25000 രൂപയ്ക്കെത്തി 15000 രൂപയ്ക്ക് വിൽക്കുമോ? 108MP ട്രിപ്പിൾ റിയർ ക്യാമറയുമായി ഹോണർ X9b 5G
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ ഹോണർ X9b (Honor X9b) സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ലോഞ്ച് തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. മിഡ് റേഞ്ച് ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിലാകും ഹോണർ X9b ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക.
ഹോണർ X9b 5ജിയുടെ വരവ് സ്ഥിരീകരിച്ചതിന് പിന്നാലെ ലോഞ്ച് തീയതി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഹോണർ ആരാധകർ. അതിനിടെ, ടിപ്സ്റ്റർ പാരാസ് ഗുഗ്ലാനി (@passionategeekz) ഹോണർ X9b 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് തീയതിയും വില അടക്കമുള്ള വിവരങ്ങളും ഇപ്പോൾ ട്വിറ്ററിലൂടെ ( എക്സ് ) പുറത്തുവിട്ടിരിക്കുന്നു.

കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത അറബ് രാജ്യങ്ങളിൽ ഹോണർ X9b അവതരിപ്പിച്ചിരുന്നു. ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 108-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 35W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800mAh ബാറ്ററിയും അടക്കം ഒട്ടേറെ ഫീച്ചറുകളുമായാണ് ഈ ഫോണിന്റെ വരവ്.
വരാൻ പോകുന്ന ഹോണർ ഫോണിന്റെ വില എന്തായിരിക്കും എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആകാംക്ഷയുണ്ട്. കാരണം ഹോണറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിയ സ്മാർട്ട്ഫോൺ ആയിരുന്നു ഹോണർ 90 5ജി. ഏതാണ്ട് 37,000 രൂപയിലേറെ വിലയിലാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
എന്നാൽ ലോഞ്ച് ഓഫറായി 10000 രൂപ ഡിസ്കൗണ്ട് ലഭ്യമായതോടെ 27,000 രൂപ വിലയിൽ ഹോണർ 90 5ജി ഇന്ത്യയിൽ ലഭ്യമായിരുന്നു. പ്രീമിയം സ്മാർട്ട്ഫോണുകളെ വെല്ലുന്ന ഫീച്ചറുകളുമായാണ് ഹോണർ 90 5ജി ഇന്ത്യയിൽ എത്തിയത്. എന്നിട്ടും 27000+ രൂപ വിലയിൽ ഈ ഫോൺ ലഭ്യമായത് ആളുകളെ അമ്പരപ്പിച്ചിരുന്നു.
അടുത്തിടെ നടന്ന ഓഫർ സെയിലിൽ ഹോണർ 90 5ജി 20000 രൂപയിൽ താഴെ വിലയിലേക്ക് എത്തിയതും ഏറെ ചർച്ചയായിരുന്നു. മികച്ച ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ടതിനാൽ തന്ന ഹോണർ 90 5ജിയുടെ വിലക്കുറവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയ ഹോണർ ഫോൺ എത്താൻ പോകുമ്പോഴും ആളുകൾ ഹോണർ X9bയുടെ ഫീച്ചറുകൾക്കൊപ്പം വില എന്തായിരിക്കുമെന്നും ഉറ്റുനോക്കുന്നു.
ഹോണർ X9b യുടെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം ടിപ്സ്റ്റർ പാരാസ് ഗുഗ്ലാനിയുടെ ട്വിറ്ററിലെ വെളിപ്പെടുത്തലിൽ ഉണ്ട്. ഹോണർ X9b ഫെബ്രുവരി 8 ന് അല്ലെങ്കിൽ 9 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ടിപ്സ്റ്റർ അവകാശപ്പെടുന്നത്.

ഹോണർ X9b യുടെ പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ ഏകദേശം 25,000 - 30,000 രൂപ പ്രൈസ് റേഞ്ചിൽ ആയിരിക്കും വിൽപ്പനയ്ക്ക് എത്തുകയെന്നും ടിപ്സ്റ്റർ പറയുന്നു. ലോഞ്ച് ഓഫറായി 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുമെന്നും അതിനാൽ ഏകദേശം 23000 രൂപ വിലയിൽ ഈ ഫോൺ ലഭ്യമായേക്കുമെന്നും ടിപ്സ്റ്റർ അവകാശപ്പെട്ടു.
ഹോണർ X9bയുടെ പ്രധാന ഫീച്ചറുകൾ: യുഎഇയിൽ ഇതിനകം ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 6.78 ഇഞ്ച് 1.5K (1,200x2,652) AMOLED ഡിസ്‌പ്ലേയാണ് ഹോണർ X9b അവതരിപ്പിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, ഒപ്പം 12GB വരെ റാമുമുണ്ട്.

8ജിബി+ 256 ജിബി, 12ജിബി+ 256ജിബി ഓപ്ഷനുകളിൽ ഹോണർ X9b ഇന്ത്യയിൽ ലഭ്യമായേക്കും. 108 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 5 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്‌സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ എക്‌സ്9ബിയിൽ ഉള്ളത്. സെൽഫിക്കായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുണ്ട്.
5G, ഡ്യുവൽ-സിം, വൈഫൈ 5, ബ്ലൂടൂത്ത് 5.1, NFC, GPS, USB 2.0 കണക്ടിവിറ്റി ഓപ്ഷനുകൾ ഈ ഹോണർ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും. 35W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,800mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. സൺറൈസ് ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക്, എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ നിറങ്ങളിലാകും ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








