പണി പാളി പുള്ളേ... നോക്കിയ ഫോണിനെ ട്രോളിക്കൊന്ന് ട്രോളന്മാർ

പണി കിട്ടിയാലും കിട്ടിയാലും പാഠം പഠിക്കില്ലെന്നതൊരു പതിവാക്കിയാൽ എന്ത് ചെയ്യുമല്ലേ. നോക്കിയ എന്ന സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ കാര്യം ഏറെക്കുറേ അങ്ങനെയാണ്. ആൻഡ്രോയിഡിലൂടെ സ്മാർട്ട്ഫോൺ വിപണി അടക്കി വാഴാൻ ലഭിച്ച അവസരം വെറുതേ കളഞ്ഞ് കുളിച്ചത് മുതൽ ഒരുപാടുണ്ട് കമ്പനിയുടെ കൈയ്യിലിരിപ്പ് കൊണ്ട് തന്നെ കിട്ടിയ പണികൾ. ഏറ്റവും പുതിയൊരു കാര്യം നോക്കാം. കഴിഞ്ഞ ദിവസമാണ് നോക്കിയ തങ്ങളുടെ ഏറ്റവും പുതിയ നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
nokia X30 5G : നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ
" പരിസ്ഥിതി സൌഹൃദമായ " സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായിട്ടാണ് നോക്കിയ എക്സ്30 5ജി ലോഞ്ചിനെത്തിയത്. ഒപ്പം ഫ്ലാഗ്ഷിപ്പ് കില്ലർ എന്നൊക്കെയും തള്ളി മറിച്ചിരുന്നു. 48,999 രൂപ പ്രൈസ് ടാഗും ഒട്ടിച്ച് അതിനൂതന സാങ്കേതികവിദ്യകളുമായിട്ടാണ് ഫോൺ വരുന്നത് എന്നൊക്കെയുള്ള മാർക്കറ്റിങ് തന്ത്രങ്ങളും കമ്പനി പയറ്റിയിരുന്നു. ഇത് താത്കാലികമായുള്ള വിലയാണെന്നും വരും ദിവസങ്ങളിൽ മാറാമെന്നും കമ്പനി പറഞ്ഞിരുന്നു. എന്തായാലും ഈ മാർക്കറ്റിങ് രീതികൾ നേരെ തിരിച്ച് നോക്കിയയുടെ നെറുകന്തലയിൽ തന്നെ കൊത്തിയിരിക്കുകയാണ്.
ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്ന ക്വാൽകോമിന്റ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് കമ്പനിക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. മിഡ്റേഞ്ചിൽ ലഭ്യമായ നിരവധി ഫോണുകളിൽ ഉപയോഗിക്കുന്ന പ്രോസസറാണ് ഇതെന്ന് എക്സ്30 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് സമയത്ത് തന്നെ ഗിസ്ബോട്ട് റിപ്പോർട്ട് ചെയ്തിരുന്നു. നിരക്ക് കുറഞ്ഞ ഫോണുകളിൽ ലഭ്യമായ ഈ ചിപ്പ്സെറ്റുമായി 48,999 രൂപ വില വരുന്ന "ഫ്ലാഗ്ഷിപ്പ് ഫോൺ" പുറത്തിറക്കിയതിലെ അനൌചിത്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ വലിയ ചർച്ച സൃഷ്ടിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ ഫീച്ചർ ചെയ്യുന്ന ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ ആണ് Nokia X30 5G. നേരത്തെ പറഞ്ഞത് പോലെ " പരിസ്ഥിതി സൌഹൃദമായ " സ്മാർട്ട്ഫോണിന്റെ ബോഡി നിർമിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്ത അലൂമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ്. എന്തായാലും സൈബറിടങ്ങളിൽ നോക്കിയയ്ക്ക് ട്രോളുകളുടെ പെരുമഴയാണ്. യൂസേഴ്സിന്റെ പോക്കറ്റിനോട് ഒരു സൗഹൃദവും നോക്കിയ കാണിക്കുന്നില്ലെന്നാണ് നെറ്റിസൺസ് വിമർശിക്കുന്നത്.
രക്ഷപ്പെടാൻ ഒരു ഉദ്ദേശവും നോക്കിയയ്ക്ക് ഇല്ലേയെന്നും എല്ലാവരും ചോദിക്കുന്നുണ്ട്. വിപണിയിൽ ലഭ്യമായ എറ്റവും പുതിയ ഫീച്ചറുകളും സ്പെക്സുമായി ഏറ്റവും കുറഞ്ഞ നിരക്കിൽ ഫോൺ അവതരിപ്പിക്കുയെന്നതാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ നോക്കിയയെപ്പോലെ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ഒരു കമ്പനി പിടിച്ചു നിൽക്കണമെങ്കിൽ ചെയ്യേണ്ടത്. ഇതിന് നേരെ വിപരീതമായുള്ള നോക്കിയയുടെ പ്രവർത്തിയാണ് ട്രോളുകൾക്ക് കാരണം. ഫ്ലാഗ്ഷിപ്പ് ഫോണിൽ ആൻഡ്രോയിഡ് 13 പ്രീഇൻസ്റ്റാൾഡ് ആയി നൽകാൻ കഴിയാത്തതും പരിഹസിക്കപ്പെടുന്നുണ്ട്. എന്തായാലും നോക്കിയയുടെ പുതിയ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ അറിയണമെന്നുള്ളവർ തുടർന്ന് വായിക്കുക.
Nokia X30 5G : നോക്കിയ എക്സ്30 5ജി ഫീച്ചറുകൾ
ക്ലൌഡി ബ്ലൂ, ഐസി വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ഡിവൈസിലുണ്ട്. 50 എംപി പ്യുവർവ്യൂ ക്യാമറ, 13 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. എഐ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, നൈറ്റ് മോഡ് 2.0, ഡാർക്ക് വിഷൻ, ട്രൈപോഡ് മോഡ്, നൈറ്റ് സെൽഫി എന്നീ ക്യാമറ സെൻട്രിക്ക് ഫീച്ചറുകളും ഡിവൈസ് പാക്ക് ചെയ്യുന്നു. 16 മെഗാപിക്സൽ ക്യാമറയും നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. പ്രീ-ഇൻസ്റ്റാൾഡ് ആയി വരുന്ന ഗോപ്രോ ക്വിക്ക് ആപ്പ് ഉപയോഗിച്ച് എവിടെ നിന്നും വീഡിയോകൾ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കുമെന്നതും പ്രത്യേകതയാണ്.
6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. അണ്ടർ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 8 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷൻ. മൂന്ന് വർഷത്തേക്കുള്ള ഒഎസ് അപ്ഗ്രേഡുകൾ, സെക്യൂരിറ്റി അപ്ഗ്രേഡുകൾ എന്നിവയെല്ലാം കമ്പനി ഓഫർ ചെയ്യുന്നു. 4200 mAh ബാറ്ററിയിൽ രണ്ട് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി അവകാശപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 5ജി, 4ജി, വോൾട്ടീ, ഡ്യുവൽ ബാൻഡ് വൈഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയെല്ലാം നോക്കിയ എക്സ്30 5ജിയുടെ ഫീച്ചറുകളാണ്. ആമസോണിൽ നിന്നും നോക്കിയയുടെ വെബ്സൈറ്റിൽ നിന്നും നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.


Click it and Unblock the Notifications








