പവർ എന്ന് പറഞ്ഞാൽ ഇതാണ് പവർ! 8,000mAh ബാറ്ററിയുമായി ഹോണർ പവർ സീരീസ് വരുന്നു
ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ തിരയുന്നവരെ വരുതിയിലാക്കാൻ വീണ്ടും ഹോണർ. ഹോണർ പവർ സീരീസ് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചൈനയിൽ ഉടൻ തന്നെ ഒരു പുതിയ പവർ സീരീസ് പുറത്തിറക്കുമെന്ന് ഹോണർ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. 8,000mAh ബാറ്ററിയുള്ള ഒരു പുതിയ മിഡ്-റേഞ്ച് ഫോണിൽ ഹോണർ പ്രവർത്തിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 80W ഫാസ്റ്റ് ചാർജിംഗും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പിന്തുണയും നൽകും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബ്രാൻഡിൽ നിന്നുള്ള ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയുള്ള ഫോണായി പവർ സീരീസ് മാറും.
ബാറ്ററി ലൈഫും ഉപയോക്തൃ അനുഭവവും വർദ്ധിപ്പിക്കുന്നതിന് പുതിയ പവർ ഫോണിൽ 'സൂപ്പർ ബിഗ് ബിഗ് ബാറ്ററി' ഉണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ, 3C സർട്ടിഫിക്കേഷൻ നേടിയ ഹോണർ ഫോൺ- DVDAN00, ഹോണർ പവർ ഫോണായിരിക്കാമെന്ന് വെയ്‌ബോയിലെ ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ്‌സ്റ്റേഷൻ അവകാശപ്പെടുന്നുണ്ട്.

ബാറ്ററിക്ക് പുറമേ വരാനിരിക്കുന്ന ഫോണിൽ ഫ്ലാഗ്ഷിപ്പ് ലെവൽ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇത് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടതാകാം. പുതിയ പവർ സീരീസിന്റെ ലോഞ്ച് ടൈംലൈൻ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഈ മാസം അവസാനത്തോടെ ഇത് സാധ്യമാകുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്.
വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നമുക്ക് അറിയാൻ കഴിയും. ആഗോള വിപണികളിലേക്ക് ഫോൺ വ്യാപിക്കുമോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹോണർ പവർ കൂടാതെ, ഹോണർ 400 ലൈറ്റ് ഉടൻ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ, ഡിസൈൻ, കളർ ഓപ്ഷനുകൾ, ചില പ്രധാന സ്പെസിഫിക്കേഷനുകൾ എന്നിവ ഓൺലൈൻ റീട്ടെയിലർ ലിസ്റ്റിംഗ് വഴി ചോർന്നിരുന്നു.
ഹോണർ 400 അൾട്രാ, 400 പ്രോ, ഹോണർ 400, 400 ലൈറ്റ് എന്നിവ ഉൾപ്പെടുന്ന ഹോണർ 400 സീരീസ് ഉടൻ തന്നെ ചൈനയിൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് കറുപ്പ്, പച്ച, ചാര നിറങ്ങളിൽ ഫോൺ ലഭ്യമായേക്കാം.

ഡ്യുവൽ ക്യാമറകളും ത്രികോണാകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന എൽഇഡി ഫ്ലാഷും ഉൾക്കൊള്ളുന്ന ഒരു ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും ഹാൻഡ്‌സെറ്റിൽ കാണപ്പെടുന്നുണ്ട്. മുൻവശത്ത്, ഹോണർ 400 ലൈറ്റിൽ സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി ഒരു ഗുളിക ആകൃതിയിലുള്ള കട്ട്ഔട്ടും നൽകിയിട്ടുണ്ട്.
കൂടാതെ, ഫോണിന് സ്ലിം ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഫോണിന്റെ വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണും കാണപ്പെട്ടു. ഹോണർ 400 ലൈറ്റ് 6.7 ഇഞ്ച് ഡിസ്‌പ്ലേയും 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമാണ് 400 സീരീസിൽ പ്രതീക്ഷിക്കുന്നത്. 5 ജി നെറ്റ്വർക്ക് പിന്തുണയും കണക്റ്റിവിറ്റിക്കായി ഡ്യുവൽ സിമ്മും ഫോൺ പിന്തുണയ്ക്കും. മാത്രമല്ല, ഹോണർ 400 ലൈറ്റിന് ഏകദേശം 32,604 രൂപയായിരിക്കാം വില.

ഹോണർ 400 ലൈറ്റ് മീഡിയടെക് ഡൈമെൻസിറ്റി 7025 പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് സൂചനയുണ്ട്. ഇത് ആൻഡ്രോയിഡ് 15 ഒഎസിൽ പ്രവർത്തിക്കും. 1080 x 2412 പിക്സലുകളുടെ സ്‌ക്രീൻ റെസല്യൂഷനും 480 dpi സ്‌ക്രീൻ സാന്ദ്രതയും ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. എന്നിരുന്നാലും ഹോണർ 400 ലൈറ്റിന്റെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഹോണർ പവർ സീരീസിന്റേയും ഹോണർ 400 സീരീസിന്റേയും കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








