ദീർഘായുഷ്മാൻ ഭവഃ! എച്ച്എംഡിയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോൺ, നോക്കിയ ജി42 പുറത്തിറങ്ങി
സ്മാർട്ട്ഫോണുകളുടെ പ്രവർത്തനത്തിലും രൂപഭാവങ്ങളിലുമെല്ലാം അടിമുടി മാറ്റം കൊണ്ടുവരാൻ പ്രചോദനം നൽകുന്ന വിധത്തിൽ നോക്കിയ ജി42 5ജി എന്ന പുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കി എച്ച്എംഡി. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ്, റിമൂവബിൾ ബാറ്ററി തുടങ്ങി, നിലവിൽ മറ്റ് ഫോണുകളിലില്ലാത്ത ഒരുപാട് പ്രത്യേകതകളുമായാണ് നോക്കിയ ജി42 5ജി എത്തുന്നത്.
നോക്കിയയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോൺ എന്നതാണ് നോക്കിയ ജി42 വിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. തകർന്ന സ്ക്രീനുകൾ, ചാർജിംഗ് പോർട്ടുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് തന്നെ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയും വിധമാണ് ഈ 5ജി ഫോൺ എച്ച്എംഡി ഗ്ലോബൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപയോക്താക്കൾക്ക് തന്നെ അവശ്യഘട്ടങ്ങളിൽ ഫോൺ റിപ്പയർ ചെയ്യുന്നതിനായി ഐഫിക്സിറ്റ് ( iFixit ) സഹകരണവും നോക്കിയ ഉറപ്പാക്കിയിട്ടുണ്ട്. റിപ്പയറിങ്ങിന്റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന ഗൈഡുകളും താങ്ങാനാവുന്ന നിരക്കിൽ റീപ്ലേസ്‌മെന്റ് ഭാഗങ്ങളും ഐ ഫിക്സിറ്റ് സഹകരണത്തിലൂടെ നോക്കിയ വാഗ്ദാനം ചെയ്യുന്നു. 65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുപയോഗിച്ചാണ് നിർമാണം.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480 പ്ലസ് 5ജി പ്രോസസറാണ് നോക്കിയ ജി32 സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.56 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 720 x 1612 റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് സംരക്ഷണവും എച്ച്എംഡി ഈ നോക്കിയ ഫോണിൽ നൽകിയിരിക്കുന്നു. കൂടാതെ ഫിംഗർപ്രിന്റ് സ്‌കാനറും ഇതിലുണ്ട്.

4 ജിബി റാം +128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ നോക്കിയ ജി32 5ജി ലഭ്യമാകും. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും 2 വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നോക്കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50 എംപിയുടെ പ്രധാന ക്യാമറയോടൊപ്പം 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ട്. സെൽഫികൾക്കായി 8 എംപി സെൻസറാണ് ഫ്രണ്ടിൽ നോക്കിയ നൽകിയിരിക്കുന്നത്. പർപ്പിൾ, ഗ്രേ, പിങ്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.
മികച്ച റിപ്പയറബിൾ ഫീച്ചറിനൊപ്പം ബാറ്ററി ദൈർഘ്യവും ജി42വിന്റെ സവിശേഷതയാണ്. 5,000mAh ബാറ്ററി മൂന്ന് ദിവസം നീണ്ടുനിൽക്കും എന്നാണ് നോക്കിയ അവകാശപ്പെടുന്നത്. യൂറോപ്പിൽ വിൽക്കുന്ന സ്മാർട്ട്ഫോണുകൾ ബാറ്ററി ഊരിമാറ്റാവുന്ന വിധത്തിലുള്ളതായിരിക്കണമെന്ന് നേരത്തെ യൂറോപ്യൻ യൂണിയൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പാലിച്ചുകൊണ്ടാണ് നോക്കിയ ജി42 പുറത്തിറക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിയമം എന്നതിനെക്കാളുപരി ഉപയോക്താക്കളുടെ താൽപര്യത്തിന് മുൻഗണന കൊടുത്തതുകൊണ്ടാണ് നോക്കിയ ഇപ്പോഴേ റിമൂവബിൾ ബാറ്ററിയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് എന്നാണ് എച്ച്എംഡിയുടെ ഫെർഗൂസൺ പറയുന്നത്. ഉപയോക്താക്കൾക്കായാണ് ഡിസൈനിൽ ഉൾപ്പെടെ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത് എന്നും ഫെർഗൂസൺ പറയുന്നു. അതേസമയം നോക്കിയ ജി42 വിന്റെ വാട്ടർ, ഡസ്റ്റ് റേറ്റിങ് അൽപ്പം കുറവാണ്. IP52 റേറ്റിംഗ് ആണ് ഇതിലുള്ളത്.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നോക്കിയ ജി42വിന്റെ പർപ്പിൾ പതിപ്പിന് യുകെയിൽ 199 പൗണ്ട് ( ഏകദേശം 20,00 രൂപ ) ആണ് വില. യൂറോപ്പിൽ ഇതിന് 229 യൂറോ ചെലവാകും. അതേസമയം ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








