ഉത്സവപ്പറമ്പുകൾ ഭരിച്ച കിരീടമില്ലാത്ത രാജാവ്! ബാർബി സ്പെഷൽ റെട്രോ ഫ്ലിപ്പ് ഫോണുമായി എച്ച്എംഡി
മൊബൈൽ ഫോൺ ഇറങ്ങിത്തുടങ്ങിയ കാലഘട്ടത്തിൽ ഉത്സവപ്പറമ്പുകൾ അടക്കി ഭരിച്ച ഐറ്റമായിരുന്നു ചല് ചയ്യ.. ചയ്യ.. ചയ്യാ ചയ്യാ... എന്ന പാട്ടോടുകൂടി ലഭ്യമായിരുന്ന കളിപ്പാട്ട മൊബൈൽ. ഇപ്പോൾ ആ മൊബൈലിനെ അനുസ്മരിപ്പിക്കും വിധത്തിൽ പുത്തൻ ഭാവത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട ബാർബി പാവക്കുട്ടിയുടെ പേരിൽ, പിങ്ക് കളർ സഹിതം അണിയിച്ചൊരുക്കി വിപണിയിൽ എത്തിച്ചിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ എച്ച്എംഡി. നോക്കിയ ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്ന എച്ച്എംഡി ഈ വർഷം മുതൽ സ്വന്തം ബ്രാൻഡിലും മൊബൈൽ പുറത്തിറക്കാൻ തുടങ്ങിയിരുന്നു. അത്തരത്തിൽ എച്ച്എംഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുത്തൻ ഫീച്ചർ മൊബൈലാണ് എച്ച്എംഡി ബാർബി ഫോൺ.
സ്മാർട്ട്ഫോണുകൾ ആളുകളുടെ സമയം അനാവശ്യമായി നഷ്ടപ്പെടുത്താറുണ്ട്. സാമൂഹികമാധ്യമങ്ങളിലും മറ്റും മണിക്കൂറുകളോളം ചെലവഴിക്കാൻ സ്മാർട്ട്ഫോണുകൾ ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാൽ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ ബാർബി ഫോൺ മികച്ച ഓപ്ഷനായിരിക്കും എന്നാണ് എച്ച്എംഡി ഗ്ലോബൽ പറയുന്നത്. ബാർബി എന്ന കളിപ്പാവയുടെ പേരിൽ എത്തുന്ന ഈ ഫോൺ ശരിക്കും ഒരു കളിപ്പാട്ടം പോലെയാണ് തോന്നുക.

ബാർബി ഡോളിനെ അനുസ്മരിപ്പിക്കും വിധത്തിൽ പിങ്ക് കളറിലാണ് എച്ച്എംഡി ബാർബി ഫോൺ എത്തുന്നത്. പണ്ടുകാലത്തെ ഫ്ലിപ്പ് സ്മാർട്ട്ഫോണുകളെ അനുസ്മരിപ്പിക്കും വിധത്തിൽ ഫ്ലിപ്പ് ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. ഇതിന്റെ പുറത്ത് ഫ്രണ്ടിലായി മിറർ പോലെ ഉപയോഗിക്കാവുന്ന ഒരു സ്ക്രീനുണ്ട്. മാറ്റി മാറ്റി ഉപയോഗിക്കാവുന്ന രണ്ട് കവറുകളും ഈ ഫോണിനൊപ്പം എത്തുന്നു.
എച്ച്എംഡി ബാർബി ഫോണിനൊപ്പം പൂക്കൾ, അരയന്നങ്ങൾ, മഴവില്ലുകൾ എന്നിവയുൾപ്പെടെയുള്ള മനോഹരമായ റെട്രോ ബാർബി സ്റ്റിക്കറുകളും തിളങ്ങുന്ന സ്റ്റിക്ക്-ഓൺ ക്രിസ്റ്റലുകളുടെ സെറ്റും ലഭിക്കും. 1959 ലെ ചിക് സൺഗ്ലാസുകളുടെ മിനി ജോടി മുതൽ മാലിബു റോളർ സ്കേറ്റ്, ഈന്തപ്പന, 'ബി' എന്ന ബ്രാൻഡ് ഉള്ള ഹൃദയം, ഐസ്‌ക്രീം എന്നിവയുടെ മിനി രൂപങ്ങളും അലങ്കാരത്തിനായി ഇതോടൊപ്പം ലഭിക്കും.

കൂടാതെ ഈ ഫോണിൽ *#227243# അമർത്തി BARBIE എന്ന് ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് ബാർബി വാൾപേപ്പറുകളും *#ken# അല്ലെങ്കിൽ *#536#, ഫോർമാറ്റിൽ കെന്നിൽ നിന്നുള്ള ആശംസകളും *#malibu# എന്ന് ഡയൽ ചെയ്താൽ മാലിബു ബീച്ച് സൗണ്ടും ലഭിക്കും. ഇത്തരത്തിൽ കൗതുകകരമായ ഒട്ടേറെ സംഗതികൾ ഈ റെട്രോ ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കുന്നുണ്ട്.
എച്ച്എംഡി ബാർബി ഫോണിന്റെ (HMD Barbie Phone) പ്രധാന ഫീച്ചറുകൾ: 2.8 ഇഞ്ച് QVGA ഇന്റേണൽ സ്‌ക്രീൻ, 1.77 ഇഞ്ച് എക്സ്റ്റേണൽ സ്‌ക്രീൻ, യൂണിസോക് T107 പ്രൊസസർ, 64 എംബി റാം, 128 എംബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 32 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
S30+ ഒഎസിൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം, എൽഇഡി ഫ്ലാഷോടുകൂടിയ റിയർ വിജിഎ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, MP3 പ്ലെയർ, FM റേഡിയോ (വയർഡ്/വയർലെസ്), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി എന്നിവയും GSM/GPRS 900/1800, WCDMA, LTE Cat1 നെറ്റ്വർക്ക് പിന്തുണയും ഈ ഫീച്ചർ ഫോണിലുണ്ട്.

108.4×55.1×18.9mm വലിപ്പവും 123.5 ഗ്രാം ഭാരവുമാണ് എച്ച്എംഡി ബാർബി ഫോണിനുള്ളത്. 9h വരെ ടോക്ക് ടൈം ലഭിക്കുന്ന 1450mAh റിമൂവബിൾ ബാറ്ററിയും ഇതിലുണ്ട്. HMD ബാർബി ഫോണിന് യുകെയിൽ 99 പൗണ്ടും (ഏകദേശം 11,008 രൂപ) യൂറോപ്പിൽ 129 യൂറോയും (ഏകദേശം 12,085 രൂപ) ആണ് വില, ഓഗസ്റ്റ് 28 മുതൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








