108 എംപി ക്യാമറയോടൊപ്പം ഗെയിമിങ് മികവും! ഇൻഫിനിക്സ് ജിടി 10 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ ഗെയിമിങ് ആരാധകരെയും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ശേഷിയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടുകൊണ്ട് ഇൻഫിനിക്സ് തങ്ങളുടെ ഇൻഫിനിക്സ് ജിടി 10 പ്രോ (Infinix GT 10 Pro) ഇന്ത്യയിൽ അവതരിപ്പിച്ചു. നത്തിങ് ഫോണിലേതിന് സമാനമായ ഡിസൈൻ ആണ് ഈ ഫോണിന്റെ എടുത്തുപറയേണ്ട പ്രധാന സവിശേഷത.
കാഴ്ചയിൽ നത്തിങ്ങിനോടുള്ള സാദൃശ്യം മൂലം ഇതിനകം തന്നെ ഇൻഫിനിക്സ് ജിടി 10 പ്രോയുടെ വരവ് ഏറെ ചർച്ചയായിരുന്നു. നത്തിങ്ങിന്റെ പിൻ ഭാഗത്ത് നൽകിയിരിക്കുന്ന എൽഇഡി ലൈറ്റുകൾ ഈ ഇൻഫിനിക്സ് ഫോണിൽ ഇല്ല. എങ്കിലും ഇൻഫിനിക്സ് ജിടി 10 പ്രോയുടെ ഡിസൈൻ കാഴ്ചയിൽ നത്തിങ്ങിനെ അനുസ്മരിപ്പിക്കുന്നു.

നത്തിങ്ങിലുള്ള എൽഇഡി ഇതിൽ ഇല്ലെങ്കിലും റിയർ ക്യാമറ മൊഡ്യൂളിന് സമീപം ചെറിയ സ്ട്രിപ്പുകൾ ഉണ്ട്, അവ പൂർണ്ണമായും അലങ്കാരത്തിനായി മാത്രം നൽകിയിരിക്കുന്നു. ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തും വിധത്തിലാണ് ഈ സ്മാർട്ട്ഫോൺ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന് നത്തിങ് അവകാശപ്പെടുന്നു. ഗെയിമർമാരെയാണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് എന്ന് നത്തിങ് ഇതിലൂടെ വ്യക്തമാക്കുന്നു.
ഇൻഫിനിക്സ് ജിടി 10 പ്രോ സവിശേഷതകൾ: 120Hz വരെ റിഫ്രഷ് റേറ്റുമായി 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ജിടി 10 പ്രോ അവതരിപ്പിക്കുന്നത്. ഗെയിമുകൾ അടക്കം മികച്ച രീതിയിൽ ആസ്വദിക്കുന്നതിനായി സ്‌ക്രീനിൽ സൂപ്പർ സ്ലിം ബെസലുകൾ നൽകിയിരിക്കുന്നു. മാത്രമല്ല, ജിടി 10 പ്രോ ഡിസ്‌പ്ലേയ്ക്ക് 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുണ്ടെന്ന് ഇൻഫിനിക്‌സ് അവകാശപ്പെടുന്നു.
മികച്ച ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ ഇൻഫിനിക്സ് ഫോണിന്റെ കരുത്ത് മീഡിയടെക് ഡിമെൻസിറ്റി 8050 ചിപ്സെറ്റാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിന് അകമ്പടിക്ക് എത്തുന്നു. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് റാം 16 ജിബി വരെ വർധിപ്പിക്കാനുള്ള ഓപ്ഷനും ഇൻഫിനിക്സ് നൽകിയിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ജിടി 10 പ്രോയിൽ ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതോടൊപ്പം, 2 മെഗാപിക്സലിന്റെ രണ്ട് ക്യാമറ സെൻസറുകളും എത്തുന്നു. ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറ ഫ്രണ്ടിൽ നൽകിയിരിക്കുന്നു.
ഇന്ത്യയിൽ ഇപ്പോൾ 5ജി ഫോണുകളിലേക്കുള്ള മാറ്റത്തിന്റെ സമയമാണ്. ഈ സാഹചര്യം മനസിലാക്കിത്തന്നെ 5G ഫോൺ എന്ന നിലയിലാണ് ജിടി 10 പ്രോ എത്തുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഗെയിംപാഡുകൾ ബന്ധിപ്പിക്കുന്നതിന് ഉപയോഗപ്രദമായ USB OTG പിന്തുണ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.
ദീർഘനേരമുള്ള ഗെയിമിങ്ങിന് അനുയോജ്യമായ വിധത്തിൽ, ദീർഘനേരം നീണ്ടുനിൽക്കുന്ന 5,000mAh ബാറ്ററിയും അതിവേഗമുള്ള ചാർജിങ്ങിനായി 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇൻഫിനിക്സ് ജിടി 10 പ്രോയിൽ ഉണ്ട്. ഇതിലെ ഡിടിഎസ് ഓഡിയോ ടെക്നോളജിയും ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും നൽകുന്ന സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകൾ ഗെയിമിങ് കൂടുതൽ ആസ്വദിക്കാൻ സഹായിക്കും.
ഗെയിമിംഗ് സെഷനുകളിൽ 7 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ഇൻ-ഹൗസ് ബൈപാസ് ചാർജിംഗ് മോഡ് ആണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ. ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നീ ഫീച്ചറുകളും ഇതോടൊപ്പം ജിടി 10 പ്രോയിൽ ഇടംപിടിച്ചിരിക്കുന്നു.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13-ൽ ആണ് ജിടി 10 പ്രേയുടെ പ്രവർത്തനം. രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റിനൊപ്പം Android 14-ലേക്ക് ഒരു അപ്‌ഗ്രേഡും കമ്പനി ഉറപ്പ് നൽകുന്നു. സൈബർ ബ്ലാക്ക്, മിറേജ് സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. ഇന്ന് മുതൽ തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാക്കിയിട്ടുണ്ട്.
ഇൻഫിനിക്‌സ് ജിടി 10 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 19,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഫോൺ ഓഡർ ചെയ്യാം. 20000 രൂപയിൽ താഴെ വിലയിൽ 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഇൻഫിനിക്സ് വാഗ്ദാനം ചെയ്യുന്നു എന്നത് ഏറെ ശ്രദ്ധേയവും സ്വാഗതാർഹവുമാണ്.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ജിടി 10 പ്രോയ്ക്ക് ആക്സിസ് ബാങ്കുമായി സഹകരിച്ചുകൊണ്ട് ബാങ്ക് ഓഫറും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നു. ഐസിഐസിഐ, കൊട്ടക് ബാങ്ക് കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് 2,000 രൂപ ഡിസ്കൗണ്ട് ലഭ്യമായേക്കും. കൂടാതെ ആദ്യം ഫോൺ വാങ്ങുന്ന 5000 പേർക്ക് ചില അധിക ഗെയിമിംഗ് ആക്‌സസറികളും ലഭിക്കും.


Click it and Unblock the Notifications








