അടുത്ത ബുധനാഴ്ച എത്തും! ഡൈമെൻസിറ്റി 7100 ചിപ് ഉള്ള ഇന്ത്യയിലെ ആദ്യ ഫോണായി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G
ഇൻഫിനിക്സ് ഇന്ത്യയിൽ തങ്ങളുടെ നോട്ട് സീരീസിൽ പുതിയ എഡ്ജ് മോഡൽ അവതരിപ്പിക്കാൻ പോകുന്നു. ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12ന് ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി (Infinix Note Edge 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനകം തന്നെ ആഗോള വിപണിയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഇതിൽ ഉണ്ടാകുന്ന് ഫീച്ചറുകളെപ്പറ്റി ഒരു ധാരണ നമുക്ക് ലഭ്യമാണ്. എന്നാൽ ഇന്ത്യൻ വേരിയന്റിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ലോഞ്ചിന് മുന്നോടിയായി ഇൻഫിനിക്സ് നോട്ട് എഡ്ജിന്റെ ടീസറുകൾ കമ്പനി പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജി മാർക്കറ്റിംഗ് മെറ്റീരിയലുകൾ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്, ഇവ ഈ ഫോണിലെ ഹാർഡ്‌വെയർ ഫീച്ചറുകളും ഡിസൈൻ പ്രത്യേകതയുമൊക്കെ എടുത്തുകാണിക്കുന്നുണ്ട്. 7.78mm കട്ടിയുള്ള ഈ സ്മാർട്ട്ഫോൺ "സെഗ്‌മെന്റിന്റെ ഏറ്റവും സ്ലിം" ആണ് എന്നാണ് ഇൻഫിനിക്സ് പ്രധാനമായും എടുത്തുപറയുന്നത്.

ഫ്രണ്ടിൽ 3D കർവ്ഡ് 1.5K AMOLED ഡിസ്‌പ്ലേയോടെയാണ് ഈ ഇൻഫിനിക്സ് നോട്ട് എഡ്ജ് എത്തുന്നത്. സ്‌ക്രീൻ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്. കൂടാതെ കണ്ണിന്റെ സംരക്ഷണം മുൻ നിർത്തി ലോ ബ്ലൂ ലൈറ്റ് TUV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ട്. ലൂണാർ ടൈറ്റാനിയം, സ്റ്റെല്ലാർ ബ്ലൂ, സിൽക്ക് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാകുക എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റാണ് ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജിയുടെ കരുത്ത്. ഈ പ്രോസസർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഗെയിമിംഗിനായി, 90FPS വരെ പിന്തുണ ഇതിലുണ്ട്. "AI പവർസ് യുവർ പ്ലേ" എന്ന് ലേബൽ ചെയ്‌തിരിക്കുന്ന AI-അധിഷ്ഠിത ഗെയിമിംഗ് സവിശേഷതകളുടെ ഒരു സ്യൂട്ടും ഈ ഫോണിലുണ്ട്.

മറ്റൊരു ആകർഷണം ഇതിന്റെ റിയർ പാനലിൽ ഒരു RGB ഹാലോ ലൈറ്റ് ഉണ്ട് എന്നതാണ്. ഇത് ഒരു അറിയിപ്പ് അല്ലെങ്കിൽ സ്റ്റാറ്റസ് സൂചകമായി പ്രവർത്തിക്കുന്നു. JBL-ൽ സൗണ്ടോടുകൂടിയ ഡ്യുവൽ സ്പീക്കറുകളും ഈ ഇൻഫിനിക്സ് ഫോണിലുണ്ട്. പൊടി, സ്പ്ലാഷ് സംരക്ഷണത്തിനായി ഹാൻഡ്‌സെറ്റിന് IP55 റേറ്റിങ്ങും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, ഇതിനകം ആഗോതലത്തിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് എഡ്ജിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (2K 30fps വീഡിയോ റെക്കോർഡിംഗ് സഹിതം) ആണ് ഉണ്ടായിരുന്നത്. അതുതന്നെ ഇന്ത്യൻ വേരിയന്റിലും പ്രതീക്ഷിക്കാം.
അതേപോലെ ഇന്ത്യൻ വേരിയന്റിന്റെ ബാറ്ററി ഫീച്ചറുകളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനകം ലോഞ്ച് ചെയ്ത മോഡലിലെ ഫീച്ചറുകൾ പരിഗണിച്ചാൽ, 45W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജിയിൽ നമുക്കും പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുണ്ടാകുക.

ആഗോളതലത്തിൽ ഇൻഫിനിക്സ് നോട്ട് എഡ്ജ് 200 യുഎസ് ഡോളർ (ഏകദേശം 18,165 രൂപ) പ്രാരംഭ വിലയിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് നിലവിൽ കമ്പനി സൂചനകൾ നൽകിയിട്ടില്ല. ഇത് ലോഞ്ച് ടൈമിൽ പ്രഖ്യാപിക്കുമ്പോഴേ അറിയാനാകൂ. ലോഞ്ചിന് ശേഷം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലൂടെ ഈ ഫോൺ വാങ്ങാനാകും എന്ന വിവരവും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








