ചാർജറില്ലാത്ത ലോകം, അതാണെന്റെ സ്വപ്നം ! എന്താണ് ഇൻഫിനിക്‌സ് പറയുന്ന പുതിയ ടെക്‌നോളജി
അനുദിനം വളരുന്ന മേഖലയാണ് ടെക് ലോകം. പുതിയ സാങ്കേതിക വിദ്യകൾ ഓരോ ദിവസവും വരുന്നുണ്ട്. ഇപ്പോൾ നടക്കുന്ന വേൾഡ് മെബൈൽ കോൺഗ്രസിൽ വിവിധ സാങ്കേതിക വിദ്യകളാണ് ഓരോ കമ്പനികളും പുറത്തിറക്കുന്നത്. ഇപ്പോഴിതാ പുത്തൻ ടെക്‌നോളജി പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് ഇൻഫിനിക്‌സ് (Infinix ). സോളാർ എനർജി ഉപയോഗിച്ച് ഫോൺ ചാർജിങും ഫോണിന്റെ പുറകിലെ കളർമാറ്റാനും കഴിയുന്ന പുത്തൻ ടെക്‌നോളജിയാണ് ഇൻഫിനിക്‌സ് വേൾഡ് മൊബൈൽ കോൺഗ്രസിൽ ടെക് ലോകത്തിന് പരിജയപ്പെടുത്തിയത്. സോളാർ എനർജി-റിസർവിംഗ്, ഇ-കളർ ഷിഫ്റ്റ് 2.0 എന്നീ പേരുകളിലാണ് പുതിയ സാങ്കേതികവിദ്യ ഇൻഫിനിക്‌സ് ടെക് ലോകത്തിന് പരിജയപ്പെടുത്തിയത്.
ആംബിയന്റ് ലൈറ്റ് ഉപയോഗിച്ച് ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ആശയമാണ് സോളാർ എനർജി-റിസർവിംഗ് ടെക്നോളജി. ഈ ടെക്നോളജി മൊബൈൽ എനർജി മാനേജ്മെന്റിലെ പുതിയ സാധ്യതകൾക്കാണ് തുടക്കം കുറിക്കുന്നത്. നൂതന പെറോവ്സ്‌കൈറ്റ് ഫോട്ടോവോൾട്ടെയ്ക് സാങ്കേതികവിദ്യയെ എഐ ഇന്റലിജന്റ്, അൽഗോരിതം എന്നിവയുമായി സംയോജിപ്പിച്ചുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഇൻഡോറിലായാലും ഔട്ട്ഡോറിലായാലും പ്രകാശം ആഗിരണം ചെയ്ത് ഒരു പ്രോട്ടോടൈപ്പ് സ്മാർട്ട്ഫോൺ, ഫോൺ കേസിനുള്ളിൽ സംഭരിക്കുന്ന വൈദ്യുതിയാക്കി മാറ്റുകയാണ് ഇത് ചെയ്യുന്നത്.

സോളാർ എനർജി-റിസർവിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രയിലായിരിക്കുമ്പോഴും മറ്റും ചാർജിങിനെ കുറിച്ച് വേവലാതി വേണ്ട എന്നാണ് കമ്പനി പറയുന്നത്. ഈ സാങ്കേതികവിദ്യ കൂടുതൽ കുറ്റമറ്റതായി പ്രാവർത്തികമാക്കിയാൽ ഭാവിയിൽ ഫോൺ ചാർജിങ് എന്നൊരു ഒപ്ഷൻ തന്നെ ഇല്ലാതെയാവും. ഫോൺ സ്വയം ചാർജാകുന്നതിലൂടെ ചാർജ് ലഭിക്കുമല്ലോ.
ഇൻഫിനിക്‌സ് അവതരിപ്പിക്കുന്ന മറ്റൊരു സാങ്കേതിക വിദ്യയാണ് ഇ-കളർ ഷിഫ്റ്റ് 2.0. സ്മാർട്ട്ഫോണിന്റെ സൗന്ദര്യശാസ്ത്രത്തെ തന്നെ ഇ-കളർ ഷിഫ്റ്റ് 2.0 മാറ്റി മറിക്കും. ഫോണിന്റെ ബാക്ക് ഭാഗം സ്വയം നിറം മാറാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. ഡൈനാമിക്, ഇന്ററാക്ടീവ് വർണ്ണ സംക്രമണങ്ങളിലൂടെയാണ് അവരുടെ ഫോണിന്റെ കളർ മാറ്റാൻ കഴിയുക. ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചും കാലാവസ്ഥ, വാൾപേപ്പറുകൾ എന്നിവ മാറുന്നതിനനുസരിച്ചും സ്വയം കളർമാറാനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നുണ്ട്.

2013-ൽ സ്ഥാപിതമായ ഇൻഫിനിക്‌സ് സ്മാർട്ട് ഫോണുകൾക്ക് പുറമെ TWS ഇയർബഡുകൾ, സ്മാർട്ട് വാച്ചുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവയും നിർമിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 70-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇവരുടെ ഉൽപ്പന്നം ലഭ്യമാണ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഇവരുടെ പ്രൊഡക്ടുകൾ എത്തുന്നുണ്ട്.

ബാഴ്‌സലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഗ്രസിൽ നിരവധി പുതിയ സാങ്കേതിക വിദ്യകൾ പരിജയപ്പെടുത്താൻ കമ്പനികൾ മത്സരിക്കാറുണ്ട്. കഴിഞ്ഞ ദിവസം സോളാറിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പിനെ കുറിച്ച് ലെനോവോ പരിജയപ്പെടുത്തിരുന്നു. പുത്തൻ സാങ്കേതിക വിദ്യകൾക്ക് ഇന്നും മാർക്കറ്റുണ്ട്. ചിലതൊക്കെ ചുമ്മാ വെടിപൊട്ടിച്ച് പോകാനും കമ്പനികൾ വരാറുണ്ട്.


Click it and Unblock the Notifications