തകർക്കാൻ പറ്റുമെങ്കിൽ തകർക്കെടാ...! വെല്ലുവിളിച്ച് ഹോണർ X9b 5G ഇന്ത്യയിൽ
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ആത്മവിശ്വാസം പകരുന്ന പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി ഹോണർ. അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ സഹിതം എത്തുന്ന ഹോണർ എക്സ്9ബി 5ജി (Honor X9b 5G) ആണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. താഴെവീണാലും അത്രപെട്ടെന്ന് തകരില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
അൾട്രാ-ബൗൺസ് 360° ആൻ്റി ഡ്രോപ്പ് റെസിസ്റ്റൻസും അത്യാധുനിക കുഷ്യനിംഗ് ടെക്നോളജിയുമാണ് ഹോണർ എക്സ്9ബി 5ജിയുടെ ഡിസ്പ്ലേയുടെ കരുത്ത്. ഇതിലെ ഡിസ്പ്ലേയുടെ മികവിന്റെ സാക്ഷ്യപത്രമായി സ്വിറ്റ്‌സർലൻഡിൻ്റെ SGS -ൽ നിന്ന് ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതായി കമ്പനി പറയുന്നു.

SGS -ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ സ്വന്തമാക്കുന്ന വ്യവസായത്തിലെ ആദ്യ സ്മാർട്ട്ഫോണാണ് ഇതെന്ന് ഹോണർ ടെക്നോളജീസ് പറയുന്നു. ഈ സ്മാർട്ട്ഫോൺ ഡിസ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജിയുടെ നൂതനമായ ഷോക്ക് അബ്സോർബിംഗ് ഘടന, 1.5 മീറ്റർ ഉയരത്തിൽനിന്നുള്ള വീഴ്ചകളിൽപ്പോലും മികച്ച പ്രതിരോധം നൽകുന്നു.
ഉറപ്പുള്ള ഡിസ്പ്ലേയ്ക്ക് പുറമേ ചില എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. സ്‌ക്രീൻ ടൈമിനെയും ചുറ്റുപാടുകളെയും അടിസ്ഥാനമാക്കി ഡിസ്‌പ്ലേയുടെ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കാൻ ഈ ഫോണിൽ ഡൈനാമിക് ഡിമ്മിംഗ് സംവിധാനമുണ്ട്. ഇത് കണ്ണുകൾക്ക് സുഖകരമായ സാഹചര്യം ഒരുക്കുന്നു. അതിനാൽ അൽപ്പം അധികനേരം ഉപയോഗിച്ചാലും വലിയ പ്രശ്നമുണ്ടാകില്ല.
സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നതിന് പുറമേ ഉപയോക്താവിന്റെ ആരോഗ്യത്തിനും ഇതിലെ ഡിസ്പ്ലേ പിന്തുണ നൽകുന്നു. ഹോണർ X9b ഡിസ്പ്ലേയിൽ സർക്കാഡിയൻ നൈറ്റ് ഡിസ്പ്ലേ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഇത് രാത്രിയിൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിലേക്ക് അടിക്കുന്ന ഹാനികരമായ നീല വെളിച്ചം ഫിൽട്ടർ ചെയ്യുന്നു. സാധാരണയായി സ്മാർട്ട്ഫോണുകളിലെ നീലവെളിച്ചം ഉറക്കം നഷ്ടപ്പെടൻ ഇടയാക്കാറുണ്ട്. എന്നാലിവിടെ അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.
ഹോണർ X9b 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും (429PPI) ഉള്ള 6.78- ഇഞ്ച് അൾട്രാ ക്ലിയർ അമോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ X9b-യിലുള്ളത്. 1920Hz PWM ഡിമ്മിംഗ് ടെക്‌നോളജിയും ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റും ഈ ഫോണിലുണ്ട്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, ഒപ്പം 12GB റാമും 20ജിബി വരെ വെർച്വൽ റാമും 256ജിബി വരെ സ്റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഹോണർ എക്സ്9ബി 5ജി പ്രവർത്തിക്കുന്നത്.

ക്യാമറയുടെ കാര്യത്തിലും ഈ ഹോണർ ഫോൺ നിരാശപ്പെടുത്തില്ല. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ ഈ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ആഡംബര വാച്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു മികച്ച ക്ലാസിക്കൽ ഡ്യുവൽ റിംഗ് ഡിസൈനിലാണ് ഇതിലെ ക്യാമറ മൊഡ്യൂൾ എത്തുന്നത്.
108 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 5 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്‌സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ഹോണർ എക്സ്9ബി 5ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. മെയിൻ ക്യാമറയിൽ 4k വീഡിയോസ് ഷൂട്ട് ചെയ്യാം.
5G, ഡ്യുവൽ-സിം, വൈഫൈ 5, ബ്ലൂടൂത്ത് 5.1, NFC, GPS, USB 2.0 കണക്ടിവിറ്റി ഓപ്ഷനുകൾ ഈ ഹോണർ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും. 35W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,800mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന സാധാരണ ഉപയോഗത്തിന് ഇത് മതിയാകും എന്നാണ് കമ്പനി പറയുന്നത്.

ഹോണർ X9B 5Gയുടെ 8ജിബി + 256 ജിബി പ്രാരംഭ വേരിയന്റിന് 25,999 രൂപയാണ് വില. ആമസോൺ വഴിയാണ് വിൽപ്പന. തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ വഴി 22,999 രൂപയ്ക്ക് വാങ്ങാം. ലോഞ്ചിൻ്റെ ഭാഗമായി പരിമിത കാലത്തേക്ക് ഫോണിനൊപ്പം ചാർജറും കമ്പനി സൗജന്യമായി നൽകുന്നുണ്ട്. ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12:00 മണിമുതൽ ആമസോണിൽ വിൽപ്പന ആരംഭിക്കും.
ആമസോണിലെ ലോഞ്ച് ഓഫർ പേജ് വിവരങ്ങൾ പ്രകാരം ഹോണർ എക്സ്9ബിയുടെ 8ജിബി+256 ജിബി പ്രാരംഭ വേരിയന്റിന് 30000 രൂപയാണ് എംആർപി. എന്നാലിതിന്റെ എംഒപി (മാർക്കറ്റ് ഓപ്പണിങ് പ്രൈസ്) 25,999 രൂപയാണ്. ഇതോടൊപ്പം 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും കിട്ടും. അങ്ങനെ ആകെ 22,999 രൂപയ്ക്ക് ഇത് വാങ്ങാമെന്നാണ് ആമസോൺ പറയുന്നത്.
ഹോണർ എക്സ്9ബി സ്മാർട്ട്ഫോണിനൊപ്പം ഹോണർ ചോയിസ് എക്സ്5 ഇയർബഡ്സും (Honor Choice X5 earbuds), ഹോണർ ചോയ്സ് വാച്ചും (Honor Choice Watch) പുറത്തിറക്കിയിട്ടുണ്ട്. ഹോണർ ചോയ്‌സ് വാച്ച് 5,999 രൂപയ്ക്ക് ഫെബ്രുവരി 24 മുതലും ചോയിസ് എക്സ്5 ഇയർബഡ്സ് 1,999 രൂപയ്ക്ക് ഫെബ്രുവരി 16 മുതലും വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications








