ക്ഷമ കുറവുള്ളവർക്ക് കുതിച്ചുപായാം; ജയിക്കാനായ് ജനിച്ച ഐക്യൂ നിയോ 7 റേസിങ് സ്മാർട്ട്ഫോൺ ഇതാ
ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകർ കാത്തിരുന്ന, ഐക്യൂവിന്റെ പുത്തൻ സ്മാർട്ട്ഫോൺ ഐക്യൂ നിയോ 7 റേസിങ് എഡിഷൻ(iQOO Neo 7 Racing edition) ചൈനയിൽ കഴിഞ്ഞ ദിവസം പുറത്തിറക്കി. വിവോയുടെ സ്ബ് ബ്രാൻഡായ ഐക്യൂ ഈ വർഷം ഒക്ടോബറിൽ ഐക്യൂ 7 പുറത്തിറിക്കിയിരുന്നു. ഈ ഐക്യൂ 7 സ്മാർട്ട്ഫോണിന്റെ പരിഷ്കരിച്ച പുത്തൻ പ്രീമിയം പതിപ്പായാണ് ഐക്യൂ നിയോ 7 റേസിങ് എഡിഷൻ എത്തിയിരിക്കുന്നത്.

സെൽഫി ഷൂട്ടർക്കുള്ള പഞ്ച്-ഹോൾ കട്ട്ഔട്ട്, ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിനുള്ള ദീർഘചതുരാകൃതിയിലുള്ള മൊഡ്യൂൾ, സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയ്‌ക്കൊപ്പം വർണ്ണാഭമായ നിറങ്ങളിൽ എത്തുന്ന ഐക്യൂ നിയോ 7 റേസിങ് എഡിഷന്റെ പ്രധാന കരുത്ത് സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ ആണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഈ സ്മാർട്ട്ഫോൺ ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കമ്പനി ഇതുവരെ തിയതി വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം തന്നെ വിവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജനുവരി 10 ന് ഇന്ത്യയിൽ ഐക്യൂ 11 അവതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തിവരികയുമാണ്. ഐക്യൂ 11ന് പിന്നാലെ പുത്തൻ ഐക്യൂ നിയോ 7 റേസിങ് എഡിഷനും ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടേക്കാം. ഐക്യൂ നിയോ 7 റേസിങ് എഡിഷൻ സ്മാർട്ട്ഫോണിന്റെ വില എത്രയാണ്? അതിന്റെ സ്റ്റോറേജ് വേരിയന്റ് വിശദാംശങ്ങൾ എന്തൊക്കെയാണ്? എന്തൊക്കെ സവിശേഷതകളാണ് ഇതിൽ നൽകിയിരിക്കുന്നത് തുടങ്ങിയ വിശദാംശങ്ങൾ നോക്കാം.

ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ 6.78'' FHD+ E5 അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. 120ഹെർട് റിഫ്രഷ് റേറ്റ്, HDR10+, ഫ്ലാറ്റ് ബെസലുകൾ എന്നിവയ്‌ക്കൊപ്പം 1080 x 2400 പിക്‌സൽ റെസല്യൂഷനും സെൽഫി സ്‌നാപ്പറിനായുള്ള പഞ്ച്-ഹോൾ കട്ടൗട്ടും ഇതിലുണ്ട്. കുതിച്ചുപായുന്ന വേഗത്തിലുള്ള പ്രവർത്തനങ്ങൾക്കായി ശക്തമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ Gen 1 എസ്ഒസി ചിപ്‌സെറ്റുമായാണ് ഈ റേസിങ് എഡിഷൻ സ്മാർട്ട്‌ഫോൺ എത്തിയിരിക്കുന്നത്.

ക്യാമറയുടെ കാര്യത്തിൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി സോണി IMX766V സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. പ്രൈമറി സെൻസറിനൊപ്പം 8 എംപി അൾട്രാവൈഡ് മൊഡ്യൂളും 2 എംപി മാക്രോ ക്യാമറയും ആണ് എത്തുന്നത്. f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. മികച്ച ക്യാമറ അനുഭവമാകും ഈ സ്മാർട്ട്ഫോൺ നൽകുക എന്നാണ് കരുതപ്പെടുന്നത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 3.0 ലാണ് പ്രവർത്തനം. ഈ സ്‌മാർട് ഫോണിൽ പ്രോ+ ഡിസ്‌പ്ലേ ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാൽ ഉയർന്ന ഫ്രെയിം സ്ഥിരതയും കുറഞ്ഞ വൈദ്യുതി ഉപഭോഗവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4ഡി ഗെയിം വൈബ്രേഷനായി ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടറുമായാണ് ഈ റേസിങ് എഡിഷൻ വരുന്നത്. ഗെയിമിങ് സെഷനുകളിൽ തെർമൽ മാനേജ്മെന്റിനായി 4,013 എംഎം സ്ക്വയർ വേപ്പർ ചേമ്പർ (വിസി) കൂളിങ് സംവിധാനവും ഈ ഹാൻഡ്സെറ്റിലുണ്ട്.

5ജി സ്മാർട്ട്ഫോൺ കൂടിയായ ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ ഇൻഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജിയെക്കൂടാതെ 4ജി LTE, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജ് ചെയ്യുന്നതിനും ഡാറ്റാ കൈമാറ്റത്തിനുമായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 120വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടുകൂടിയ 5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഒറ്റ ചാർജിൽ 417 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കുമെന്ന് പറയപ്പെടുന്നു.

പുതിയ വേരിയന്റ് ഇംപ്രഷൻ ബ്ലൂ, ജ്യോമട്രിക്ക് ബ്ലാക്ക്, പോപ്പ് ഓറഞ്ച് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്. കൂടാതെ നാല് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വാങ്ങാം. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഐക്യൂ നിയോ 7 റേസിങ് എഡിഷന്റെ അടിസ്ഥാന മോഡലിന് ഏകദേശം 33,300 രൂപ ആണ് വിലവരുന്നത്. ഇതിന്റെ 12 ജിബി + 256 ജിബി മോഡലിന്റെ വില 35,700 രൂപയ്ക്കും 16ജിബി + 256ജിബി മോഡൽ 39,300 രൂപയ്ക്കും, 16 ജിബി + 512 ജിബി മോഡൽ 43,000 യ്ക്കും ലഭ്യമാകുമെന്നാണ് വിവരം.


Click it and Unblock the Notifications








