ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
സ്മാർട്ട്ഫോണുകൾ പുതിയ രൂപത്തിലും ഭാവത്തിലും കിടിലൻ ഫീച്ചറുകളുമായി കളം നിറയുന്നതിനിടെ പഴമയിലേക്ക് ഒരു തിരിച്ചുനടത്തവുമായി എച്ച്എംഡി ഗ്ലോബൽ രംഗത്ത്. ഹൈനെകെൻ (Heineken), ബോഡേഗ (Bodega) എന്നിവരുമായി സഹകരിച്ച് എച്ച്എംഡി 'ദി ബോറിംഗ് ഫോൺ' (The Boring Phone) എന്ന പേരിൽ പുതിയ ഫോൺ അവതരിപ്പിച്ചു.
Gen Z എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇപ്പോഴത്തെ യുവതലമുറ പഴയകാല ഫാഷനുകളോട് വല്ലാത്ത താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. പുതിയകാലത്തെ കുട്ടികളുടെ വസ്ത്രധാരണത്തിലും മറ്റും പഴയ ഫാഷന്റെ കടന്നുകയറ്റവും സ്വാധീനവും കാണാൻ സാധിക്കും. ഈ ട്രെൻഡ് കൂടി മനസിലാക്കിയാണ് എച്ച്എംഡി ഗ്ലോബൽ ദി ബോറിംഗ് ഫോൺ' അവതരിപ്പിച്ചിരിക്കുന്നത്.

പണ്ട് മൊബൈൽ ഫോൺ വ്യാപകമായി തുടങ്ങിയ കാലഘട്ടത്തിൽ ഉത്സവപ്പറമ്പുകളിലും മറ്റും കുട്ടികൾക്കായി ലഭ്യമായിരുന്ന കളിപ്പാട്ട മൊബൈലിനെ അനുസ്മരിപ്പിക്കുന്ന രൂപ ഭാവങ്ങളിലാണ് ഈ ബോറിങ് ഫോൺ എത്തിയിരിക്കുന്നത്. കോളുകൾ ചെയ്യൽ, ടെക്‌സ്‌റ്റുകൾ അയയ്‌ക്കൽ തുടങ്ങിയ അടിസ്ഥാന മൊബൈൽ സേവനങ്ങൾ നിറവേറ്റാൻ മാത്രമാണ് ഈ ബോറിങ് ഫോണിൽ സൗകര്യമുള്ളത്.
ഈ ബോറിങ് ഫോണിന്റെ മറ്റൊരു സവിശേഷത ക്ലാസിക് സ്നേക്ക് ഗെയിം ആണ്. പണ്ടത്തെ മൊബൈൽ ഫോണുകളിലെ പ്രധാന വിനോദമാർഗം അതിലുള്ള സ്നേക്ക് ഗെയിം ആയിരുന്നു. വാലിൽ കടിക്കാതെ പാമ്പിനെ മുന്നോട്ട് കൊണ്ടുപോയി സമയം കളഞ്ഞിരുന്നവർ ധാരാളം. പഴമയിലേക്കുള്ള മടക്കയാത്രയിൽ ഹൈനെകെൻ ആൻഡ് ബോഡേഗയും എച്ച്എംഡിയും ആ ക്ലാസിക് ഗെയിമിനെയും ബോറിങ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പഴയ ഫാഷൻ പുതിയ കാലത്ത് ട്രെൻഡാക്കാൻ മാത്രമല്ല, മറ്റൊരു വലിയ ലക്ഷ്യം കൂടി ബോറിങ് ഫോണിന്റെ അവതരണത്തിന് പിന്നിലുണ്ട്. ഇപ്പോഴത്തെ ആളുകളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ വലിയൊരു വിഭാഗം ആളുകൾ രാത്രിയിൽ അമിതമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതിനു പുറമേ ആളുകളെ സാമൂഹികമായി ഇടപഴകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുകയും ചെയ്യുന്നു.
