ഒരുലക്ഷത്തിന് മുകളിൽ വിലയുള്ള ഫോൺ പാതിയിൽ താഴെ വിലയിൽ; റീഫർബിഷ്ഡ് പിക്സൽ ഫോണുകളുമായി ഗൂഗിൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ റീഫർബിഷ്ഡ് പിക്സൽ ഫോണുകളുടെ വിൽപ്പന ആരംഭിച്ച് ഗൂഗിൾ (Google refurbished Pixel phones). പിക്സൽ സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അവ സ്വന്തമാക്കാൻ ഇത് ഒരു സുവർണാവസരമാകും. ഒപ്പം ഗൂഗിളിന് ഇന്ത്യയിൽ തങ്ങളുടെ പിക്സൽ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും സാധിക്കും. ടെക് ഭീമൻ കാഷിഫൈയുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിൾ ഇന്ത്യയിൽ റീഫർബിഷ്ഡ് പിക്സൽ ഫോണുകൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഗൂഗിൾ റീഫർബിഷ് പ്രോഗ്രാമിലൂടെ വിൽക്കുന്ന എല്ലാ ഡിവൈസുകൾക്കും കാഷിഫൈയിൽ നിന്ന് 1 വർഷത്തെ വാറന്റി ലഭിക്കും.
എന്താണ് റീഫർബിഷ്ഡ് ഫോണുകൾ?
നമ്മൾ ഒരു പുതിയ ഫോൺ വാങ്ങി ഉപയോഗിച്ച് തുടങ്ങുമ്പോൾ, അതിന് എന്തെങ്കിലും തകരാറുകൾ ഉള്ളതായി കണ്ടെത്തിയെന്ന് കരുതുക. ഈ സാഹചര്യത്തിൽ ഉപയോക്താവ് അത് കമ്പനിക്ക് മടക്കി അയച്ച് പുതിയത് വാങ്ങും. ഇത്തരത്തിൽ തിരിച്ച് വന്ന ഫോണുകൾ കമ്പനി തകരാർ പരിഹരിച്ച് വീണ്ടും വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഇവയാണ് റീഫർബിഷ്ഡ് ഫോണുകൾ.

ചെറിയ ചില തകരാറുകളുടെ പേരിലാകും പല ഫോണുകളും തിരിച്ച് എത്തുക. ആ പ്രശ്നങ്ങൾ പരിഹരിച്ച് ആ ഫോണുകൾ വീണ്ടും പുതിയവ എന്ന പേരിൽ വിൽക്കാനാകില്ല. ഇത്തരം റീഫർബിഷ്ഡ് ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വിൽക്കുന്നു. ഇത്തരം റീഫർബിഷ്ഡ് ഫോണുകൾ വിൽക്കുന്ന പരിപാടിയാണ് ഗൂഗിൾ പുതിയതായി ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ റീഫർബിഷ്ഡ് ഫോണുകളായി നിലിവിൽ പിക്‌സൽ 7, പിക്സൽ 8 പ്രോ എന്നിവ വിൽപ്പനയ്ക്ക് എത്തുമെന്ന് ഗൂഗിൾ അറിയിച്ചു. റീഫർബിഷ്ഡ് ഫോണുകൾ എടുക്കുന്നതിൽ ആളുകൾക്ക് ഉള്ള ഒരു പ്രധാന ആശങ്ക അവയിലെ പാർട്സുകൾ സംബന്ധിച്ച് ആയിരിക്കും. ഈ ആശങ്ക പരിഹരിക്കാനായി എല്ലാ റീഫർബിഷ്ഡ് പിക്സൽ ഫോണുകളും ഗൂഗിൾ സ്പെയർ പാർട്‌സ് ഉപയോഗിച്ച് മാത്രം നവീകരിച്ചവ ആയിരിക്കുമെന്ന് ഗൂഗിൾ ഉറപ്പ് നൽകിയിട്ടുണ്ട്.

റീഫർബിഷ്ഡ് ഫോണുകൾ വാങ്ങുന്നവർക്ക് അവയ്ക്ക് എന്തെങ്കിലും തകരാർ നേരിട്ടാൽ ഇന്ത്യയിലുടനീളമുള്ള ഏത് കാഷിഫൈ സൗകര്യം ഉപയോഗിച്ച് അവ പരിഹരിക്കാൻ സൗകര്യമുണ്ടാകും. ഈ പ്രോഗ്രാം വഴി വാങ്ങുന്ന എല്ലാ റീഫർബിഷ്ഡ് പിക്‌സൽ ഫോണുകൾക്കൊപ്പവും ബോക്സിൽ ചാർജറും ഉണ്ടായിരിക്കും. ഈ പിക്സൽ സ്മാർട്ട്ഫോണുകൾ 100% പ്ലാസ്റ്റിക് രഹിത പാക്കേജിംഗിലാണ് വരുന്നത്.
റീഫർബിഷ്ഡ് പിക്സൽ 7, പിക്സൽ 8 പ്രോ വില
റീഫർബിഷ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി കാഷിഫൈ വെബ്‌സൈറ്റിൽ രണ്ട് പിക്സൽ ഫോണുകൾ ആണ് വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ പിക്സൽ 7, പിക്സൽ 8 പ്രോ എന്നിവ ഉൾപ്പെടുന്നു. ഇതിൽ പിക്സൽ 8 പ്രോ ഇന്ത്യയിൽ 1,06,999 രൂപ പ്രാരംഭ വിലയിൽ ആണ് പുറത്തിറങ്ങിത്. ഇത് 48,999 രൂപ വിലയിൽ വാങ്ങാനാകും. കൂടാതെ കാഷിഫൈ ഗോൾഡ് ഉപയോക്താക്കൾക്ക് 600 രൂപ ഡിസ്കൗണ്ടും ഉണ്ടാകും.
പിക്സൽ 7 ഇന്ത്യയിൽ 59,999 രൂപയായിരുന്നു വില. ഇത് 23,899 രൂപയിൽ ലഭ്യമാകും. കാഷിഫൈ ഗോൾഡ് ഉപയോക്താക്കൾക്ക് ഡിസ്കൗണ്ടിന് ശേഷം വില 23,299 രൂപയായി കുറയും. ടെൻസർ G3 ചിപ്‌സെറ്റ്, 6.7 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ എന്നിവ സഹിതമാണ് പിക്സൽ 8 പ്രോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൂടാതെ പിക്സൽ 8 പ്രോ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നു. അതിൽ 50 മെഗാപിക്സൽ മെയിൻ സെൻസറും അൾട്രാവൈഡ്, ടെലിഫോട്ടോ ക്യാമറകളും (രണ്ടും 48 മെഗാപിക്സൽ സെൻസറുകൾ) ഉണ്ട്. പിക്സൽ 7 ടെൻസർ G2 ചിപ്‌സെറ്റ് കരുത്തിലെത്തുന്നു. 90Hz AMOLED ഡിസ്‌പ്ലേ, 50 മെഗാപിക്സൽ മെയിൻ സെൻസറും 12 മെഗാപിക്സൽ അൾട്രാവൈഡും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എന്നിവയും പിക്സൽ 7ൽ ഉണ്ട്.


Click it and Unblock the Notifications








