ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ, മാജിക് 6 RSR പോർഷെ ഡിസൈൻ: രണ്ടും കിടുവാ! ഏത് വേണമെന്ന് പറയൂ
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ രണ്ട് കിടിലൻ- സുന്ദരൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. ഈ ആഴ്ച ആദ്യം ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ, മാജിക് 6 RSR പോർഷെ ഡിസൈൻ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിലേക്ക് എത്താൻ പോകുന്നത്.
ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ, മാജിക്-6 RSR പോർഷെ ഡിസൈൻ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ സൂചന കമ്പനിയുടെ CEO മാധവ് ഷേത്ത് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നൽകിയിരിക്കുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും ചിത്രങ്ങൾ നൽകി ഇതിൽ ഏതിനാണ് നിങ്ങളുടെ വോട്ട് എന്നദ്ദേഹം ചോദിക്കുന്നു.

കണ്ടാൽ ആരും നോക്കിപ്പോകുന്ന ആകർഷകമായ ഡിസൈനും റിയർ ക്യാമറ മൊഡ്യൂളുമൊക്കെയായിട്ടാണ് ഈ രണ്ട് ഹോണർ ഫോണുകളും എത്തുന്നത്. ഇവയുടെ ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് ഉറപ്പിക്കപ്പെട്ടത് ആരാധകർക്ക് ആവേശം പകരുന്നുണ്ട്. ഹോണറിന്റെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്കാണ് ഈ ഫോണുകൾ എത്തുന്നത്.
സുന്ദരമായ ക്യാമറ മൊഡ്യൂളുകളാണ് ഈ രണ്ട് ഫോണുകളുടെയും ആകർഷണം. ഹോണർ മാജിക് 6 അൾട്ടിമേറ്റിന് ഒരു സ്ക്വയർ ക്യാമറ യൂണിറ്റാണ് ഉള്ളത്. അതേസമയം ഹോണർ മാജിക് 6 RSR പോർഷെ ഡിസൈനിന് പിന്നിൽ ഒരു ഷഡ്ഭുജ (hexagonal) ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
അൾട്ടിമേറ്റ് വേരിയന്റിൽ വെഗൻ ലെതർ ബാക്ക്‌പ്ലേറ്റും ഗ്രിപ്പിനായി വെർട്ടിക്കൽ ലൈനും ഉണ്ട്, പോർഷെ ഡിസൈൻ മോഡലിന് ഗ്ലാസ് ഷഡ്ഭുജ ക്യാമറ ഐലൻഡാണ് ഉള്ളത്. പോർഷെ ഡിസൈൻ വേരിയൻ്റിൽ ഒരു പുതിയ ഡ്യുവൽ-ലെയർ OLED ടാൻഡം ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നു, ഇത് സ്‌ക്രീനിൻ്റെ ആയുസ്സ് 600 ശതമാനം വരെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
പുറം കാഴ്ചയിൽ ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ, ഹോണർ മാജിക് 6 RSR പോർഷെ ഡിസൈൻ എന്നിവ തമ്മിൽ നിറയെ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഫോണുകൾ ഹോണർ മാജിക് 6 പ്രോ ഫീച്ചറുകളുമായി സാമ്യത പുലർത്തുന്നുവെന്നാണ് റിപ്പോർട്ട്.
ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ, മാജിക് 6 RSR പോർഷെ ഡിസൈൻ എന്നിവയിൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. 6.8 ഇഞ്ച് ഫുൾ HD+ LTPO OLED ഡിസ്‌പ്ലേ, 1Hz മുതൽ 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് എന്നിവയും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു.

180എംപി ഒഐഎസ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഈ രണ്ട് ഫോണുകളിലെയും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് നേതൃത്വം നൽകുന്നത്. പ്രധാന ക്യാമറയ്ക്ക് പുറമേ 50 എംപി വൈഡ് ആംഗിൾ ക്യാമറയും 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്നതാണ് ഇവയിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്.
ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ, മാജിക് 6 RSR പോർഷെ ഡിസൈൻ ഫോണുകളിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 50 എംപി വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയും 3D ഡെപ്ത് സെൻസറും ഉണ്ട്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 66W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഉള്ള 5600mAh ബാറ്ററിയാണ് ഇവയിലുള്ളത്.

ഇങ്ങനെ ഫീച്ചറുകളുടെ കാര്യത്തിൽ സമാനത പുലർത്തുമെങ്കിലും വിലയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഹോണർ മാജിക് 6 അൾട്ടിമേറ്റ് എഡിഷൻ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. അതിൽ 16GB+512GB പ്രാരംഭ വേരിയന്റിന്റെ ചൈനയിലെ വില 6,999 യുവാൻ (ഏകദേശം 81,837 രൂപ) ആണ്. 16GB+1TB വേരിയന്റിന് 7,699 യുവാൻ (ഏകദേശം 88,793 രൂപ) നൽകണം.
ഹോണർ മാജിക് 6 RSR പോർഷെ ഡിസൈനിൻ്റെ വില 9,999 യുവാനാണ് (ഏകദേശം 1,15,320 രൂപ). ഹോണർ മാജിക്-6 അൾട്ടിമേറ്റ് എഡിഷൻ സ്കൈ പർപ്പിൾ, ഇങ്ക് ബ്ലാക്ക് നിറങ്ങളിലും മാജിക് 6 RSR പോർഷെ ഡിസൈൻ ഐസ്‌ബെറി പിങ്ക്, അഗേറ്റ് ഗ്രേ നിറങ്ങളിലും ലഭ്യമാകും. ഇന്ത്യയിൽ എന്ത് വിലയിലാകും ഇവ അവതരിപ്പിക്കപ്പെടുകയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