അതിനാലാണ് കോളിങ്, ടെക്സ്റ്റിങ് എന്നീ സേവനങ്ങൾ മാത്രം ലഭ്യമാകുന്ന ഒരു മൊബൈൽ ഇവർ അവതരിപ്പിച്ചിരിക്കുന്നത്. അമിതമായി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ ഒരു നീക്കം നടത്താനും ആളുകളെ സാമൂഹിക ഒത്തുചേരലുകളിലേക്ക് എത്തിക്കാനുമുള്ള ശ്രമം എന്ന നിലയിലും ഈ ബോറിങ് ഫോൺ ശ്രദ്ധ നേടുന്നുണ്ട്.
ക്ലാസിക് ഗെയിം സ്നേക്ക് ഒഴികെ ആളുകളുടെ ശ്രദ്ധ സോഷ്യൽ മീഡിയയിലേക്കും മറ്റും തിരിക്കുന്ന യാതൊരുവിധ ആപ്പുകളും ഈ ഫോണിൽ ലഭ്യമാകില്ല. അതിനാൽത്തന്നെ കുട്ടികൾക്കും മറ്റും ഫോൺ വാങ്ങി നൽകണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും ഇതൊരു നല്ല ഓപ്ഷനായി മാറും എന്ന് കരുതപ്പെടുന്നു.
എച്ച്എംഡിയുടെ ഹൈനെകെൻ x ബോഡേഗ ബോറിംഗ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ: സുതാര്യമായ കേസിംഗും ഹോളോഗ്രാഫിക് സ്റ്റിക്കറുകളും സഹിതം ഫ്ലിപ്പ് ഡിസൈൻ ആണ് ഇതിലുള്ളത്. അകത്തെ ഡിസ്പ്ലേ 2.8 ഇഞ്ച് QVGAയും പുറം ഡിസ്പ്ലേ 1.77 ഇഞ്ച് QQVGAയും ആണ്. എൽഇഡി ഫ്ലാഷ് ഉള്ള 0.3എംപി ക്യാമറയും ഇതിലുണ്ട്.
128MB ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം മൈക്രോ എസ്ഡി വഴി 32 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. 2G, 3G, 4G, ബ്ലൂടൂത്ത് 4.2; 3.5 എംഎം ജാക്ക് എന്നിവയാണ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ. സ്നേക്ക് ഗെയിം കൂടാതെ എഫ്എം റേഡിയോ സൗകര്യവും ബോറിങ് ഫോണിലുണ്ട്.
റിമൂവ് ചെയ്യാവുന്ന 1450mAh ബാറ്ററിയാണ് ഈ ബോറിങ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിൽ ഒരാഴ്ച വരെ സ്റ്റാൻഡ്‌ബൈ ടൈമും 20 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കും. ഇതോടൊപ്പം മൈക്രോ യുഎസ്ബി ചാർജിംഗ് സൗകര്യവുമുണ്ട്. ഏപ്രിൽ 18 ന് മിലാൻ ഡിസൈൻ വീക്കിൽ ആണ് ഈ ഫോൺ അവതരിപ്പിച്ചത്.
ലിമിറ്റഡ് എഡിഷൻ ഫോൺ എന്ന നിലയിൽ ഏകദേശം 5,000 ബോറിങ് ഫോണുകൾ മാത്രമാണ് നിർമിക്കുക. ഇതിന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും. പൂർണ്ണമായും ഫോൺ ഉപേക്ഷിക്കാതെ അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള ഫീച്ചറുകളും പുതുതലമുറയെ ആകർഷിക്കാൻ കഴിയുന്ന വിധത്തിലുള്ള ഡിസൈനും സഹിതമെത്തുന്ന ബോറിങ് ഫോൺ എതുവിധത്തിൽ സ്വീകരിക്കപ്പെടുമെന്ന് കണ്ടറിയണം.


Click it and Unblock the Notifications








