5ജി യുദ്ധത്തിലെ പുതിയ പോരാളി! വിവോ വൈ100 ഇന്ത്യയിലെത്തി

5ജി സ്മാർട്ട്ഫോണുകളുടെ ഒഴുക്ക് തുടരുന്ന ഇന്ത്യൻ മൊബൈൽ വിപണിയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ്, വിവോ വൈ100. ഇന്ത്യയിൽ ഏറെ സ്മാർട്ട്ഫോൺ ആരാധകരുള്ള മൊബൈൽ ബ്രാൻഡാണ് വിവോ. 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുകയും ജിയോയും എയർടെലും അടക്കമുള്ള ടെലിക്കോം കമ്പനികൾ 5ജി വിവിധ നഗരങ്ങളിൽ ലഭ്യമാക്കിത്തുടങ്ങുകയും ചെയ്തതോടെ ആളുകളും 5ജി യുഗത്തിലേക്ക് കടക്കാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. അതിനാൽത്തന്നെ 5ജി ഫോണുകൾക്ക് ഏറെ ആവശ്യക്കാരുമുണ്ട്.
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ
ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ മറ്റ് കമ്പനികളെപ്പോലെ വിവോയും തയാറെടുത്തുതന്നെയാണ് എത്തുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്നൊരു 5ജി ഫോൺ, അതാണ് ഫോൺ വാങ്ങാനിറങ്ങുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും ഇപ്പോഴത്തെ ആവശ്യം. ഇത് മനസിലാക്കി ഫാൻസി ഡിസൈൻ, മീഡിയടെക് ഡൈമൻസിറ്റി 900 ചിപ്‌സെറ്റ്, 64-മെഗാപിക്സൽ ക്യാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകളും അതിനൊത്ത വിലയുമായാണ് വിവോയുടെ വൈ100 മോഡലും എത്തിയിരിക്കുന്നത്.

മീഡിയടെക് ഡൈമൻസിറ്റി 900 ചിപ്‌സെറ്റ്
മീഡിയടെക് ഡൈമൻസിറ്റി 900 ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന വിവോ വൈ100 ൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജും 8 ജിബി വെർച്വൽ റാം സൗകര്യവുമുണ്ട്. 90Hz റിഫ്രഷ് റേറ്റ്, 360Hz ഹൈ ടച്ച് സാംപ്ലിങ് നിരക്ക്, HDR10+ സർട്ടിഫിക്കേഷൻ എന്നിവയുള്ള 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വൈ100 ൽ ഉള്ളത്. സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന വാട്ടർഡ്രോപ്പ് നോച്ചും ഉണ്ട്.
നിറം മാറുന്ന ബായ്ക്ക് പാനൽ
സൂര്യപ്രകാശത്തിലോ യുവി ലൈറ്റിലോ സമ്പർക്കം പുലർത്തുമ്പോൾ നിറം മാറുന്ന ബായ്ക്ക് പാനലും ആകർഷകം തന്നെയാണ്. ട്വിലൈറ്റ് ഗോൾഡ്, പസഫിക് ബ്ലൂ, മെറ്റൽ ബ്ലാക്ക് എന്നീ നിറങ്ങളുടെ ഭംഗിയും വിവോ വൈ100 ന്റെ സൗന്ദര്യം കൂട്ടുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഫൺടച്ച് ഒഎസ് 13 ൽ ആണ് വിവോ വൈ100 ന്റെ പ്രവർത്തനം. 44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4500എംഎച്ച് ബാറ്ററി ഈ സ്മാർട്ട്ഫോണിന്റെ കരുത്തുറ്റ പ്രവർത്തനത്തിന് ശക്തമായ പിന്തുണ നൽകാൻ ശേഷിയുള്ളതാണ്.

64 മെഗാപികസ്ൽ ക്യാമറ
ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ വിവോ വൈ100 ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 64 മെഗാപികസ്ൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായി ആണ് എത്തുന്നത്. OIS ആന്റി-ഷേക്ക് ക്യാമറ പോലുള്ള മികച്ച ഫീച്ചറുകൾ വിവോ വൈ100 ലൂടെ വിവോ വൈ സീരീസിലേക്ക് കൊണ്ടുവന്നിരിക്കുന്നു. 64 എംപിയുടെ പ്രധാന ക്യാമറയോടൊപ്പം 2എംപി മാക്രോ ക്യാമറയും 2എംപി ഡെപ്ത് മൊഡ്യൂളും ആണ് നൽകിയിരിക്കുന്നത്. മികച്ച സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി മുൻ ക്യാമറയും നൽകിയിരിക്കുന്നു.
വില
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IP54 റേറ്റിംഗ്, ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട്, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനോടുകൂടിയ 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് മറ്റ് സവിശേഷതകൾ. 8ജിബി + 128ജിബി വേരിയന്റിന് ഇന്ത്യയിൽ 24,999 രൂപയാണ് വില. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ചുള്ള പരിമിത കാല ഓഫർ എന്ന നിലയിൽ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 1000 രൂപ ഡിസ്കൗണ്ട് വിവോ വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ടിൽ നിന്നും വിവോ സ്റ്റോറിൽ നിന്നും സ്മാർട്ട്ഫോൺ വാങ്ങാം.
യുവാക്കളെയും സാങ്കേതികമായി മുന്നിട്ടുനിൽക്കുന്നവരെയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള ഒരു സ്മാർട്ട്ഫോൺ നൽകി സജ്ജരാക്കാൻ ആണ് വിവോ വൈ100 സ്മാർട്ട്ഫോണിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ചിൽ വിവോ ഇന്ത്യയുടെ ബ്രാൻഡ് സ്ട്രാറ്റജി മേധാവി യോഗേന്ദ്ര ശ്രീരാമുല പറഞ്ഞത്.


Click it and Unblock the Notifications