ഇത് ഹാൻഡ് ബാഗോ, പഴ്സോ? രണ്ടും അല്ലഡേയ്, സ്മാർട്ട്ഫോൺ; 'പെൺകുട്ടികൾ ഇത് കണ്ടാൽ വാങ്ങാതെ ഉറങ്ങില്ല'!
കാണാൻ നല്ല കിടിലൻ പഴ്സ്, പക്ഷേ ഒന്നു നിവർത്തിയാൽ അത് ഉഗ്രൻ സ്മാർട്ട്ഫോൺ ആകും. ടെക്നോളജിയെ ഫാഷനോട് കൂട്ടിച്ചേർത്ത് വ്യത്യസ്തമായ ഒരു ഫോൾഡബിൾ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ ഹോണർ. ഐഎഫ്എ(Internationale FunkAusstellung) ബെർലിൻ 2023 വേദിയിലാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടത്.
ഇപ്പോൾ ഫോൾഡബിൾ ഫോണുകൾ വീണ്ടും തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രണ്ട് ഫോൾഡബിൾ ഫോണുകളാണ് ഹോണർ ഐഎഫ്എ വേദിയിൽ അവതരിപ്പിച്ചത്. ഇതിൽ ഒരു ഫോൺ ഗാലക്‌സി ഇസഡ് ഫോൾഡ് 5 പോലുള്ളവയുമായി മത്സരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഫോൾഡബിൾ ഫോൺ മാത്രമാണ്. രണ്ടാമത്തെ ഫോണാണ് ഹോണർ വി പഴ്സ്.

ഹോണർ വി പേഴ്‌സ് എന്ന പേര് തന്നെ ഈ സ്മാർട്ട്ഫോണിന്റെ ഡിസൈനെക്കുറിച്ച് സൂചന നൽകുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽവച്ച് ഏറ്റവും 'ഗ്ലാമർ' ഉള്ള സ്മാർട്ട്ഫോൺ എന്ന് ഹോണറിന്റെ ഈ കൺസെപ്റ്റ് ഫോണിനെ വിളിക്കാൻ സാധിക്കും. ഫോൾഡിംഗ് ഡിസ്‌പ്ലേ ഡിസൈൻ ഉള്ള ഈ സ്‌മാർട്ട്‌ഫോൺ 2019-ലെ ഹാവെയ് മേറ്റ് എക്സ് ഫോൾഡബിൾ ഫോണിനെ അനുസ്മരിപ്പിക്കുന്നു.
എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന മടക്കാവുന്ന ഡിസ്‌പ്ലേ, ഒരു യഥാർത്ഥ ഹാൻഡ്‌ബാഗിന്റെയോ പേഴ്‌സിന്റെയോ രൂപവും ഭാവവും പകർത്താൻ ഇന്ററാക്ടീവ് ഓൾവേസ് ഓൺ ഡിസ്‌പ്ലേ (AOD) വാൾപേപ്പറുകൾ ഉപയോഗിക്കും. ഹോണർ ഇതിനെ "ഫൈ-ഡിജിറ്റൽ ഫാഷൻ സ്റ്റേറ്റ്‌മെന്റ്" എന്നാണ് വിളിക്കുന്നത്. മടക്കിക്കഴിയുമ്പോൾ, ഒരു സാധാരണ ഫോൾഡിംഗ് സ്മാർട്ട്‌ഫോൺ പോലെ ഈ ഫോൺ ഉപയോഗിക്കാൻ കഴിയും.
മടക്കിയ അവസ്ഥയിൽ, ഹിംഗിലെ ബിൽറ്റ്-ഇൻ ക്ലാപ്പുകളിൽ ഘടിപ്പിച്ചിരിക്കുന്ന നിരവധി സ്ട്രാപ്പുകളും ചങ്ങലകളും ഉപയോഗിക്കാം. ഫോൺ പിടിക്കുന്നതിനുള്ള ഹാൻഡ്‌റെസ്റ്റായി ഇത് ഉപയോഗപ്പെടുത്താം. ഹോണർ വി പേഴ്സിന്റെ ഡിസ്‌പ്ലേയിൽ തനതായ ഡിസൈനുകളും ഇന്ററാക്ടീവ് ഘടകങ്ങളും കൊണ്ടുവരാൻ ആഗോളതലത്തിൽ പ്രശസ്തരായ നിരവധി കലാകാരന്മാരുമായി ഹോണർ സഹകരിച്ചിട്ടുണ്ട്.
ഹോണർ വി പേഴ്‌സിൽ ഇഷ്‌ടാനുസൃത എഒഡി ഡിസൈനുകളും ശൈലികളും കൊണ്ടുവരാൻ ബർബെറി മെൻസ്‌വെയർ ഡിസൈൻ ഡയറക്ടർ ബ്രാം വാൻ ഡീപെൻ, സമകാലിക ആർട്ടിസ്റ്റ് യൂനുൻ എസ്പാർസ, ചൈന അക്കാദമി ഓഫ് ആർട്ട് ഇന്റർനാഷണൽ കോളജിന്റെ ഡീൻ യുവാൻ യൂമിൻ, ഇന്റർ ഡിസിപ്ലിനറി ആർട്ടിസ്റ്റ് സിയാവോ ഹുയി വാങ് എന്നിവരുടെയൊക്കെ സഹകരണം ഹോണർ ഉപയോഗപ്പെടുത്തി.
ഗൂഗിൾ അടക്കമുള്ള നിരവധി ബ്രാൻഡുകൾ ഫോൾഡബിൾ ഫോണുകളുടെ നിർമാണത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ ഫോൾഡബിൾ ഫോണുകളിൽ മത്സരം ശക്തമാകുന്നതിനിടയിലാണ് ഡിസൈനിൽ ഇത്തരമൊരു ധീരമായ പരീക്ഷണം നടത്തി ഹോണർ തങ്ങളുടെ കൺസെപ്റ്റ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഫോൺ പുറത്തിറക്കിയാൽ അത് ഒരു ഫാഷനബിൾ ഡിവൈസായി മാറും എന്ന പ്രതീക്ഷയാണ് ഹോണർ മുന്നോട്ട് വയ്ക്കുന്നത്.

ഒരു ഫാഷനബിൾ ഡിവൈസ് എന്ന നിലയിൽ ഹോണർ ഇത്തരമൊരു ആശയം മുന്നോട്ട് വയ്ക്കുമ്പോൾതന്നെ അത് എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. മോഷ്ടാക്കളെ ആകർഷിക്കും എന്നതിന് പുറമേ, സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനുള്ള സുരക്ഷിത മാർഗമല്ല ഇതെന്നും വിമർശിക്കപ്പെടുന്നു. സ്ട്രാപ്പ് പൊട്ടിയാലോ ഒരു പരുക്കൻ പ്രതലത്തിൽ ഡിസ്പ്ലേ ഉരസിയാലോ ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകളിലേക്കും വിമർശകർ വിരൽ ചൂണ്ടുന്നു.
എന്നാൽ അതേസമയം തന്നെ ഫാഷനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു അത്യുഗ്രൻ ആശയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ''തികച്ചും പുതിയതും അതുല്യവും വിപ്ലവകരവുമായ ആശയമാണ് ഇതെന്ന് ഹോണർ ഡിസൈൻ ടീം പറയുന്നു. മുമ്പ് കണ്ട ഫോണുകളിൽനിന്ന് വ്യത്യസ്തമാണ് ഇത്. ഇത് ഭാവിയുടെ സ്‌മാർട്ട്‌ഫോണാണ്, അത് ഫാഷന്റെയും സാങ്കേതികവിദ്യയുടെയും ഭാവിയിലേക്ക് വഴിയൊരുക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.
എന്നാൽ വാണിജ്യ അടിസ്ഥാനത്തിൽ ഹോണർ വി പഴസ് പുറത്തിറക്കാൻ കമ്പനി തയാറാകുമോ എന്നകാര്യം വ്യക്തമായിട്ടില്ല. അതേസമയം, വി പഴ്‌സിന് പുറമെ, തങ്ങളുടെ ഏറ്റവും കനം കുറഞ്ഞതും ഉള്ളിലേക്ക് മടക്കാവുന്നതുമായ ഹോണർ മാജിക് വി2 സ്മാർട്ട്‌ഫോണും കമ്പനി ഇതോടൊപ്പം പുറത്തിറക്കി. മടക്കിയാൽ 9.9 എംഎം 2 കട്ടി മാത്രമാണ് ഇതിനുണ്ടാകുക.

ഹോണർ മാജിക് വി2വിന് 231 ഗ്രാം ഭാരമുണ്ട്. 5,000 എംഎഎച്ച് വരെ ശേഷിയുള്ള സിലിക്കൺ-കാർബൺ-ഡ്യുവൽ ബാറ്ററി ഇതിലുണ്ട്. ഹിഞ്ച് മെക്കാനിസത്തിന് കൂടുതൽ കരുത്തും ദീർഘായുസ്സും നൽകാൻ ഹോണർ മാജിക് V2-ൽ സൂപ്പർ-ലൈറ്റ്വെയ്റ്റ് ടൈറ്റാനിയം ഹിഞ്ചും എക്സ്ക്ലൂസീവ് സ്റ്റീലും ഉപയോഗിച്ചിരിക്കുന്നു. 400,000-ലധികം മടക്കുകളെ പിന്നിട്ട് മാജിക് V2-ന് SGS ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ടെന്ന് ഹോണർ പറയുന്നു.
മാജിക് V2വിലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ 50MP പ്രധാന ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, 20MP ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്തുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ രണ്ട് 16MP ക്യാമറകളുണ്ട്. കണ്ണട ധരിക്കുന്നവർക്ക് ഇതിലെ 3840Hz PWM ഡിമ്മിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടും. ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.


Click it and Unblock the Notifications








