേക്ക് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ പ്രോ മോഡൽ വാങ്ങാൻ അവസരമുണ്ട്.
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസിലെ മോഡലുകളെയും സാംസങ്ങിന്റെ ഗാലക്സി എസ്24 അൾട്രയെയും വെല്ലുവിളിച്ചുകൊണ്ടാണ് പിക്സൽ 9 പ്രോ എത്തുന്നത്. സാംസങ്ങിന്റെയും ആപ്പിളിന്റെയും പ്രീമിയം ഫോണുകളിലെ ഫീച്ചറുകളോട് കിടപിടിക്കുന്ന ഫീച്ചറുകൾ ഈ പിക്സൽ 9 പ്രോയിൽ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ വർഷം ഓഗസ്റ്റിൽ ആണ് പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്തത്. ഇതോടൊപ്പം ലോഞ്ച് ചെയ്യപ്പെട്ട പിക്സൽ 9, പിക്സൽ 9 പ്രോ എക്സ്എൽ എന്നിവ ഇതിനകം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു. പിക്സൽ 9 പ്രോ സെപ്റ്റംബറിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്, എന്നാൽ അതുണ്ടായില്ല. ഇപ്പോൾ ഇതിന്റെ ഓപ്പൺ സെയിൽ തിയതി കമ്പനി പ്രഖ്യാപിച്ചതോടെ ആരാധകർ സന്തുഷ്ടരാണ്.
ഈ വർഷം തുടക്കത്തിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആയതിനാൽ ഗാലക്സി എസ്24 അൾട്രയുടെ ആവേശം കുറഞ്ഞു. അതേപോലെ ഐഫോൺ 16 സീരീസും വിൽപ്പന ആരംഭിച്ച് കുറച്ചുനാളായിരിക്കുന്നു. ഇപ്പോൾ പ്രധാന എതിരാളികൾ ശക്തി ക്ഷയിച്ച് നിൽക്കുന്ന അവസരത്തിലാണ് ഗൂഗിൾ പിക്സൽ 9 പ്രോ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഗൂഗിൾ പിക്സൽ 9 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.3 ഇഞ്ച് (1280 x 2856 പിക്സലുകൾ) 1.5K LTPO AMOLED ഡിസ്പ്ലേ, 1-120 Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ ആണ് പിക്സൽ 9 പ്രോയുടെ കരുത്ത്. ഇതോടൊപ്പം ഇതിൽ 16GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 7 വർഷത്തെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ഗൂഗിൾ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
ക്യാമറകളുടെ കാര്യമെടുത്താൽ ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ പ്രോ മോഡലിൽ ഗൂഗിൾ നൽകിയിട്ടുണ്ട്. അതിൽ 1/1.31″ സാംസങ് GNK സെൻസറോട് കൂടിയ 50എംപി പ്രൈമറി ക്യാമ, സാംസങ് GN2 സെൻസറോടുകൂടിയ 48എംപി അൾട്രാ വൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 48എംപി ടെലിഫോട്ടോ ക്യാമറ ( 1/2.51″ സോണി IMX858 സെൻസർ) എന്നിവ ഉൾപ്പെടുന്നു.

ഏറ്റവും മികച്ച എല്ലാ പുതിയ ക്യാമറ ഫീച്ചറുകളും എഐ പിന്തുണയും ഇതിലെ ക്യാമറ യൂണിറ്റിന് ലഭ്യമാക്കിയിട്ടുണ്ട്. 42MP 103°ഫ്രണ്ട് ക്യാമറയാണ് പിക്സൽ 9 പ്രോയിൽ ഉള്ളത്. അത് 1/2.51″ സോണി IMX858 സെൻസർ, ഓട്ടോഫോക്കസ്, f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോഡിങ് ഫീച്ചറുകളും ഫെയ്സ് അൺലേക്കുമായി എത്തുന്നു.
അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ടെമ്പറേച്ചർ സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NA, 4G VoLTE, Wi-Fi 7 802.11be (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, USB ടൈപ്പ് C 3.2, NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
27W വയർഡ് ഫാസ്റ്റ് ചാർജിംഗ് ഉള്ള 4700mAh ബാറ്ററി, 21W വയർലെസ് ചാർജിങ് ഫീച്ചറുകൾ സഹിതമാണ് ഈ ഗൂഗിൾ പ്രീമിയം ഫോൺ എത്തുന്നത്. 152.8x 72x 8.5mm വലിപ്പവും 199g ഭാരവും പിക്സൽ 9 പ്രോയ്ക്കുണ്ട്. ഹേസൽ, റോസ് ക്വാർട്സ്, ഒബ്സിഡിയൻ, പോർസലൈൻ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും റിലയൻസ് ഡിജിറ്റൽ, ക്രോമ ഫിസിക്കൽ സ്റ്റോറുകൾ വഴിയും ഇത് വാങ്ങാനാകും.


Click it and Unblock the Notifications








