ഗ്ലാമറിന് ഗ്ലാമർ, കരുത്തിന് കരുത്ത്, പോരാത്തതിന് ലാഭമുള്ള വിലയും; ഇൻഫിനിക്സ് നോട്ട് 30 5ജി എത്തി!
വമ്പൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് കിടിലനൊരു 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഇൻഫിനിക്സ്. ഇതിനോടകം ഇന്ത്യക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ള കമ്പനി ഇൻഫിനിക്സ് നോട്ട് 30 5ജി (Infinix Note 30 5G) എന്ന് പേരിട്ടിരിക്കുന്ന പുതിയ 5ജി സ്മാർട്ട്ഫോൺ ആണ് ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച ഫീച്ചറുകൾ നൽകുന്ന സ്മാർട്ട്ഫോൺ ആണെങ്കിൽ ബ്രാൻഡിന്റെ പ്രശസ്തിയൊന്നും നോക്കാതെ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രം ഇന്ത്യക്കാർക്കുണ്ട്. ഇന്ന് പ്രമുഖരായ പല ബ്രാൻഡുകളും മികച്ച സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ കയറിപ്പറ്റിയത്. അതേപാത പിന്തുടർന്ന് ഒരു വൻ കുതിപ്പിനുള്ള മരുന്നൊളിപ്പിച്ചാണ് ഇൻഫിനിക്സിന്റെ വരെവെന്ന് കരുതാം.

കാരണം ആകർഷകമായ വിലയിൽ അതിനെക്കാൾ ആകർഷകമായ ഫീച്ചറുകൾ ഇൻഫിനിക്സ് നോട്ട് 30 5ജി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് ഒറ്റനോട്ടത്തിൽ കാണാനാകുക. 16,000 രൂപയിൽതാഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ 5000 എംഎഎച്ച് ബാറ്ററി, 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഇൻബിൽറ്റ് ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റം വാഗ്ദാനം ചെയ്യുന്നതിനായി പ്രശസ്ത ഓഡിയോ ബ്രാൻഡായ ജെബിഎല്ലുമായി (JBL) കമ്പനി സഹകരിച്ച് പ്രവർത്തിക്കുന്നു എന്നതാണ് ഇൻഫിനിക്സ് നോട്ട് 30 5ജിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. രണ്ട് റാം വേരിയന്റുകളിലാണ് ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുക.

മികച്ച പ്രകടനവും സ്റ്റൈലിഷ് ഡിസൈനും ഉള്ള താങ്ങാനാവുന്ന വിലയുമുള്ള സ്മാർട്ട്‌ഫോണിനായി തിരയുന്ന ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തതാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ 16,000 രൂപയിൽ താഴെ വിലയിൽ എത്തിയ ഈ പുതിയ 5ജി സ്മാർട്ട്‌ഫോണിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി എത്തുന്നത്. താങ്ങാനാകുന്ന വിലയിലെത്തുന്ന ഈ സ്മാർട്ട്ഫോണിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി മീഡിയടെക് ഒക്ടാ കോർ ഡൈമെൻസിറ്റി 6080 6nm ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. 8 ജിബി വരെ റാമും 8 ജിബി വരെ വെർച്വൽ റാം പിന്തുണയും ഇതിലുണ്ട്.
ഇൻഫിനിക്സ് നോട്ട് 30യിലെ ട്രിപ്പിൾ റിയർ ക്യാമറ വിഭാഗത്തെ നയിക്കുന്നത് 108 എംപി ക്യാമറയാണ്. ക്വാഡ്-എൽഇഡി ഫ്ലാഷും ഇതോടൊപ്പമുണ്ട്. ഫ്രണ്ടിൽ ഡ്യുവൽ ക്യാമറ എൽഇഡി ഫ്ലാഷുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. കണക്ടിവിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ 5G സിം കാർഡുകളെ പിന്തുണയ്ക്കുന്ന നോട്ട് 30 ഏകദേശം 14 5ജി ബാൻഡുകളുമായി പൊരുത്തപ്പെടുന്നു.
ഇത്രയും 5ജി ബാൻഡുകളുടെ പിന്തുണ രാജ്യാന്തര യാത്രകളിലും മറ്റും ഏറെ ഉപകാരപ്പെടും. വൈ-ഫൈ, ബ്ലൂടൂത്ത്, ടൈപ്പ്-സി പോർട്ട്, 3.5 എംഎം ജാക്ക് കണക്റ്റിവിറ്റി എന്നിവയും ഇൻഫിനിക്സ് നോട്ട് 30 5ജി പിന്തുണയ്ക്കുന്നു. കൂടാതെ, സ്പ്ലാഷിനും പൊടി പ്രതിരോധത്തിനും ഫോണിന് IP53 റേറ്റിംഗ് ഉണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഏറ്റവും പുതിയ XOS 13-നൊപ്പമാണ് നോട്ട് 30 വരുന്നത്. 2 വർഷത്തെ സുരക്ഷാ പാച്ചും 1 ആൻഡ്രോയിഡ് അപ്‌ഗ്രേഡും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒറ്റ ടാപ്പിലൂടെ പണമയയ്ക്കാൻ സഹായിക്കുന്ന എൻഎഫ്സി പേയ്‌മെന്റ് ഫീച്ചറും ബയോമെട്രിക് സുരക്ഷാ സംവിധാനത്തിനായി ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. കൂടാതെ ഒരു മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് നോട്ട് 30 5ജിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. ബൈപാസ് ചാർജിംഗ്, വയർഡ് റിവേഴ്സ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച സ്റ്റീരിയോ സൗണ്ട് വാഗ്ദാനം ചെയ്യുന്നതിനായി ഡ്യുവൽ സൗണ്ട് സ്പീക്കറുകൾക്ക് കരുത്തേകാൻ ഓഡിയോ ബ്രാൻഡായ ജെബിഎല്ലുമായി സഹകരിച്ചാണ് ഇൻഫിനിക്സ് നോട്ട് 30 പുറത്തിറക്കിയിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 30 5ജി വിലയും ലഭ്യതയും: 4ജിബി റാം (4ജിബി അധികമായി വികസിപ്പിക്കാം) 128ജിബി ഇന്റേണൽ സ്റ്റോറേജ്, 8ജിബി റാം (8ജിബി അധികമായി വികസിപ്പിക്കാം) 256ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ പുതിയ നോട്ട് 30 5ജിയുടെ രണ്ട് വേരിയന്റുകളാണ് ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്.
4ജിബി റാം ഉൾപ്പെടുന്ന ഇൻഫിനിക്സ് നോട്ട് 30 5ജിയുടെ അടിസ്ഥാന വേരിയന്റിന് 14,999 രൂപയാണ് വില. 8ജിബി റാം ഉൾപ്പെടുന്ന ഇൻഫിനിക്സ് നോട്ട് 30 5ജിയുടെ ഉയർന്ന വേരിയന്റിന്റെ വില 15,999 രൂപയാണ്. വിൽപ്പന ആരംഭിക്കുന്നതിനോടനുബന്ധിച്ച് രണ്ട് വേരിയന്റുകളിലും 1,000 രൂപയുടെ കിഴിവും കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.
മാജിക് ബ്ലാക്ക്, സൺസെറ്റ് ഗോൾഡ്, ഇന്റർസ്റ്റെല്ലാർ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്‌സ് നോട്ട് 30 5ജി ലഭ്യമാകും. ജൂൺ 22 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications








