മൊബൈല്‍ മത്സരം മുറുകുന്നു, ഹുവാവെ ജി7300 എത്തുന്നു

Posted By:

മൊബൈല്‍ മത്സരം മുറുകുന്നു, ഹുവാവെ ജി7300 എത്തുന്നു

സെല്‍ ഫോണുകളുടെയും, വയര്‍ലെസ് ഇന്റര്‍നെറ്റ് ടെക്‌നോളജിയുടെയും കാര്യത്തില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് ഹുവാവെ.  വെറും, ഫോണ്‍ ചെയ്യുക, പാട്ടു കേള്‍ക്കുക, ഗെയിം കളിക്കുക തുടങ്ങിയവയില്‍ നിന്നും എല്ലാം ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു ഹാന്‍ഡ്‌സെറ്റുകളുടെ ധര്‍മ്മം.  ഇന്നിപ്പോള്‍ മൊബൈല്‍ ഫോണ്‍ എന്നു പറഞ്ഞാല്‍ നമ്മുടെ ജീവിതത്തില്‍ നിന്നും പറിച്ചു മാറ്റാന്‍ സാധിക്കാത്ത ഒരു അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുന്നു.

ഇന്റര്‍നെറ്റ് മുതല്‍ വ്യത്യസ്തവും നൂതനവുമായ അനവധി ആപ്ലിക്കേഷനുകളുടെ മത്സരമാണ് വാസ്തവത്തില്‍ ഇന്ന് മൊബൈല്‍ ഫോണ്‍ വിപണിയില്‍ നടക്കുന്നത്.  ആദ്യ കാലങ്ങളില്‍ വലിപ്പം കൂടിയ ഹാന്‍ഡ്‌സെറ്റുകളായിരുന്നെങ്കിലും, കാലക്രമേണ അവയുടെ വലിപ്പം കുറഞ്ഞു വന്നു.

വലിപ്പം കുറഞ്ഞതിനനുസരിച്ച് ആളുകള്‍ ഫോണുകളുടെ ഡിസൈനിലും, സ്‌റ്റൈലിലും ശ്രദ്ധിച്ചു തുടങ്ങി.  കൂടുതല്‍ മെലിഞ്ഞ മോഡലുകള്‍, വ്യത്യസ്തവും ആകര്‍ഷണീയവുമായ വര്‍ണ്ണങ്ങളില്‍ ഇറക്കാന്‍ അങ്ങനെ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചു തുടങ്ങി.

ഹുവാവെയും ഇക്കാര്യങ്ങളില്‍ ഒട്ടും പിന്നിലാവാതെ ശ്രദ്ധിക്കുന്നുണ്ട്.  മത്സരം കൂടുതലായതുകൊണ്ടു തന്നെ പരമാവധി വില കുറച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കാര്യത്തിലും നിര്‍മ്മാതാക്കള്‍ പരസ്പരം മത്സരിക്കുന്നുണ്ട്.

ഇന്ത്യന്‍ വിപണിയിലും മറ്റു ഇന്റര്‍നാഷണല്‍ വിപണിയിലും ഒരുപോലെ സ്ഥാനമുറപ്പിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഹുവാവെ.

ഹുവാവെ പുറത്തിറക്കിയ ബാര്‍ ആകൃതിയിലുള്ള ഫാക്റ്റര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ജി7300.  ടിഎഫ്ടി, എച്ച് വിജിഎ 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ് ഇതിനുള്ളത്.  ഡിജിറ്റല്‍ സൂം സൗകര്യമുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയാണിതിനുള്ളത്.  115 എംഎം നീളവും, 106 എംഎം വീതിയും, 60 എംഎം കട്ടിയുമുള്ള ഈ ഫോണിന്റെ ഭാരം 110 ഗ്രാം ആണ്.

വെറും 3 മണിക്കൂര്‍ 20 മിനിട്ട് മാത്രം ടോക്ക് ടൈമും, 200 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1300 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  312 മെഗാഹെര്‍ഡ്‌സ് പ്രോസസ്‌റിന്റെയും എംടികെ 6236 ചിപ്‌സെറ്റിന്റെയും സപ്പോര്‍ട്ട് ഉണ്ട് ഹുവാവെ ജി7300ന്.

വാപ് അല്ലെങ്കില്‍ എച്ച്ടിഎംഎല്‍ ആണ് ഇതില്‍ ഉള്ള ബ്രൗസര്‍ ഒപ്ഷനുകള്‍.  എഫ്എം റെക്കോര്‍ഡിംഗ് സൗകര്യമുള്ള എഫ്എം റേഡിയോ, ജാവ, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ജിടോക്ക്, എംഎസ്എന്‍ എന്നിവയിലേക്കുള്ള ആപ്ലിക്കേഷനുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്.

40 എംബി ഇന്റേണല്‍ മെമ്മറിയുള്ള ഇതിന്റെ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 16 ജിബി കൂടി ഉയര്‍ത്താനുള്ള സംവിധാനവും ഉണ്ട്.  മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഇതിനുണ്ട്.  ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot