കണ്ടാൽ ഒരമ്മപെറ്റ മക്കളാണെന്നേ പറയൂ! ഗ്ലാമർ ഒട്ടും കുറയ്ക്കാതെ ഇൻഫിനിക്സ് ജിടി 10 സീരീസ്
ഇന്ത്യയിലെ ഇൻഫിനിക്സ് ആരാധകർക്കും മികച്ചൊരു ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കും സന്തോഷിക്കാം. ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസ് ആയ ഇൻഫിനിക്സ് ജിടി 10 സീരീസ് ( Infinix GT 10 series ) ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇത് സംബന്ധിച്ച ടീസർ ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടു.
ഇതോടെ ഏറെ നാളായി നിലനിന്ന ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കും അവസാനമായി. പുതിയ ഇൻഫിനിക്സ് ജിടി 10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തമാസം ജിടി 10 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും. അതോടൊപ്പം ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലും ലഭ്യമാകും.

ഇൻഫിനിക്സ് ജിടി 10 പ്രോ, ഇൻഫിനിക്‌സ് ജിടി 10 പ്രോ+ എന്നിവയാണ് ഇൻഫിനിക്സ് ജിടി 10 സീരീസിൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടുന്നത്. എന്നാൽ ഇതിൽ ഇൻഫിനിക്സ് ജിടി 10 പ്രോ + സീരീസ് ഇന്ത്യയിൽ ലഭ്യമായേക്കില്ല, ജിടി 10 പ്രോ മോഡലാകും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.
നത്തിങ് ഫോണുകളോട് രൂപസാദൃശ്യം തോന്നുന്ന തരത്തിലാണ് ജിടി 10 സീരീസ് എത്തുന്നത് എന്നത് സ്മാർട്ട്ഫോൺ പ്രേമികളിൽ വളരെ കൗതുകമുണർത്തുന്നു. എന്നാൽ സവിശഷമായ സൈബർ മെക്ക (Cyber mecha design ) ഈ സ്മാർട്ട്ഫോണിനെ വേറിട്ട് നിർത്തുന്നു. രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
ഇൻഫിനിക്സ് ജിടി 10 സീരീസിലെ സൈബർ ബ്ലാക്ക് വേരിയന്റിന് തിളക്കമുള്ള ഓറഞ്ച് ഹൈലൈറ്റുകൾ ഉണ്ട്, അതേസമയം മിറാഷ് സിൽവർ വേരിയൻറ് യുവി ലൈറ്റിന് കീഴിൽ നിറം മാറുന്ന ബാക്ക് പാനൽ ആണ് നൽകിയിരിക്കുന്നത്. പുറം കാഴ്ചയ്ക്കപ്പുറം ഈ സ്മാർട്ട്ഫോണിന്റെ ഉള്ളിലെ ഫീച്ചറുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എങ്കിലും പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രധാന ഫീച്ചറുകൾ സംബന്ധിച്ച് ചില സൂചനകൾ നൽകിയിട്ടുണ്ട്. അടുത്തിടെ ഇൻഫിനിക്സ് ജിടി 10 സീരിസിന്റെ റെൻഡറുകൾ ചോർന്നിരുന്നു. ഇൻഫിനിക്സ് സ്മാർട്ട്ഫോണുകളിലേതിന് സമാനമായ ബാക്ക് പാനലുമായാണ് ജിടി 10 സീരീസ് എത്തുന്നത് എന്ന് അങ്ങനെയാണ് പുറത്തുവന്നത്. ഇൻഫിനിക്സ് ജിടി 10 സീരീസ് സെമി-സുതാര്യമായ ബാക്ക് പാനൽ അവതരിപ്പിക്കുമെന്ന് അങ്ങനെയാണ് സ്ഥിരീകരിക്കപ്പെട്ടത്.
നത്തിങ് ഫോണുകളിലേതിന് സമാനമായി ഇൻഫിനിക്സ് ജിടി 10 സീരീസിന്റെ ബാക്ക് പാനലിൽ മിനി എൽഇഡികൾ ഉണ്ടായിരിക്കുമെന്നാണ് സൂചന. കൂടാതെ ഈ സീരിസിലെ ഒരു ഫോൺ 26 ജിബി റാം അവതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ആദ്യ 26 ജിബി റാം ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ബ്രാൻഡ് എന്ന നേട്ടം ഇൻഫിനിക്സിന്റേതാകും.
ലീക്ക് റിപ്പോർട്ടുകൾ പ്രകാരം മീഡിയടെക് ഡൈമെൻസിറ്റി 8050 ചിപ്‌സെറ്റാകും ഇൻഫിനിക്സ് ജിടി 10 പ്രോയിൽ ഉണ്ടാകുക. 256 ജിബി സ്റ്റോറേജും 16 ജിബി റാമും ഈ ഫോൺ വാഗ്ദാനം ചെയ്യും. 7,000mAh ബാറ്ററിയാകും ഇൻഫിനിക്സ് അവതരിപ്പിക്കുക എന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ 5,000mAh ആയിരിക്കും എന്നതിനാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.
160W അല്ലെങ്കിൽ 260W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ജിടി 10 പ്രോയിൽ കമ്പനി നൽകിയേക്കാം. ഡിസ്പ്ലേയുടെ കാര്യത്തിലേക്ക് വന്നാൽ, 120Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേ ജിടി 10 പ്രോയിൽ ഉണ്ടാകും. കൃത്യമായ ഡിസ്പ്ലേ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് സൂചിപ്പിച്ചുകൊണ്ട് ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ട പരസ്യം ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായാണ് ഈ ഫോണെത്തുന്നതെന്ന് വ്യക്തമാക്കുന്നു.

108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളും ഉൾപ്പെടുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഫ്രണ്ടിൽ പഞ്ച് ഹോൾ ഡിസ്പ്ലേ ഡിസൈനും കാണാം. ജിടി 10 പ്രോയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും 20000 രൂപയ്ക്ക് മുകളിലായിരിക്കും എന്ന് കരുതപ്പെടുന്നു.
ഇന്ത്യയിൽ ഓഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇൻഫിനിക്സ് ജിടി 10 സീരീസ് പ്രീ-ഓർഡറിനായി ലഭ്യമാകും. ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് ഈ സ്മാർട്ട്ഫോണിനൊപ്പം "പ്രോ ഗെയിമിംഗ് കിറ്റ്" ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും.


Click it and Unblock the Notifications








