എമ്പുരാൻ ടിക്കറ്റ് പോലെ വിറ്റഴിക്കും, വാങ്ങാൻ റെഡിയായിക്കോ! പിക്സൽ 9a ഈ ദിവസം വിൽപ്പനയ്‌ക്കെത്തും
ഒരു പ്രൊഡക്ടിന്റെ ഗംഭീര ലോഞ്ച്, അതും ഏറെ നാളുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ. എന്നാൽ ലോഞ്ച് ചെയ്തുവെന്നല്ലാതെ സാധനം എപ്പോൾ വാങ്ങാൻ കിട്ടുമെന്ന കാര്യം അറിയാതെ ഇരുന്നാലോ..? അതൊരു വല്ലാത്ത അവസ്ഥയാണല്ലേ.. അതായിരുന്നു പത്ത് ദിവസത്തോളം പിക്സൽ ആരാധകരുടെ അവസ്ഥ. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണായ പിക്സൽ 9a (Google Pixel 9a) പുറത്തിറങ്ങിയതിന് പിന്നാലെ ഇത് എപ്പോൾ വിൽപ്പനക്കെത്തുമെന്ന കാര്യം വ്യക്തമല്ലായിരുന്നു. എന്നാൽ ഇപ്പോൾ അതിനും ഒരു തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 16 ന് ഇന്ത്യയിൽ പിക്സൽ 9a ലഭ്യമാകുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.
കൂടാതെ ഓസ്‌ട്രേലിയ, സിംഗപ്പൂർ, തായ്വാൻ, മലേഷ്യ എന്നിവിടങ്ങളിലും ഈ സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യും. ഏപ്രിൽ 10 ന് യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ ഈ ഉപകരണം നേരത്തെ വിൽപ്പനയ്‌ക്കെത്തും. മാർച്ച് 19 ന് പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോൺ ഉടൻ തന്നെ വിൽപ്പനക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അൽപ്പം നീളുകയായിരുന്നു.

ഗൂഗിളിന്റെ കാര്യത്തിലേക്ക് വന്നാൽ മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇറക്കും പോലെ ചറപറാ ഫോണുകൾ ഗൂഗിൾ ഇറക്കാറില്ല. ഇറക്കുന്ന മോഡലുകളെല്ലാം ആപ്പിളിന്റെ ഐഫോൺ സീരീസിനും സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിനും ബദലായി നിൽക്കുന്ന കരുത്തൻ സ്മാർട്ട്ഫോണുകളാണ് താനും. പിക്സലിന്റെ 9 സീരീസ് ഇതിനകം ലോഞ്ച് ചെയ്തതാണ്.
ഇപ്പോൾ 9 സീരീസിനോട് അനുബന്ധമായി അവയെക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന പിക്സൽ 9a (Google Pixel 9a) മോഡലാണ് ഗൂഗിൾ ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ ടെൻസർ G4 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ 9aയുടെ പ്രധാന ഫീച്ചറുകൾ: 6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ 256ജിബി വേരിയന്റ് മാത്രമാണ് ലഭ്യമാകുക എന്ന് സൂചനയുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 9എയിൽ ഒരുക്കിയിരിക്കുന്നത്.
സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ, സോണി IMX712 സെൻസറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി പിക്സൽ 9എയുടെ ഫ്രണ്ടിൽ സോണി IMX712 സെൻസറുള്ള 13MP ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 ൽ ആണ് പിക്സൽ 9എയുടെ പ്രവർത്തനം. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് ഛട അപ്‌ഗ്രേഡുകളും ഇതിന് ലഭിക്കും.
ഡ്യുവൽ സിം (നാനോ + eSIM), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ എന്നിവ ഇതിലുണ്ട്. 23W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 7.5W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5100mAh ബാറ്ററി എന്നിവയാണ് പിക്സൽ 9എയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

ആഗോളതലത്തിൽ പിക്സൽ 9a യുടെ 128GB വേരിയന്റിന് 499 USD (ഏകദേശം 43,080 രൂപ), 256GB വേരിയന്റിന് 599 USD (ഏകദേശം 51,715 രൂപ) എന്നിങ്ങനെയാണ് വില. ഇന്ത്യയിൽ പിക്സൽ 9എയുടെ 256GB വേരിയന്റ് 49,999 രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC ബാങ്ക്, IDFC ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്കിംഗ്, ഫിനാൻസിംഗ് പാർട്നർമാരിൽ നിന്ന് 3,000 രൂപയുടെ പരിമിതമായ കാലയളവിലേക്കുള്ള ക്യാഷ്ബാക്ക് ഓഫറും 24 മാസത്തെ നോ-കോസ്റ്റ് EMIയും ഉണ്ടായിരിക്കും.


Click it and Unblock the Notifications








