ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ സമ്പാദ്യം കാലിയാക്കേണ്ട! താങ്ങാനാകുന്ന വിലയിലെത്തുന്ന കിടിലൻ ഫോണുകൾ
ഒരു സ്മാർട്ട്ഫോൺ വാങ്ങണം എന്ന ആഗ്രഹവുമായി മുന്നോട്ട് പോകുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റുമുണ്ട്. നല്ലൊരു സ്മാർട്ട്ഫോണിന് ഉയർന്ന വില നൽകേണ്ടിവരും എന്ന് വിശ്വസിക്കുന്നവർ ഉണ്ടാകും. എന്നാൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ലക്ഷങ്ങൾ വിലയുള്ള സ്മാർട്ട്ഫോണുകൾ മാത്രമല്ല, മികച്ച ഫീച്ചറുകളോടെ ബജറ്റ് വിലയിലും ഇന്ന് ധാരാളം ഫോണുകൾ ലഭ്യമാണ്.
അതിനാൽത്തന്നെ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ജീവിത സമ്പാദ്യം മുഴുവൻ എടുത്ത് ചെലവഴിക്കേണ്ടിവരും എന്ന് ഭയക്കേണ്ടതില്ല. വിലകൂടിയ ഫോണുകളുടെ അത്രയും മികച്ച സൗകര്യങ്ങൾ ഉണ്ടാകില്ല എങ്കിലും ഒരു സാധാരണ ഉപയോക്താവിന് സ്മാർട്ട്ഫോൺ കൊണ്ട് നിറവേറ്റേണ്ട കാര്യങ്ങൾ എല്ലാം അനായാസം നിർവഹിക്കാൻ ശേഷി ഉള്ള, ബജറ്റ് ഫോണുകൾ ധാരാളമുണ്ട്.

ദിവസവും നിരവധി ഫോണുകളാണ് വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിൽ സാധാരണക്കാരന് മുടക്കുന്ന പണത്തിനെക്കാൾ മൂല്യം തിരിച്ച് നൽകുന്ന നിരവധി സ്മാർട്ട്ഫോണുകളുമുണ്ട്. ഇപ്പോഴത്തെ കാര്യമെടുത്താൽ ഗാലക്സി എഫ്14, ടെക്നോ സ്പാർക്ക് 10 പ്രോ, റിയൽമി സി55 എന്നിങ്ങനെ നിരവധി ഫോണുകൾ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി.
ഈ ഫോണുകളെല്ലാം ഏകദേശം 12,000 രൂപ വിലയിലാണ് എത്തുന്നത്. അടുത്തുതന്നെ മോട്ടോ ജി 13, റെഡ്മി നോട്ട് 12 എന്നിവ വിപണിയിലേക്ക് എത്തുന്നുണ്ട്. ഇവയും ഇതേ വിലയിലാണെത്തുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്ന ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് 12000 രൂപയോട് അടുത്ത വിലയിൽ ലഭിക്കുന്ന ഈ സ്മാർട്ട്ഫോണുകളെ വിശദമായി പരിചയപ്പെടാം.
റിയൽമി സി55: മാർച്ച് 22 ന് എത്തിയ റിയൽമി സി55യുടെ 4ജിബി+64ജിബി വേരിയന്റ് 10,999 രൂപ വിലയിൽ ഇന്ത്യയിൽ ലഭ്യമാണ്. 6.72 ഇഞ്ച് FHD + ഡിസ്‌പ്ലേ, 90Hz റിഫ്രഷ്റേറ്റ്, 64എംപി ഡ്യുവൽ പിൻ ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗുള്ള 500എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.
മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന ഈ സ്മാർട്ട്ഫോണിൽ 8ജിബി വരെ റാമും 256ജിബി സ്റ്റോറേജും ലഭ്യമാണ്. ആൻഡ്രോയിഡ് 13 ൽ റിയൽമി UI 4.0-ൽ ആണ് പ്രവർത്തനം. സൺഷവർ, റെയ്നി നൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് റിയൽമി സി55 ലഭ്യമാകുക.

സാംസങ് ഗാലക്സി എഫ്14 5ജി: മാർച്ച് 24 ന് ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എഫ്14 5ജി 12,990 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. 13 5G ബാൻഡുകളെ പിന്തുണയ്ക്കുന്ന 5nm പ്രോസസറായ Exynos 1330 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ UI 5-ൽ പ്രവർത്തിക്കുന്നു.
6.6 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേം 90Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ബായ്ക്കിൽ 50എംപി പ്രൈമറി ക്യാമറ + 2എംപി ഡെപ്ത് ക്യാമറ, ഫ്രണ്ടിൽ 13 എംപി സെൽഫി ക്യാമറ, 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയുള്ള 6000എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സ്പെസിഫിക്കേഷനുകൾ.
ടെക്നോ സ്പാർക്ക് 10 പ്രോ: മാർച്ച് 24 ന് എത്തിയ ടെക്നോ സ്പാർക്ക് 10 പ്രോ 12,499 രൂപ പ്രാരംഭവിലയിൽ ലഭ്യമാണ്. 6.8-ഇഞ്ച് FHD+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 90Hz റിഫ്രഷ്റേറ്റ്, മീഡിയടെക് ഹീലിയോ G88 പ്രൊസസർ, 8ജിബി വരെ റാം, 256ജിബി സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്.
50എംപി മെയിൻ സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 32എംപി സെൽഫി ക്യാമറയും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ആണ് ബാറ്ററി. HiOS 12.6 സ്കിൻ ഉള്ള ആൻഡ്രോയിഡ് 13 ലാണ് പ്രവർത്തിക്കുന്നത്. ലൂണാർ എക്ലിപ്സ്, പേൾ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

മോട്ടോ ജി13: മാർച്ച് 29 ന് ആണ് മോട്ടോ ജി13 എത്തുന്നത്. 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഹീലിയോ ജി85 പ്രോസസർ, 50എംപി ട്രിപ്പിൾ റിയർ ക്യാമറ, 5000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.
50 എംപി പ്രൈമറി + 2 എംപി ഡെപ്ത് + 2 എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ 8എംപി സെൽഫി ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13-ലാണ് പ്രവർത്തനം. ലാവെൻഡർ ബ്ലൂ, മാറ്റ് ചാർക്കോൾ നിറങ്ങളിൽ ലഭ്യമാകും. 10,000-11,000 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്.
റെഡ്മി 12 സി: മാർച്ച് 30 ന് റെഡ്മി നോട്ട് 12 5ജിയ്ക്ക് ഒപ്പമാണ് റെഡ്മി 12സി എത്തുക. മീഡിയടെക് ഹീലിയോ ജി 85 പ്രൊസസർ, 6.71 ഇഞ്ച് HD+ ഐപിഎസ് എൽസിഡി ഡിസ്പ്ലേ എന്നിവ അടക്കമുള്ള ഫീച്ചറുകളുമായാണ് റെഡ്മി 12സി എത്തുന്നത്.
ബായ്ക്കിൽ 50എംപി പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 5എംപി സെൽഫി ക്യാമറയും ഉണ്ടാകും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13-ലാണ് റെഡ്മി 12സി പ്രവർത്തിക്കുന്നത്, 10W ഫാസ്റ്റ് ചാർജിങ്ങോടു കൂടിയ 5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഏതാണ്ട് 12,000 രൂപയ്ക്കടുത്ത് വിലയിലാകും ഈ സ്മാർട്ട്ഫോൺ എത്തുക.


Click it and Unblock the Notifications








