ദേ ഹോണർ പിന്നേം! സ്വന്തം ബാറ്ററി റെക്കോഡ് തിരുത്തി, 10080mAh ബാറ്ററിയുമായി ഹോണർ പവർ 2 വരുന്നു
കഴിഞ്ഞ ആഴ്ച 10000mAh ബാറ്ററി ശേഷിയോടെ രണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ഹോണർ തങ്ങളുടെ അടുത്ത സ്മാർട്ട്ഫോണിൽ അതിനെക്കാൾ ഉയർന്ന ബാറ്ററി ശേഷി അവതരിപ്പിക്കും. ഹോണറിന്റെ അടുത്ത സ്മാർട്ട്ഫോണായി ഹോണർ പവർ 2 (HONOR Power 2) ലോഞ്ചിന് ഒരുങ്ങിയിരിക്കുന്നു. 2026 ജനുവരി 5ന് ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി വന്നിരുന്നു. ഇപ്പോൾ ലോഞ്ച് തിയതി സ്ഥിരീകരിച്ചതോടെ ഹോണർ പവർ 2 വരുമെന്ന് ഉറപ്പായിരിക്കുന്നു. പേര് പോലെ തന്നെ ബാറ്ററിയുടെ കാര്യത്തിലും പെർഫോമൻസിലും ഈ ഫോൺ മികച്ചുനിൽക്കുന്നു എന്നാണ് റിപ്പോർട്ട്.
മീഡിയടെക് ഡൈമെൻസിറ്റി 8500 എലൈറ്റ് പ്രോസസർ ചിപ്സെറ്റ് കരുത്തിലാണ് ഹോണർ പവർ 2 എത്തുക. ഈ ചിപ്സെറ്റുള്ള ആദ്യ ഫോണായിരിക്കും ഇത്. 12GB + 256GB, 12GB + 512GB എന്നീ റാം + സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഇത് ലഭ്യമാകും എന്നാണ് റിപ്പോർട്ട്.

ഒരു വലിയ ക്യാമറ ഡെക്കോയിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറകൾ ഹോണർ പവർ 2-ന്റെ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. 50MP മെയിൻ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിൽ ഉണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. ഓറഞ്ച്, വെള്ള, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഹോണർ പവർ 2 എത്തും എന്ന് പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.
സാബർ എന്ന കോഡ് നാമത്തിൽ തയാറാക്കപ്പെട്ട ഹോണർ പവർ 2 സ്മാർട്ട്ഫോണിന് 6.79 ഇഞ്ച് (2640×1200 പിക്സൽസ്) 1.5K LTPS ഫ്ലാറ്റ് OLED സ്ക്രീൻ, 8000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, മെറ്റൽ ഫ്രെയിം എന്നിവയുണ്ട്. 7.98mm ആണ് ഇതിന്റെ വലിപ്പം. വലിയ ബാറ്ററി ഉണ്ടെങ്കിൽ പോലും 216 ഗ്രാം ഭാരമേ ഈ ഫോണിന് ഉള്ളൂ എന്നാണ് റിപ്പോർട്ട്.
ഇപ്പോൾ ഹോണർ പവർ 2 പ്രധാനമായും ശ്രദ്ധ നേടുന്നത് ബാറ്ററി ശേഷിയുടെ കരുത്തിലാണ്. ഒരു ഫോണിലെ ഏറ്റവും ഉയർന്ന സിലിക്കൺ-കാർബൺ ബാറ്ററി ശേഷിയുള്ള ഫോണിന്റെ റെക്കോർഡ് ഇത് തകർക്കും. 80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്‌സ് ചാർജിംഗും ഈ ഫോൺ പിന്തുണയ്ക്കും. തുടർച്ചയായി മൂന്നാമത്തെ സ്മാർട്ട്ഫോണിലും ഹോണർ 10000mAh ബാറ്ററി ശേഷി അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഹോണർ WIN സീരീസ് മോഡലുകളിലെക്കാൾ ബാറ്ററി ശേഷിൽ അൽപ്പം വർധിച്ചിട്ടുണ്ട് എന്നതും ചർച്ചയായിട്ടുണ്ട്. 10,000mAh തേർഡ് ജനറേഷൻ കാർബൺ- സിലിക്കൺ ബാറ്ററിയാണ് ഹോണർ WIN മോഡലുകളിൽ അവതരിപ്പിക്കപ്പെട്ടത്. ഇത് നിലവിലുള്ള ബാറ്ററി ശേഷികളിൽ ഏറ്റവും കൂടിയതാണ്. ഹോണർ WIN മോഡൽ 80W, വയർഡ് സൂപ്പർഫാസ്റ്റ് ചാർജിങ് പിന്തുണയും WIN RT മോഡൽ 100W വയർഡ് സൂപ്പർഫാസ്റ്റ് ചാർജിങ് പിന്തുണ വാഗ്ദാനം ചെയ്യുന്നു.
27W വരെ റിവേഴ്‌സ് വയർഡ് ചാർജിംഗിനും പിന്തുണയും ഹോണർ WIN മോഡലുകളിലുണ്ട്. വിൻ മോഡലിന്റെ ഭാരം 229 ഗ്രാം ആണ്, WIN RT-യുടേത് 225 ഗ്രാം ഭാരവും. വലിയ ബാറ്ററി ശേഷിയുമായി വിപണിയിൽ മത്സരം കടുപ്പിക്കാൻ ഈ ഹോണർ സ്മാർട്ട്ഫോണുകൾക്ക് സാധിക്കും. അധികം വൈകാതെ ഇന്ത്യൻ വിപണിയിലും ഉയർന്ന ബാറ്ററി ശേഷിയുള്ള ഹോണർ സ്മാർട്ട്ഫോണുകൾ പ്രതീക്ഷിക്കാം.
വലിയ ബാറ്ററിക്ക് പുറമേ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഹോണർ WIN മോഡലുകൾക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ആദ്യമായി ഡോങ്‌ഫെങ് ടർബോ കൂളിംഗ് സിസ്റ്റവുമായി എത്തുന്ന സ്മാർട്ട്ഫോണുകൾ എന്നതാണ് അത്. ഈ കൂളിങ് സിസ്റ്റം എന്നത് ഇൻഡസ്ട്രിയിലെ ആദ്യത്തെ ഡയറക്ട്-ഡ്രൈവ് കൂളിംഗ് എയർഫ്ലോയും ഡ്യുവൽ 360° സറൗണ്ട് ഫാനുകളും, 25,000 RPM "റേജ് മോഡ്", ഏറ്റവും ശക്തമായ ഫാൻ സ്പീഡ് എന്നിവയും ഉൾക്കൊള്ളുന്നു.


Click it and Unblock the Notifications








