ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
സ്മാർട്ട്ഫോൺ രംഗത്തെ അതികായനായ ആപ്പിൾ തങ്ങളുടെ അടുത്ത ഐഫോൺ സീരീസിലൂടെ സ്മാർട്ട്ഫോണുകളുടെയാകെ തലവര മാറ്റിക്കുറിക്കാൻ പോകുന്ന ഒരു നീക്കത്തിന് തയാറെടുത്തതായി റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 16 സീരീസ് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണുകളുടെ പ്രധാന ഹൈലൈറ്റ് ജനറേറ്റീവ് എഐ ഫീച്ചറുകളായിരിക്കും.
ഐഫോൺ 16 സീരീസ് ലോഞ്ചിന് ഇനിയും ഏതാനും മാസങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഇതിനകം ആപ്പിൾ ഒരുപാട് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ ഒന്നാണ് ജൂണിൽ നടക്കാൻ പോുകന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (ഡബ്ല്യുഡബ്ല്യുഡിസി). ജൂൺ-10 മുതൽ 14 വരെയാണ് ഈ ഇവന്റ് നടക്കുക.

അടുത്തകാലത്തായി ആപ്പിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ഗവേഷണങ്ങൾക്കായി വൻ നിക്ഷേപങ്ങൾ നടത്തുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ വരാൻ പോകുന്ന ഐഫോൺ 16 സീരീസിലൂടെയും ഏറ്റവും പുതിയ ഐഒഎസ് 18 (ios 18) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയും ഉപയോക്താക്കളിലേക്ക് എത്തിച്ചേരും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതായത് വരാൻ പോകുന്ന ഐഒഎസ് 18ൽ എഐ പിന്തുണയുള്ള നിരവധി ഫീച്ചറുകൾ അവതരിപ്പിക്കപ്പെടും. ജൂൺ-10 മുതൽ 14 വരെ നടക്കുന്ന ഡബ്ല്യുഡബ്ല്യുഡിസി 2024ൽ ഈ ഐഒഎസ് 18 ഒഎസ് അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പിന്നാലെ ഐഫോൺ 16 സീരീസിലൂടെ ഈ ഒഎസ് സ്മാർട്ട്ഫോണുകളിലേക്ക് എത്തും.

ഐഒഎസ് 18ൽ അവതരിപ്പിക്കപ്പെടുന്ന ഫീച്ചറുകളെ പിന്തുണയ്ക്കാൻ കഴിയും വിധം പ്രത്യേക രീതിയിലാണ് അടുത്ത ഐഫോൺ 16 സീരീസുകൾ നിർമിക്കുക എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർൻമാൻ പറയുന്നത് ആപ്പിൾ ഒരു ലാർജ് ലാങ്വേജ് മോഡൽ (എൽഎൽഎം) വികസിപ്പിക്കുന്നുണ്ട്. പൂർണ്ണമായും ഡിവൈസിനെ അടിസ്ഥാനമാക്കിയാകും പ്രവർത്തിക്കുക എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
അതായത് നിലവിൽ എൽഎൽഎമ്മുകൾ ക്ലൗഡ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് പകരം ഫോണിനുള്ളിലെ പ്രോസസർ കരുത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള എൽഎൽഎം ആണ് ആപ്പിൾ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ പൂർണ്ണമായും എഐ കരുത്തുകൾ നിറഞ്ഞ ഐഫോണുകൾ പുറത്തിറക്കാനാകുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. ഐഫോണിൻ്റെ ചരിത്രത്തിലെ "ഏറ്റവും വലിയ" സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ആകും ഐഒഎസ് 18 എന്ന് ഗുർമാൻ നിരീക്ഷിക്കുന്നു.
ഐഒഎസ് 18ലെ ജനറേറ്റീവ് എഐ ഫീച്ചറുകൾക്ക് കരുത്തുപകരാൻ 'ഓൺ-ഡിവൈസ്' എൽഎൽഎം ഉപയോഗിക്കുന്നത് കമാൻഡിനോടുള്ള പ്രതികരണ സമയം കുറയ്ക്കും. അതായത് ഒരു ക്ലൗഡ് സേവനത്തിലൂടെ ഒരു അഭ്യർത്ഥന കടത്തിവിടുന്നതിനേക്കാൾ വളരെ വേഗത്തിൽ ഓൺ-ഡിവൈസ് എൽഎൽഎം പ്രതികരിക്കും. മാത്രമല്ല കണക്റ്റിവിറ്റി ഇല്ലാത്തതോ പരിമിതമായതോ ആയ സ്ഥലങ്ങളിൽ ഓഫ്‌ലൈനായി പ്രവർത്തിക്കാനും ഇതിന് കഴിഞ്ഞേക്കും എന്ന നേട്ടവുമുണ്ട്.

ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കേണ്ടാത്തതിനാൽ ആപ്പിളിന് സ്വകാര്യത നിലനിർത്തുന്നത് എളുപ്പമാകുകയും ചെയ്യും. എഐയുടെ വൻ സാധ്യതകൾ തിരിച്ചറിഞ്ഞ് വളരെ വലിയ നീക്കങ്ങളാണ് ആപ്പിൾ നടത്തിയിരിക്കുന്നത്. ഐഒഎസ് 18-ലെ എഐ ഫീച്ചറുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയിലെ നിലവിലെ പ്രമുഖരായ ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ കമ്പനികളുമായി ഉൾപ്പെടെ ആപ്പിൾ ബന്ധപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
എങ്കിലും തുടക്കമായതിനാൽ ആപ്പിൾ അവതരിപ്പിക്കുന്ന എഐ ഫീച്ചറുകൾക്ക് ചില പരിമിതികൾ പ്രതീക്ഷിക്കാം. എന്നാൽ സ്മാർട്ട്ഫോണുകളുടെയാകെ തലവര മാറ്റിക്കുറിക്കുന്ന ഒരു നീക്കം തന്നെയാകും ആപ്പിൾ ഇത്തവണ ഐഫോൺ 16 സീരീസിലൂടെ നടത്തുക എന്നതിൽ വിദഗ്ധർക്ക് തർക്കമില്ല. നടക്കാൻ പോകുന്ന ഡബ്ല്യുഡബ്ല്യുഡിസിയിൽ തങ്ങളുടെ എഐ പദ്ധതികളെപ്പറ്റി ആപ്പിൾ മനസ് തുറക്കും എന്നാണ് കരുതപ്പെടുന്നത്.
പുതിയതായി ഇറങ്ങുന്ന പല ഫോണുകളും AI പ്രോസസറുകൾ പോലുള്ള പ്രത്യേക ഘടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സങ്കീർണ്ണമായ അൽഗോരിതങ്ങൾ ഫോണിൽ നേരിട്ട് എക്‌സിക്യൂട്ട് ചെയ്യാൻ ഇവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. ഈ പരിമിതിയെ ഐഫോൺ 16 മറികടക്കും എന്നാണ് കരുതപ്പെടുന്നത്. AI ഗവേഷണത്തിനും എൽഎൽഎം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഹാർഡ്‌വെയറിനുമായി ആപ്പിൾ പ്രതിവർഷം 1 ബില്യണിലധികം ഡോളറാണ് ചെലവഴിക്കുന്നത്.


Click it and Unblock the Notifications








