ഒരു ചൈനീസ് കമ്പനികൂടി ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കുന്നു; ഹോണറിന്റെ മടങ്ങിവരവ് കൈയും വീശിയല്ല!
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ(Honor), ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഹോണറിന്റെ പുത്തൻ സ്മാർട്ട്ഫോൺ അടുത്തമാസം ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഈ സ്മാർട്ട്ഫോൺ സംബന്ധിച്ച കാര്യമായ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ ഹോണർ സ്മാർട്ട്ഫോണിന് മൂന്ന് വേരിയന്റുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നു എന്നതിനപ്പുറം ഈ സ്മാർട്ട്ഫോണുകൾ കമ്പനി ഇന്തയിൽ നിർമിക്കും എന്നതാണ് ഹോണറിന്റെ തിരിച്ചുവരവിനെ കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുന്നത്. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയുമായി ഹോണർ ലൈസൻസിങ് കരാറിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

റിയൽമി ഇന്ത്യയുടെ മുൻ സിഇഒയും നിലവിൽ ഹോണർ ഇന്ത്യയുടെ തലവനുമായ മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള ഹോണറിന്റെ ഇന്ത്യൻ നേതൃത്വമാണ് ഇന്ത്യയിലെ ഹോണറിന്റെ സ്മാർട്ട്ഫോൺ നിർമാണത്തിന് നേതൃത്വം നൽകുക. 2024 ആദ്യത്തോടെ ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കാനുള്ള തയാറെടുപ്പുകളാണ് കമ്പനി നടത്തിവരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇനി എല്ലാ ഹോണർ ടെക് സ്‌മാർട്ട്‌ഫോണുകളും ''ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടും'' എന്ന് ഷെത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പൂർണമായും പ്രാദേശിക ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇന്ത്യയിൽ ഹോണർ ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുകയും വിൽക്കുകയും മറ്റ് സേവനങ്ങൾ നൽകുകയും ചെയ്യുകയെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഒരു ചൈനീസ് ബ്രാൻഡ് ഇന്ത്യയിൽ എങ്ങനെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും എന്ന സർക്കാരിന്റെ സംശയത്തിനുള്ള മറുപടികൂടിയാണ് പ്രാദേശിക ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള കമ്പനി വഴിയുള്ള പ്രവർത്തനം. ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടാകും സ്മാർട്ട്ഫോൺ നിർമാണം അടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയെന്ന് കമ്പനിയുടെ ഇന്ത്യയിലെ തലവൻ വ്യക്തമാക്കുന്നു.
ഒരു ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൂടി ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കുന്നതോടെ ഇന്ത്യയുടെ സ്മാർട്ട്ഫോൺ ഉത്പാദന ശേഷി വീണ്ടും വളരുകയും ശക്തമാകുകയും ചെയ്യും. സ്മാർട്ട്ഫോൺ നിർമാണത്തിൽ ചൈനയുമായി മത്സരിക്കുന്ന ഇന്ത്യക്ക് കരുത്തുപകരാൻ ഹോണറിന്റെ ഈ തീരുമാനം സഹായിക്കും. അടുത്തകാലത്തായി ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം വൻ തോതിൽ കുതിച്ചുയർന്നിരുന്നു.
വിഭവശേഷി ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങളും സ്മാർട്ട്ഫോൺ നിർമാണം സംബന്ധിച്ച സർക്കാർ നിലപാടുകളും ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയോടുള്ള താൽപ്പര്യക്കുറവ് മൂലം ആപ്പിൾ തങ്ങളുടെ ഐഫോണുകളുടെ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ നടത്തിയ നീക്കങ്ങളും ഗുണം ചെയ്തത് ഇന്ത്യക്കാണ്. ഐഫോണുകളുടെ നിർമാണത്തിൽ വൻ പുരോഗതിയാണ് പിന്നീട് ഇന്ത്യ കൈവരിച്ചത്.

ഇന്ത്യയിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന ഹോണർ "സ്മാർട്ട്‌ഫോണുകളുടെ നെറ്റ്‌വർക്ക്" ഇന്ത്യയിൽ വിപുലീകരിക്കുന്നതിനായി പിഎസ്‌എവി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുമ, പ്രാദേശിക ശാക്തീകരണം, സ്വാശ്രയത്വം എന്നിവ ഹോണർടെക്കിലേക്ക് സംയോജിപ്പിച്ച്, ഓരോ ഇന്ത്യക്കാരന്റെയും കഴിവിന്റെ തെളിവായി നിലകൊള്ളുന്ന ഒരു ബ്രാൻഡാണ് തങ്ങൾ സൃഷ്ടിക്കുന്നതെന്ന് പത്രക്കുറിപ്പിൽ ഷെത്ത് പറഞ്ഞു.
2024-ൽ വിൽപനയുടെ അളവ് അനുസരിച്ച് ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിപണിയുടെ 5 ശതമാനം വിഹിതം പിടിച്ചെടുക്കാനാണ് ഹോണർടെക് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ഐഡിസി റിപ്പോർട്ട് പ്രകാരം, 2023ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്നത് വിവോയാണ്. 16 ശതമാനം വിപണിവിഹിതമാണ് വിവോ കൈയടക്കിയത്.
15.7 % വിപണി വിഹിതവുമായി സാംസങ് രണ്ടാമതാണ്. റിയൽമി (12.6%), ഓപ്പോ (11%), ഷവോമി (11%) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്. അതേസമയം അടുത്തമാസം ഹോണർ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോൺ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7ജെൻ 1 ചിപ്സറ്റെ് അടിസ്ഥാനമാക്കിയുള്ളതാകാം എന്നാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ചില ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








