ഡിസ്കൗണ്ട് അതിന്റെ പാട്ടിന് പോട്ടെ, ഈ 5ജി ഫോൺ വാങ്ങാൻ ഒരു ഡിസ്കൗണ്ടും വേണ്ട; ഇത് ഐറ്റം ഏതെന്ന് അറിയാമോ
സ്മാർട്ട്ഫോണുകൾ ചറപറാ ലോഞ്ച് ചെയ്യുന്നുണ്ടെങ്കിലും ബജറ്റ് വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ വളരെ കുറവാണ്. എങ്കിലും എല്ലാ ബ്രാൻഡുകളും 10000 രൂപയോട് അടുത്ത വിലയിൽ 5ജി ഫോണുകൾ ഇറക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എങ്കിലും വിലക്കുറവിൽ എത്തുന്ന ഫോണുകളിൽ ചിലത് 4ജി ഫോണുകളാണ്. അതിനാൽത്തന്നെ ഫോൺ വാങ്ങാനിറങ്ങിപ്പുറപ്പെടുമ്പോൾ 5ജി ഫോൺ ആണോ വാങ്ങുന്നത് എന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പിക്കുന്നത് നന്നായിരിക്കും. പുതിയ ഫോൺ വാങ്ങുമ്പോൾ 5ജി ഫോണുകൾ വാങ്ങുന്നതാണ് നല്ലത്. ചെറിയ വിലക്കുറവ് കണ്ട് 4ജി ഫോണുകൾ വാങ്ങാതിരിക്കുക. ഇപ്പോൾ പുത്തൻ ഫോണുകൾ ലോഞ്ച് ചെയ്യുന്നതിനാൽ അവയിൽ പലതിന്റെയും മുൻ മോഡലുകൾ വിലക്കുറവിൽ ലഭ്യമാണ്.
എങ്കിലും 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ് പരിഗണിക്കുന്നത് എങ്കിൽ ഐക്യൂ Z9 ലൈറ്റ് 5G, വിവോ T3 ലൈറ്റ് 5ജി, റെഡ്മി 13സി 5ജി, റിയൽമി C63 5G, മോട്ടോ G45 5G എന്നിവയെല്ലാം പരിഗണിക്കാവുന്നതാണ്. എന്നാൽ ഈ ഫോണുകളിൽ പലതും ഡിസ്കൗണ്ട് കൂടി ഉൾപ്പെടുമ്പോഴാണ് പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുക.

എന്നാൽ ഒരു ഡിസ്കൗണ്ടിന്റെയും സഹായമില്ലാതെ വാങ്ങാൻ പറ്റിയ ഒരു പുതിയ 5ജി ഫോൺ അടുത്തിടെ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇൻഫിനിക്സ് ഇൻഫിനിക്സ് ഹോട്ട് 50 5ജി (Infinix Hot 50 5G) ആണ് അത്. ഇതിന്റെ അടിസ്ഥാന വേരിയന്റ് 9999 രൂപയിൽ താഴെ വിലയിലാണ് ലോഞ്ച് ചെയ്തത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇത് 8999 രൂപ വിലയിൽ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ആ ഓഫർ ലഭ്യമല്ല.
എങ്കിലും മറ്റ് പല ഫോണുകളും ഡിസ്കൗണ്ടിന് ശേഷം 9999 രൂപ വിലയിൽ എത്തുമ്പോൾ ഈ പുത്തൻ ബജറ്റ് 5ജി ഫോൺ ഒരു ഡിസ്കൗണ്ടും ഇല്ലാതെ തന്നെ 9999 രൂപയ്ക്ക് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇത് ലഭ്യമാകുക. ഈ ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.

ഇൻഫിനിക്സ് ഹോട്ട് 50 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB / 8GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5-ൽ ആണ് പ്രവർത്തനം.
സോണി IMX582 സെൻസറോട് കൂടിയ 48MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചർ, ഡെപ്ത്ത് സെൻസർ, AI ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിന്റെ പ്രത്യേകതകൾ. എൽഇഡി ഫ്ലാഷോട് കൂടിയ 8എംപി ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ /മൈക്രോ എസ്ഡി), സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
ഇൻഫിനിക്‌സ് ഹോട്ട് 50 5ജിയുടെ 4GB+ 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും 8GB+ 128GB വേരിയന്റിന് 10,999 രൂപയും ആണ് വില. വൈബ്രൻ്റ് ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, സേജ് ഗ്രീൻ, ഡ്രീമി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ബജറ്റ് വിലയിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോണിൽ ഇൻഫിനിക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications