സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, ഇന്ത്യക്കും ഇനി കോർണിങ് ഗൊറില്ല ഗ്ലാസ് കരുത്ത്! പണി ചൈനയ്ക്ക്
സ്മാർട്ട്ഫോൺ ഗ്ലാസ് നിർമാണ രംഗത്തെ വമ്പനായ കോർണിങ് ഇന്റർനാഷണൽ കോർപ്പറേഷൻ ( Corning Inc ) ഇന്ത്യയിൽ ഗ്ലാസ് നിർമാണം ആരംഭിക്കുന്നു. നോയിഡ ആസ്ഥാനമായുള്ള കരാർ നിർമ്മാതാക്കളായ ഒപ്റ്റിമസ് ഇൻഫ്രാകോം ലിമിറ്റഡുമായി സഹകരിച്ചുകൊണ്ടാണ് കോർണിങ് ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഗ്ലാസ് നിർമാണം ആരംഭിക്കുക.
സ്മാർട്ട്ഫോൺ ഗ്ലാസ് നിർമിക്കുന്നതിനായുള്ള കോർണിങ്ങിന്റെയും ഒപ്റ്റിമസ് ഇൻഫ്രാകോമിന്റെയും സംയുക്ത സംരംഭം ഭാരത് ഇന്നൊവേഷൻ ഗ്ലാസ് ടെക്‌നോളജീസ് എന്ന പേരിൽ ആകും പ്രവർത്തിക്കുക. 2024 അവസാനത്തോടെ ഇന്ത്യയിൽ നിർമാണം ആരംഭിക്കും എന്നാണ് കോർണിങ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചുകൊണ്ടായിരിക്കും ഗ്ലാസ് നിർമാണം.

ഇപ്പോൾ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾ നിർമിക്കാൻ മുന്നോട്ട് വരുന്നുണ്ട്. കോർണിങ്ങിന്റെ ഇപ്പോഴത്തെ നീക്കം ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണത്തിന് ഏറെ കരുത്തുപകരുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ കവർ ഗ്ലാസ് നിർമ്മാതാക്കളാണ് കോർണിങ്. കോർണിങ് ഗൊറില്ല ഗ്ലാസുകൾ ഏറെ പ്രശസ്തവും സ്മാർട്ട്ഫോണുകൾക്ക് ഒഴിവാക്കാനാകാത്ത നിർമാണ ഘടകവുമായി മാറിയിരിക്കുന്നു.
അങ്ങനെയുള്ള കൊർണിങ് ഗ്ലാസുകൾ ഇന്ത്യയിൽ നിർമിക്കപ്പെടുന്നത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണത്തിന് നൽകുന്ന പിന്തുണ ചെറുതല്ല. ഇന്ത്യയിൽ ഗ്ലാസ് നിർമാണം ആരംഭിക്കുന്നത് കോർണിങ്ങിനും ഏറെ ഗുണം ചെയ്യും. കാരണം ആപ്പിളിനെയും മറ്റ് പല പ്രമുഖ സ്ഥാപനങ്ങളെയും പോലെ ചൈനയിൽ നിന്ന് നിർമാണം മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള ശ്രമത്തിലായിരുന്നു കോർണിങ്ങും.

ഇന്ത്യയിൽ ഗ്ലാസ് നിർമാണം ആരംഭിക്കാനുള്ള കോർണിങ് തീരുമാനം വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനും അതിന്റെ ഉൽപ്പാദനം ചൈനയിൽ നിന്ന് മാറ്റാനുമുള്ള ലക്ഷ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോർണിംഗ് ഇൻകോർപ്പറേറ്റിലെ മൊബൈൽ കൺസ്യൂമർ ഇലക്ട്രോണിക്‌സ് സീനിയർ വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ജോൺ ബെയ്ൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
''ചില പ്രദേശങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവരുന്നത് കോവിഡ് സമയത്ത് ലോകം മനസ്സിലാക്കി, കുറച്ചുകൂടി വൈവിധ്യം ഉണ്ടായിരിക്കുന്നത് ഒരു ബാക്കപ്പ് എന്ന നിലയിൽ ഏറെ സഹായിക്കും. അതിനാൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്ക് കമ്പനികൾ വ്യാപിക്കുന്നത് നാം കണ്ടു. ഞങ്ങളുടെ മുൻഗണന ഞങ്ങളുടെ ഉപയോക്താക്കളുമായി അടുക്കുക എന്നതാണ്'' എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംയുക്ത സംരഭത്തിലൂടെ ആദ്യ ഘട്ടത്തിൽ 500-1000 പേർക്ക് തൊഴിൽ ലഭിക്കും. തുടക്കത്തിൽ ഇന്ത്യയിൽ 30 ദശലക്ഷം യൂണിറ്റ് ഗ്ലാസുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഫാക്ടറിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ഇരു കമ്പനികളുടെയും സംയുക്ത രൂപമായ ഭാരത് ഇന്നൊവേഷൻ ഗ്ലാസ് ടെക്‌നോളജീസ് ഇപ്പോൾ തമിഴ്‌നാട്, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിവരികയാണ്.

തുടക്കത്തിൽ ഇന്ത്യയിലെ ആവശ്യങ്ങൾ നിറവേറ്റിയ ശേഷം പിന്നീട് കയറ്റുമതിയും ആരംഭിക്കാനാണ് പദ്ധതി. മൊബൈൽ ഫോൺ നിർമ്മാണത്തിലെ ഒരു പ്രധാന ഘടകമാണ് കവർ ഗ്ലാസ്, നിലവിൽ ഡിസ്പ്ലേ പാനലുകളുള്ള ലാമിനേഷനായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിര്. പ്രാദേശികമായി ഉൽപ്പാദനം ആരംഭിക്കാനുള്ള കമ്പനിയുടെ നീക്കം ഇന്ത്യയിൽ കൂടുതൽ ഷോപ്പുകൾ തുടങ്ങുന്നതിലേക്കും നയിക്കും.
ഫ്രണ്ട്, ബാക്ക് കവർ ഗ്ലാസ് കോർണിങ് ഇന്ത്യയിൽ നിർമിച്ചുതുടങ്ങും. വിചാരിച്ചപോലെ കാര്യങ്ങൾ മുന്നോട്ടുപോയാൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ഗ്ലാസുകളും മടക്കാവുന്ന ഡിസ്പ്ലേകളും വളർച്ചയുടെ പുതിയ വഴികളായി ഇന്ത്യയിൽ നിർമിക്കപ്പെടും. ആഗോളതലത്തിൽ, കോർണിങ് 60,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും 2022-ൽ ഏകദേശം 15 ബില്യൺ ഡോളർ വിൽപ്പന നേടുകയും ചെയ്തു.
ഒപ്റ്റിമസ് ഇൻഫ്രാകോം, ഇന്ത്യൻ മൊബിലിറ്റി ഇക്കോസിസ്റ്റത്തിലെ പ്രധാനപ്പെട്ട സ്ഥാപനമാണ്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വെയറബിൾസ്, ഹിയറബിൾസ്, ടെലികോം ഗിയറുകൾ എന്നിവയുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന മൂന്ന് പ്ലാന്റുകൾ ഒപ്റ്റിയം ഇൻഫ്രാകോമിന് ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിൽ മൊബൈൽ, മറ്റ് ടെലിക്കോം പ്രോഡക്ടുകൾ കൈകാര്യം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും റീട്ടെയിൽ ചെയ്യുന്നതിലും മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തും ഒപ്റ്റിമസിനുണ്ട്.
Image credit: Corning


Click it and Unblock the Notifications








