നിങ്ങളുടെ സ്മാർട്ട്ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? പഴയ മടിയൊക്കെ മാറ്റി മിടുമിടുക്കനാക്കാം!
ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഭരിക്കുന്നതുതന്നെ ചൈനീസ് സ്മാർട്ട്ഫോണുകളാണ് എന്ന് പറയാം. അതിൽത്തന്നെ പ്രധാനികളാണ് ഷവോമി, റെഡ്മി ഫോണുകൾ. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു. ഷവോമിയുടെ പുതിയ ഹൈപ്പർഒഎസ് കൂടുതൽ ഫോണുകളിലേക്ക് എത്തുന്നു എന്നതാണത്.
കഴിഞ്ഞ 13 വർഷമായി ഷവോമി സ്മാർട്ട്ഫോണുകളിൽ എംഐയുഐ ഒഎസ് ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് ഉപേക്ഷിച്ചുകൊണ്ട് ഏറ്റവും പുതിയ നവീകരിച്ച ഫീച്ചറുകളുമായി ഷവോമി ഹൈപ്പർഒഎസ് കഴിഞ്ഞവർഷം പുറത്തിറക്കുകയുണ്ടായി. ഘട്ടം ഘട്ടമായാണ് ഈ ഒഎസ് ഷവോമിയുടെ സ്മാർട്ട്ഫോണുകളിലേക്ക് ലഭ്യമാക്കുന്നത്. തുടക്കത്തിൽ ഷവോമി 14 സീരീസിലാണ് ഇത് ലഭ്യമായത്.

ഷവോമി ഹൈപ്പർഒഎസ് അവതരിപ്പിക്കുന്നതിന് മുൻപ് ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളിലേക്ക് പുതിയ ഒഎസ് ടൈം ഷെഡ്യൂൾ പ്രകാരം ലഭ്യമാക്കിവരുന്നു. ഇപ്പോൾ ഈ ഒഎസിന്റെ അടുത്തഘട്ട റോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹൈപ്പർഒഎസ് ലഭ്യമാകുന്ന ഇന്ത്യയിലെ ഷവോമി, റെഡ്മി ഫോണുകളുടെ ലിസ്റ്റ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു.
ഇന്ത്യയിൽ ഉടൻ ഷവോമി ഹൈപ്പർഒഎസ് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ: ഷവോമി 11 അൾട്ര, ഷവോമി 11T പ്രോ, എംഐ 11X, ഷവോമി 11I ഹൈപ്പർചാർജ്, ഷവോമി 11 ലൈറ്റ്, ഷവോമി എംഐ 11 ലൈറ്റ്, ഷവോമി 11i, ഷവോമി 11T പ്രോ, എംഐ 11 അൾട്ര.

എംഐ 10, റെഡ്മി K50i, റെഡ്മി 112, റെഡ്മി 112 പ്രൈം, റെഡ്മി 13 സി സീരീസ്, റെഡ്മി നോട്ട് 11 സീരീസ്, ഷവോമി പാഡ് 5 എന്നീ ഷവോമി, റെഡ്മി ഡിവൈസുകളിലേക്കാണ് ഇപ്പോൾ പുതിയ ഷവോമി ഹൈപ്പർ ഒഎസ് ലഭ്യമാക്കുന്നത്.
ഷവോമി-13 പ്രോ, ഷവോമി-12 പ്രോ, റെഡ്മി നോട്ട്-12, റെഡ്മി നോട്ട്-13 സീരീസ്, ഷവോമി പാഡ് 6, ഷവോമി പാഡ് എന്നീ ഡിവൈസുകളിൽ തൊട്ടുമുൻപുള്ള ഘട്ടത്തിൽ ഹൈപ്പർഒഎസ് ലഭ്യമാക്കിയിരുന്നു. ഏറ്റവും പുതിയ ടെക്നോളജികളെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഷവോമി ഹൈപ്പർഒഎസ് ഒരുക്കിയിരിക്കുന്നത്. ഇത് എല്ലാ ഷവോമി ഡിവൈസുകളിലും ഒരു പൊതു ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നു.
പുതിയ ഒഎസ് ലഭ്യമാകുന്നതോടെ നിലവിൽ പ്രവർത്തിക്കുന്നതിനെക്കാൾ മികച്ച പെർഫോമൻസ് ഈ സ്മാർട്ട്ഫോണുകൾ കാഴ്ചവയ്ക്കും. നവീകരിച്ച ഷവോമിയുടെ പുതിയ യൂസർ ഇന്റർഫേസ് ഐഒഎസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോക്ക് സ്‌ക്രീൻ, ഇഷ്ടാനുസൃതമാക്കാവുന്ന വിജറ്റുകൾ, ഡൈനാമിക്-ഐലൻഡ് പോലുള്ള നോട്ടിഫിക്കേഷൻ സിസ്റ്റം, മെച്ചപ്പെടുത്തിയ ക്വിക്ക് സെറ്റിങ്സ് മെനു എന്നിവയൊക്കെ പുതിയ ഹൈപ്പർഒഎസ് അവതരിപ്പിക്കുന്നുണ്ട്.

ആൻഡ്രോയിഡിന്റെയും ഷവോമി സ്വയം വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഹൈപ്പർഒഎസ് എന്ന് ഷവോമി പറയുന്നു. ഉപയോക്താക്കളുടെ സ്‌മാർട്ട്‌ഫോണിനും ഷവോമി സ്‌മാർട്ട് ഉപകരണങ്ങൾക്കുമായി സമർപ്പിത ഒപ്‌റ്റിമൈസേഷനുകൾ ഇതിലുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ പിൻ ക്യാമറയെ ലാപ്‌ടോപ്പ് വെബ്‌ക്യാം ആയി ഉപയോഗിക്കാനും മറ്റും പുതിയ ഒഎസ് ഉപയോക്താക്കളെ അനുവദിക്കുന്നു.
ടെക്‌സ്‌റ്റ് ജനറേഷൻ, ഡൂഡിൽ ടു ഇമേജ് കൺവേർഷൻ, നാച്ചുറൽ ലാംഗ്വേജ് ഇമേജ് സെർച്ച്, ഇമേജുകളിൽ നിന്ന് ടെക്‌സ്‌റ്റ് എക്‌സ്‌ട്രാക്‌ഷൻ എന്നിങ്ങനെയുള്ള നിരവധി AI അധിഷ്ഠിത സവിശേഷതകളും ഹൈപ്പർ ഒഎസ് അവതരിപ്പിക്കുന്നു. ഹൈപ്പർ ഒഎസ് സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, സ്മാർട്ട് ഹോം ഉപകരണങ്ങൾക്കും പുതിയ ഷവോമി SU7 പോലുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








