സാഹചര്യം അനുസരിച്ച് ലൈറ്റ് മാറും! ആക്റ്റീവ് ഹാലോ ലൈറ്റിംഗ് സിസ്റ്റവുമായി ഇൻഫിനിക്സ് 5G ഫോൺ
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ഇന്ത്യയിൽ പുതിയ സമാർട്ട്ഫോൺ ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ഇൻഫിനിക്സ് നോട്ട് 50 സീരീസിലെ പുതിയ മോഡലായി ഇൻഫിനിക്സ് നോട്ട് 50 സീരീസിലെ 50x 5ജി (Infinix Note 50x 5G) മോഡൽ ആണ് ഇന്ത്യൻ ലോഞ്ചിന് നാൾ കുറിച്ചിരിക്കുന്നത്. മാർച്ച് 27ന് ഇൻഫിനിക്സ് നോട്ട് 50x (Infinix Note 50x 5G launching in India on March 27) ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇൻഫിനിക്സിന്റെ വെബ്പേജിലും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ലോഞ്ചിന് മുന്നോടിയായി മൈക്രോ സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
"ആക്റ്റീവ് ഹാലോ ലൈറ്റിംഗ്" സിസ്റ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ ഇൻഫിനിക്സ് നോട്ട് 50X 5ജി മാർച്ച് 27 ന് ലോഞ്ച് ചെയ്യുക. നെക്സ്റ്റ്-ജനറേഷൻ സ്മാർട്ട് ലൈറ്റിംഗ് സിസ്റ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഫീച്ചർ സാഹചര്യത്തിന് അനുസരിച്ച് ലൈറ്റിങ് ക്രമീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു എൽഇഡി റിംഗ് സഹിതമാണ് എത്തുന്നത്.

നോട്ടിഫിക്കേഷനുകൾ, സെൽഫി ടൈർ, ചാർജിംഗ് സ്റ്റാറ്റസ് അറിയിക്കൽ, ഗെയിം ലോഞ്ച് സമയത്ത് വിഷ്വൽ ഫീഡ്‌ബാക്ക് നൽകൽ എന്നിവയുൾപ്പെടെ വിവിധ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് ഈ ലൈറ്റ് പ്രവർത്തിക്കും എന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. വരാൻ പോകുന്ന ഫോണിന്റെ ക്യാമറ യൂണിറ്റ് അടങ്ങുന്ന ഭാഗം ടീസർ രൂപത്തിൽ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
നോട്ട് 50x-ൽ "ജെം-കട്ട് മൊഡ്യൂൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രീമിയം ഡിസൈൻ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വിപണിയിൽ ആദ്യമായിട്ടാണ് ഈ അഷ്ടഭുജാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ (octagonal camera module) എത്തുന്നത്. വരാൻ പോകുന്ന സ്മാർട്ട്ഫോണിന് ആകർഷകമായ രൂപഭാവം നൽകാൻ കഴിയും വിധമാണ് ഈ ഫോണിന്റെ ഡിസൈൻ തയാറാക്കിയിട്ടുള്ളത്.

ആക്റ്റീവ് ഹാലോ ലൈറ്റിങ്, ജെം-കട്ട് മൊഡ്യൂൾ എന്നിവയ്ക്ക് അപ്പുറം ഏറ്റവും പുതപുത്തൻ രൂപകൽപ്പനയിലും ഉപയോക്തൃ ഇടപെടലിലും ഈ ഫോൺ പുറത്തിറക്കാൻ ഇൻഫിനിക്സ് ലക്ഷ്യമിട്ടിരിക്കുന്നു. ഇതിന്റെ ഫീച്ചറുകൾ കമ്പനി വരുംദിവസങ്ങളിൽ ഒന്നൊന്നായി പുറത്തുവിടുമെന്ന് ടീസറിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 5100mAh ബാറ്ററി സഹിതമാണ് ഇൻഫിനിക്സ് നോട്ട് 50x 5ജി എത്തുക.
വരാൻ പോകുന്നത് ഒരു 5ജി ഫോൺ ആണ് എന്ന് കമ്പനിയുടെ ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വൈറ്റ്, ഗ്രീൻ കളർ ഓപ്ഷനുകളിലാകും ഇൻഫിനിക്സ് നോട്ട് 50x 5G വേരിയന്റുകളിൽ ലഭ്യമാകുകയെന്ന് ഔദ്യോഗിക ടീസറുകൾ സൂചിപ്പിക്കുന്നു. X6857B മോഡൽ നമ്പർ വഹിക്കുന്ന ഇൻഫിനിക്സ് നോട്ട് 50x 5G, SDPPI (ഇന്തോനേഷ്യ), TUV, FCC തുടങ്ങിയ ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ഇതിനകം പാസായിട്ടുണ്ട്.
6GB+ 128GB, 8GB+ 128GB റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഇൻഫിനിക്സ് നോട്ട് 50X 5ജി വിപണിയിൽ എത്തും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. മറ്റ് ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന വിവരം നിലവിൽ അജ്ഞാതമാണ്. അടുത്തിടെ ഇൻഫിനിക്സ് അവതരിപ്പിച്ച മോഡലുകളിൽ സാധാരണക്കാർക്ക് ഏറെ ആകർഷണം തോന്നുന്ന മോഡൽ
ഇൻഫിനിക്സ് ഹോട്ട് 50 5ജി ആയിരുന്നു.

ഇൻഫിനിക്സ് ഹോട്ട് 50 5ജി ഫ്ലിപ്പ്കാർട്ടിൽ പതിനായിരം രൂപയിൽ താഴെ വിലയി ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ 4GB+ 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും 8GB+ 128GB വേരിയന്റിന് 10,999 രൂപയും ആയിരുന്നു ലോഞ്ച് വില. വൈബ്രൻ്റ് ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, സേജ് ഗ്രീൻ, ഡ്രീമി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഇത്.


Click it and Unblock the Notifications








