അവൻ വന്നത് ഒറ്റയ്ക്കായിരുന്നു! ഓഫറിന്റെ അകമ്പടിയിൽ പുതിയ ഗൂഗിൾ പിക്സൽ ഫോൺ ഇന്ത്യയിൽ വിൽപ്പന തുടങ്ങി
ആപ്പിളിന്റെ ഐഫോണുകൾ, സാംസങ്ങിന്റെ ഗാലക്സി എസ് സീരീസ് എന്നിവ പോലെ സ്മാർട്ട്ഫോൺ വിപണിയിലെ മറ്റൊരു പ്രീമിയം ലെവൽ ശക്തന്മാരാണ് ഗൂഗിളിന്റെ പിക്സൽ ഫോണുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പിക്സൽ 9 സീരീസ് ഫോണുകൾ വിപണിയിലെത്തി. ഈ 9 സീരീസിൽ പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിങ്ങനെ നാല് സ്മാർട്ട്ഫോണുകൾ ആണ് എത്തിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ഈ പിക്സൽ 9 സീരീസുമായി ബന്ധപ്പെട്ട് ഒരു സ്മാർട്ട്ഫോൺ കൂടി ഗൂഗിൾ പുറത്തിറക്കി, അതാണ് കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത പിക്സൽ 9എ.
പിക്സൽ 9 സീരീസിന്റെ ഒരു വില കുറഞ്ഞ വേരിയന്റ് എന്ന് പിക്സൽ 9എ മോഡലിനെ വിശേഷിപ്പിക്കാം. മാർച്ചിൽ ലോഞ്ച് ചെയ്ത ഈ പുതിയ പിക്സൽ സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ലോഞ്ച് ഓഫർ സഹിതമാണ് വിൽപ്പന. അതിനാൽ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും.

യഥാർഥ വിലയും ലോഞ്ച് ഓഫറും
പിക്സൽ 9എയുടെ 256GB വേരിയന്റ് 49,999 രൂപ വിലയിൽ ആണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി HDFC ബാങ്ക്, IDFC ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്കിംഗ്, ഫിനാൻസിംഗ് പാർട്നർമാരിൽ നിന്ന് 3,000 രൂപയുടെ ഡിസ്കൗണ്ട് ഓഫറും 24 മാസത്തെ നോ-കോസ്റ്റ് EMIയും ലഭ്യമാണ്.
ലോഞ്ച് ഓഫർ വിലയും കളർ ഓപ്ഷനുകളും
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 46999 രൂപ പ്രാരംഭ വിലയിൽ ഈ ഗൂഗിൾ പിക്സൽ 9എ സ്വന്തമാക്കാം. എന്നാൽ പരിമിതമായ കാലയളവിലേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ പിക്സൽ ഫോണും ഇന്ത്യയിൽ വാങ്ങാനാകുക. ഐറിസ് ബ്ലൂ, ഒബ്‌സിഡിയൻ ബ്ലാക്ക്, പോർസലൈൻ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.

ഗൂഗിൾ പിക്സൽ 9എയുടെ പ്രധാന ഫീച്ചറുകൾ
ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
8GB LPDDR5X റാം, 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പിക്സൽ 9എയുടെ പ്രവർത്തനം. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും ഇതിന് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.
പ്രീമിയം മോഡലുകളെ അപേക്ഷിച്ച് താങ്ങാനാകുന്ന വിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പിക്സൽ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 1/1.95″ സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS), സോണി IMX712 സെൻസറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അതിലടങ്ങുന്നു. ഫ്രണ്ടിൽ സോണി IMX712 സെൻസറുള്ള 13MP ക്യാമറയുമുണ്ട്.

23W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 7.5W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5100mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + eSIM), IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, 5G SA/NA, 4G VoLTE, യുഎസ്ബി ടൈപ്പ് C, എന്നിവയാണ് പിക്സൽ 9എയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








