വൈകി വന്ന ബുദ്ധി! ഹോണർ X7c 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു; സ്ഥിരീകരിച്ച് കമ്പനി
സാധാരണയായി സ്മാർട്ട്ഫോൺ സീരീസുകൾ ക്രമത്തിലാണ് അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോൾ ഹോണർ ക്രമം തെറ്റിച്ചുകൊണ്ട് ഒരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നതായി തോന്നുന്നു. ഹോണറിന്റെ x സീരീസിൽ X9c 5G സ്മാർട്ട്‌ഫോൺ കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ x സീരീസിൽ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന കാര്യം ഹോണർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഹോണർ X7c 5ജി (HONOR X7c 5G) എന്നാണ് വരാൻ പോകുന്ന ഫോണിന്റെ പേര്. ഈ പേര് കാണുമ്പോൾ ഇത് ശരിക്കും ഹോണർ X9c 5ജിയുടെ മുൻഗാമിയല്ലേ എന്ന് തോന്നിപ്പോകും.
യഥാർഥത്തിൽ ഹോണർ X7c 5G കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കപ്പെട്ട ഫോൺ ആണ് എന്നാണ് ലഭ്യമായിരിക്കുന്ന വിവരം. ഇത് ഇപ്പോൾ ഇന്ത്യയിലേക്കും എത്തുന്നു എന്നുമാത്രം, ഇതിനകം ലഭ്യമായ സ്മാർട്ട്ഫോൺ ആയതിനാൽ ഫീച്ചറുകളെ സംബന്ധിച്ച ഏകദേശ ധാരണകൾ ലഭ്യമാണ്.

എന്നാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഹോണർ X7c 5ജി മോഡലിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് നിറങ്ങളിലാണ് ഈ ഫോൺ വരുന്നത് എന്നും, ഇന്ത്യയിൽ 8GB + 256GB മോഡലിലും ഈ 5ജി ഫോൺ ലഭ്യമാകുമെന്നും ടീസർ വ്യക്തമാക്കുന്നു.
സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്സെറ്റ് കരുത്തിൽ ആണ് ഹോണർ X7C 5ജി എത്തുക. ഇതിൽ 6.77 ഇഞ്ച് HD+ 120Hz LCD സ്‌ക്രീൻ, പഞ്ച്-ഹോളിനുള്ളിൽ 8MP ഫ്രണ്ട്- ഫേസിംഗ് ക്യാമറ, 50MP മെയിൻ ക്യാമറ എന്നിവ ഉണ്ടാകും. 35W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

സർട്ടിഫൈഡ് വാട്ടർ, പൊടി, SGS സർട്ടിഫിക്കേഷനോടുകൂടിയ ട്രിപ്പിൾ റെസിസ്റ്റൻസ് പ്രൊട്ടക്ഷനും SGS സർട്ടിഫിക്കേഷനോടുകൂടിയ ഡ്രോപ്പ് റെസിസ്റ്റൻസും ഇതിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. X7c 5G വരുമെന്ന് സ്ഥിരീകരിച്ചു എങ്കിലും കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ശേഷം പതിവ് പോലെ ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക എന്നകാര്യവും ഉറപ്പിക്കാം.
ആഗോള തലത്തിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തിയത് എങ്കിലും ഇന്ത്യയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസിലാകും ഹോണർ x7c 5ജി അവതരിപ്പിക്കുക. പുതിയ AI അധിഷ്ഠിത ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത് എങ്കിലും സെക്കൻഡറി ക്യാമറയെപ്പറ്റിയുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
ആഗോളതലത്തിൽ ഇറങ്ങിയ വേരിയന്റിൽ 5MP ഫ്രണ്ട് ക്യാമറയാണ് ഉണ്ടായിരുന്നത് എങ്കിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിൽ 8MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത് എന്നാണ് സൂചന. ഹോണർ x7c 5ജിയുടെ ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ല. ജൂലൈയിൽ പുറത്തിറങ്ങിയ ഹോണർ X9c 5G യുടെ സിംഗിൾ 8GB + 256GB മോഡലിന് 21,999 രൂപയായിരുന്നു വില.

6.78-ഇഞ്ച് 120Hz കർവ്ഡ് AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 710 GPU, 108MP മെയിൻ ക്യാമറ, 5MP അൾട്രാ-വൈഡ് ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 66W ഫാസ്റ്റ് ചാർജിംഗുള്ള 6600mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഹോണർ X9c 5ജിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications








