ബിഎംഡബ്ലു 'ആഡംബരവുമായി' ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ എത്തി
ഈ വർഷം ജൂണിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 30 വിഐപി സ്മാർട്ട്ഫോണിന്റെ ലിമിറ്റഡ് എഡിഷൻ വേരിയന്റ് ആഗോളതലത്തിൽ പുറത്തിറങ്ങി. ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ എന്നാണ് പുതിയ വേരിയന്റിന്റെ പേര്. സ്ട്രീറ്റ് റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആകർഷകമായ ഡിസൈനാണ് ഇതിലവതരിപ്പിച്ചിരിക്കുന്നത്.
വിഐപി ആനുകൂല്യങ്ങളുടെ ഒരു നീണ്ട നിര വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ തെരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. സ്പെഷ്യൽ പോസ്റ്റ് പർച്ചേസ് പിന്തുണ, പ്രയോറിറ്റി റിപ്പയർ സർവീസ്, പ്രീമിയം വിഐപി ആനുകൂല്യങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭ്യമാകുന്നു.

നിരവധി കസ്റ്റമൈസേഷനുമായാണ് ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ എത്തുന്നത്. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഡിസൈൻ വർക്കിന്റെ പങ്കാളിത്തത്തോടെയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത് എന്നതാണ് ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ ഒരു പ്രത്യേകത. വേഗതയെ സൂചിപ്പിക്കുന്നതിനായി മോട്ടോർസ്‌പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ഘടകങ്ങളും ഡിസൈനിൽ ഉപയോഗിച്ചിരിക്കുന്നതായി ഇൻഫിനിക്സ് വ്യക്തമാക്കുന്നു.
ബിഎംഡബ്ല്യുവിന്റെ ഐക്കണിക് ട്രൈ-കളറിൽ ഒരു ലൈറ്റ് ബാൻഡ് ഇൻഫിനിക്‌സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷനിൽ കാണാൻ സാധിക്കും. ഇൻഡസ്ട്രിയിലെ തന്നെ ആദ്യ 3ഡി ലൈറ്റ് ലെതർ ബാക്ക് പാനലുമായാണ് ഈ ഫോൺ എത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് കളറുകളിൽ തിളങ്ങുന്ന ലൈറ്റ് ട്രാൻസ്മിഷനായി പോളിയുറീൻ ഉപയോഗിക്കുന്ന 3D ലെതർ മിന്നൽ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
ഇതിലെ വ്യത്യസ്ത ലൈറ്റ് ബാൻഡുകൾ വേഗത, പെർഫോമൻസ്, ശക്തി എന്നിവയെ സൂചിപ്പിക്കുന്നു. ഒരു ഡിജിറ്റൽ റേസിംഗ് ഡാഷ്‌ബോർഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ സ്വീകരിച്ചിരിക്കുന്നത്. മികച്ച ഗ്രിപ്പിനായി ചെറിയ എംബോസ്ഡ് ത്രികോണങ്ങളുള്ള ലെതർ ടെക്സ്ചർ ചെയ്ത ബാക്ക് പാനലും സ്മാർട്ട്‌ഫോണിലുണ്ട്. ക്യാമറ സെൻസറുകൾ, എൽഇഡി ഫ്ലാഷ് യൂണിറ്റ്, ഫ്രെയിം പോലും ചുവപ്പിൽ ചുറ്റപ്പെട്ടിരിക്കുന്നു.
കോളർ സ്ക്രീനിനായി ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മാജിക് റിംഗ് ഫീച്ചർ ഇതിൽ നൽകിയിരിക്കുന്നു. കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം യുഐയുമായാണ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ എത്തുന്നത്. മികച്ച ഡിസൈനിന് പുറമേ ഇതിലെ ഫീച്ചറുകളും മികച്ചതാണ്. മുൻപ് പുറത്തിറങ്ങിയ ഇൻഫിനിക്സ് നോട്ട് 30 വിഐപിയുടെ അതേ ഫീച്ചറുകൾ തന്നെയാണ് ഇതിലുള്ളത്.
120Hz വരെ റിഫ്രഷ് റേറ്റുമായി 6.67-ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലേയും കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 8050 ചിപ്‌സെറ്റും ഇതിലുണ്ട്. 8GB, 12GB റാം ഓപ്ഷനുകളും 256GB ഇന്റേണൽ സ്റ്റോറേജ് ( 2TB വരെ വികസിപ്പിക്കാം ) സൗകര്യവും ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു.
108MP ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ആകർഷകം തന്നെ. 108MP മെയിൻ ക്യാമറയ്ക്കൊപ്പം 2MP മാക്രോ ലെൻസ് + 2MP പോർട്രെയ്റ്റ് ലെൻസ് എന്നിവ അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഫ്രണ്ടിൽ 32എംപി സെൽഫി ക്യാമറയും കാണാം.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 68W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ആകർഷണം. JBL ട്യൂൺ ചെയ്ത സ്പീക്കറുകളും ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷന്റെ മാറ്റ് കൂട്ടുന്നു. ബ്ലൂടൂത്ത് 5.2, NFC, യുഎസ്ബി ടൈപ്പ് സി, ഡ്യുവൽ 4G തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.

ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷന്റെ വില 315 യുഎസ് ഡോളർ ആണ് (ഏകദേശം 26,162 രൂപ). ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ നൽകിയിട്ടില്ല. അതേസമയം മികച്ച ഫീച്ചറുകളുമായി കമ്പനി പുറത്തിറക്കിയ ഇൻഫിനിക്സ് സീറോ 30 5G ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാണ്.
ഇൻഫിനിക്സ് സീറോ 30 5Gയുടെ 8GB+128GB വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 12GB+256GB വേരിയന്റിന് 24,999 രൂപയാണ വില. ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും. പ്രീമിയം സ്മാർട്ട്ഫോണുകളിലെ ഫീച്ചറുകൾ കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കുന്ന ഈ സ്മാർട്ട്ഫോണിന് ഇതിനകം ഇന്ത്യയിൽ ശ്രദ്ധനേടാൻ സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications