നോക്കിയ എന്ന പേരില്ലാതെ എച്ച്എംഡിയുടെ ആദ്യ സ്മാർട്ട്ഫോൺ എത്തുന്നു; ഡിസൈൻ പുറത്ത്
നോക്കിയ മൊബൈലിന്റെ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ സ്വന്തം ബ്രാൻഡിന്റെ പേരിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം എച്ച്എംഡിയുടെ ആദ്യ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇത് ശരിവച്ചുകൊണ്ട് ഇപ്പോൾ എച്ച്എംഡിയുടെ ആദ്യ സ്മാർട്ട്ഫോണിന്റെ റെൻഡർ ഡിസൈൻ പുറത്തുവന്നിരിക്കുന്നു.
എച്ച്എംഡിയുടെ N159V സ്മാർട്ട്ഫോണിന്റെ ഒരു ചിത്രം 91മൊബൈൽസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. കമ്പനി പുറത്തിറക്കാൻ പോകുന്ന ഫോണിന്റെ ഔദ്യോഗിക ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ട്. വരാൻ പോകുന്ന എച്ച്എംഡി ഫോണിന്റെ ഡിസൈൻ ഏത് വിധത്തിൽ ഉള്ളതാണെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ഈ ഫോണിന്റെ പേര് ഇപ്പോഴും അജ്ഞാതമാണ്.

IMEI ഡാറ്റാബേസിൽ രണ്ട് HMD സ്മാർട്ട്ഫോണുകൾ കണ്ടെത്തിയിരുന്നു. N159V, TA-1585 എന്നീ മോഡൽ നമ്പരുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. ഇതിൽ N159Vയുടെ ഡിസൈൻ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ പിൻപാനലിൽ നോക്കിയ എന്നതിന് പകരം എച്ച്എംഡി എന്നാണ് ഉള്ളത്. ഇതൊരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ആയിരിക്കും എന്നാണ് ചിത്രത്തിലെ ഡിസൈന്റെ അടിസ്ഥാനത്തിൽ ഊഹിക്കപ്പെടുന്നത്.
ഏറെനാളായി എച്ച്എംഡി സ്മാർട്ട്ഫോണുകൾ നിർമിക്കുന്നുണ്ടെങ്കിലും നോക്കിയ എന്ന ബ്രാൻഡ് നെയിമിന് കീഴിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരുന്നത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി സ്വന്തം നിലയ്ക്ക് സ്വന്തം ബ്രാൻഡ് പേരിൽ ഫോൺ ഇറക്കാനുള്ള എച്ച്എംഡിയുടെ തീരുമാനത്തിന്റെ ആദ്യ ഉൽപ്പന്നമാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന N159V മോഡൽ നമ്പരിലുള്ള സ്മാർട്ട്ഫോൺ.
ബ്ലാക്ക് കളർ ഓപ്ഷനിൽ മാറ്റ് ഫിനിഷ്ഡ് ബാക്ക് ആണ് ചിത്രത്തിലെ ഫോണിനുള്ളത്. ബാക്ക് പാനലിന്റെ മെറ്റീരിയൽ എന്താണ് എന്ന് കൃത്യമായ വിവരമില്ലെങ്കിലും ആന്റിന ലൈനുകളുടെ അഭാവത്തെ അടിസ്ഥാനമാക്കി ഇതിലെ ഫ്രെയിം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചിരിക്കാമെന്ന് കരുതുന്നു. ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. അതിൽ ഒരു പഞ്ച്-ഹോൾ സെൽഫി ക്യാമറ എച്ച്എംഡി സ്ഥാപിച്ചിരിക്കുന്നു.
പവർ, വോളിയം ബട്ടണുകൾ ഫോണിന്റെ വലതുവശത്ത് നൽകിയിരിക്കുന്നു. കഴിഞ്ഞ വർഷം EUIPO ലിസ്റ്റിംഗിൽ കണ്ടെത്തിയ ഒരു പുതിയ HMD ലോഗോയും ഫോണിന്റെ പ്രത്യേകതയാണ്. എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂളാണ് ഈ ഫോണിലുണ്ടാകുക. പിൻ പാനലിന്റെ മധ്യഭാഗത്തെ HMD ലോഗോ ഒഴികെ ഹാൻഡ്‌സെറ്റിലെവിടെയും മറ്റൊരു ബ്രാൻഡിംഗും കാണുന്നില്ല.
2016 മുതൽ ആഗോളതലത്തിൽ നോക്കിയ ബ്രാൻഡഡ് ഫോണുകൾ പുറത്തിറക്കുന്നത് എച്ച്എംഡി ഗ്ലോബലാണ്. സ്വന്തം ബ്രാൻഡിൽ ഫോൺ പുറത്തിറക്കുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, എച്ച്എംഡി ഗ്ലോബൽ സിഇഒ ജീൻ-ഫ്രാങ്കോയിസ് ബാരിൽ പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന എച്ച്എംഡി ബ്രാൻഡഡ് ഫോണുകൾ ആഗോളതലത്തിൽ ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എച്ച്എംഡി ബ്രാൻഡഡ് ഫോണുകൾ ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് 91മൊബൈൽസ് ഈ വർഷം ആദ്യം സ്ഥിരീകരിച്ചിരുന്നു. പുതിയ ഒരു ബ്രാൻഡ് കൂടി സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തുന്നു എന്ന സന്തോഷത്തിനപ്പുറം, സ്മാർട്ട്ഫോൺ ചരിത്രത്തിൽ വളരെ വലിയ സ്ഥാനമുള്ള നോക്കിയ എന്ന പേര് ഇതോടുകൂടി കാലഹരണപ്പെട്ടുപോകുമോ എന്ന ആശങ്കയാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്.
ഒരുകാലത്ത് ഇന്ത്യയിലുൾപ്പെടെ സ്മാർട്ട്ഫോൺ വിപണിയിലെ കിരീടം വച്ച രാജാക്കന്മാരായിരുന്നു നോക്കിയ. എന്നാൽ യഥാർഥ നോക്കിയ കോർപറേഷന് ഇപ്പോഴത്തെ നോക്കിയ ഫോണുകളുമായി യാതൊരു ബന്ധവുമില്ലാതായിട്ട് വർഷങ്ങളായി. 2013 സെപ്റ്റംബർ മൂന്നിന് നോക്കിയയുടെ മൊബൈൽഫോൺ വ്യവസായം മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. എന്നാൽ ആൻഡ്രോയിഡിനോട് മുഖം തിരിച്ചുനിന്ന നോക്കിയയുടെ ഭാവി മൈക്രോസോഫ്ടിന്റെ ഏറ്റെടുക്കൽ കൊണ്ടും രക്ഷപ്പെട്ടില്ല.

2016-17 കാലഘട്ടത്തിൽ നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമിക്കാനുള്ള അവകാശം മൈക്രോസോഫ്ടിൽനിന്ന് എച്ച്എംഡി ഗ്ലോബൽ സ്വന്തമാക്കുകയായിരുന്നു. തുടർന്നിങ്ങോട്ട് ഫിൻലൻഡ് ആസ്ഥാനമായുള്ള എച്ച്എംഡി ഗ്ലോബൽ ആണ് നോക്കിയ മൊബൈൽ ലൈസൻസിയിൽ ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ സ്വന്തം ബ്രാൻഡിൽ സ്മാർട്ട്ഫോൺ നിർമിക്കാനുള്ള എച്ച്എംഡിയുടെ തീരുമാനം എത്തിയതോടെ നോക്കിയ എന്ന ബ്രാൻഡിന്റെ ഭാവി ആശങ്കയിലാകുകയായിരുന്നു.
സ്വന്തം ബ്രാൻഡിനായി ഫോണുകൾ പുറത്തിറക്കുന്ന സമയത്ത് തന്നെ എച്ച്എംഡി നോക്കിയ ഫോണുകളും നിർമിക്കും. തെരഞ്ഞെടുത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോണുകളാകും എച്ച്എംഡി ബ്രാൻഡ് തുടക്കത്തിൽ പുറത്തിറക്കുക. ക്ലീൻ യൂസർ എക്സ്പീരിയൻസ്, 5G, ഈസി റിപ്പയറബിലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാകും തങ്ങൾ പുതിയ ഫോൺ പുറത്തിറക്കുന്നത് എന്ന് എച്ച്എംഡി വ്യക്തമാക്കിയിട്ടുണ്ട്.
Image credit: 91mobiles


Click it and Unblock the Notifications








