ക്യാമറയൊക്കെ വേറെ ലെവൽ; 144Hz AMOLED ഡിസ്‌പ്ലേ സഹിതം ഇൻഫിനിക്സ് സീറോ 40 5G ലോഞ്ച് ചെയ്തു
ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അത്യാവശ്യം ചലനം ഉണ്ടാക്കിയിട്ടുള്ളവയാണ്. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇൻഫിനിക്സ് സ്മാർട്ട്ഫോണുകളെ പലപ്പോഴും ശ്രദ്ധേയമാക്കാറുള്ളത്. ഇൻഫിനിക്സ് നോട്ട് 40 5ജി, ഇൻഫിനിക്സ് നോട്ട് 40X 5ജി എന്നിവയൊക്കെ അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളാണ്. ഇത്തരത്തിൽ വിവിധ സീരീസുകളുമായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സജീവമായ ഇൻഫിനിക്സ് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ആഗോള തലത്തിൽ ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നു, ഇൻഫിനിക്‌സ് സീറോ 40 5ജി (Infinix Zero 40 5G) ആണ് ആ സ്മാർട്ട്ഫോൺ.
ആദ്യമായി മലേഷ്യയിൽ ആണ് ഇൻഫിനിക്സ് സീറോ 40 5ജി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് ഈ ഫോൺ എത്തും. ഇന്ത്യൻ ലോഞ്ചിന്റെ തിയതി ഇപ്പോൾ വ്യക്തമല്ലെങ്കിലും സെപ്റ്റംബറിൽ ലോഞ്ച് ഉണ്ടാകും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് സീറോ 30 5ജിയുടെ പിൻഗാമിയാണ് ഇൻഫിനിക്‌സ് സീറോ 40 5ജി എത്തുന്നത്.

ഇൻഫിനിക്സ് സീറോ 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയും 144Hz റിഫ്രഷ് റേറ്റും സഹിതമാണ് ഈ ഫോൺ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്‌സെറ്റാണ് ഈ 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 12ജിബി റാമും 12ജിബി വെർച്വൽ റാമും 256ജിബി സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14.5 ൽ ആണ് ഇൻഫിനിക്സ് സീറോ 40 5ജിയുടെ പ്രവർത്തനം. മൂന്ന്
വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകൾ ഇതിന് ലഭിക്കും. 45W ഫാസ്റ്റ് ചാർജിംഗും 20W വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.

ക്യാമറയുടെ കാര്യമെടുത്താൽ മുൻഗാമിയെക്കാൾ ഏറെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇൻഫിനിക്സ് സീറോ 40 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. OIS ഉള്ള 108MP പ്രൈമറി ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 2MP സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഫ്രണ്ടിൽ 50MP സെൽഫി ക്യാമറയും ഉണ്ട്.
വ്ലോഗർമാർക്കും മറ്റും പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇതിലെ ക്യാമറകൾ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട്- റിയർ ക്യാമറകൾ 4K വീഡിയോകളെ പിന്തുണയ്ക്കുന്നു. കൂടാതെ ഈ ഫോണിൽ ഡെഡിക്കേറ്റഡ് ഗോ പ്രോ (GoPro) മോഡും ഉണ്ട്. എല്ലാ സ്മാർട്ട്ഫോണുകളും ഗോ പ്രോ ആക്ഷൻ ക്യാമറ ഫീച്ചറുകളുമായി ചേർന്ന് പ്രവർത്തിക്കുമെങ്കിലും അതിന് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
എന്നാൽ ഇൻഫിനിക്സ് സീറോ 40 സീരീസ് ഉപയോഗിച്ച്, ഫോണിൻ്റെ ക്യാമറ ആപ്പ് വഴി നേരിട്ട് ഗോ പ്രോ ആക്‌സസ് ചെയ്യാൻ കഴിയും, ഗോ പ്രോ ക്വിക്ക് ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് സീറോ 30 5ജിയിൽ 13MP സെൻസറാണ് ഉണ്ടായിരുന്നത്, എന്നാലിപ്പോൾ അൾട്രാ-വൈഡ് ക്യാമറ 50MP സെൻസറിലേക്ക് അപ്‌ഗ്രേഡുചെയ്‌തിരിക്കുന്നു.

50എംപി ഫ്രണ്ട് ക്യാമറ വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. വയലറ്റ് ഗാർഡൻ, മൂവിംഗ് ടൈറ്റാനിയം, റോക്ക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. ഇൻഫിനിക്സ് സീറോ 40 5ജിയുടെ 12GB+ 256GB സ്റ്റോറേജ് വേരിയൻ്റിന് 1,699 ആർഎം (ഏകദേശം 32,794 രൂപ) ആണ് വില. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യും.


Click it and Unblock the Notifications








