മിന്നുന്നതെല്ലാം പൊന്നല്ല! ഐഫോൺ 12 വെറും 39,000 രൂപയ്ക്ക് കിട്ടിയാൽ വാങ്ങുമോ!
ഐഫോണുകളുടെ ജനപ്രീതി വളരെ പ്രസിദ്ധമാണ്. എങ്ങനെയെങ്കിലും ഒരു ആപ്പിൾ ഫോൺ സ്വന്തമാക്കണം എന്ന ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അത്തരം ആളുകൾക്ക് ഒരു ഐഫോൺ സ്വന്തമാക്കാനുള്ള അവസരം തുറന്നിരിക്കുകയാണ് ഇ കൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ട്. എന്നാൽ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിലെ ഏതെങ്കിലും ഫോണല്ല ഇത്.
മറിച്ച്, ഐഫോൺ 14 നും ഐഫോൺ 13 നും മുൻപ് പുറത്തിറങ്ങിയ ഐഫോൺ 12 ന് ആണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വൻ ഡിസ്കൗണ്ടും അധിക ഓഫറുകളും നൽകി രംഗത്തെത്തിയിരിക്കുന്നത്. അൽപ്പം പഴക്കമുണ്ടെങ്കിലും ഇതും ഐഫോൺ തന്നെയാണ് എന്ന് ആശ്വസിക്കാം. കുറഞ്ഞ ചെലവിൽ ഒരു ഐഫോണുടമയാകുകയും ചെയ്യാം.

നിങ്ങളുടെ നിലവിലുള്ള ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ തയാറാണ് എങ്കിൽ 30000 രൂപ വിലയിൽ ഈ ഐഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്. എക്സ്ചേഞ്ചിന് താൽപര്യമില്ല എങ്കിൽ പോലും 40000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ 12 വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നൽകുന്നുണ്ട്.
പുതിയ ഐഫോൺ സീരീസുകൾ വന്ന ശേഷം ഐഫോൺ 12 ന്റെ വിലയിലും മാറ്റമുണ്ടായി. ഇപ്പോൾ ഐഫോൺ 12 ന്റെ ഔദ്യോഗിക വില ഏതാണ്ട് 49,900 രൂപയാണ്. എന്നാൽ 17 ശതമാനം ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ ഇത് ഇപ്പോൾ 40,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

64 ജിബി സ്റ്റോറേജുള്ള മോഡലാണ് ഈ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിലയിലെ ഈ ഡിസ്കൗണ്ടിന് പുറമേ അധിക ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളുടെ രൂപത്തിൽ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഇഎംഐയിൽ ഫോൺ വാങ്ങുകയാണ് എങ്കിൽ 1000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കും.
അതോടെ ഐഫോൺ 12 ഫ്ലിപ്പ്കാർട്ടിൽ നിന്ന് 39,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താൻ തയാറുള്ളവർക്ക് പരമാവധി 28,950 രൂപ വരെ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ വർക്കിങ് കണ്ടീഷനും പഴക്കവും ഒക്കെ വിലയിരുത്തിയാകും എക്സ്ചേഞ്ച് തുക എത്ര നൽകണം എന്ന് ഫ്ലിപ്പ്കാർട്ട് തീരുമാനിക്കുക.
എങ്കിലും അത്യാവശ്യം നല്ലൊരു ഫോൺ കൈമാറി, കുറഞ്ഞത് 10000 രൂപയെങ്കിലും എക്സ്ചേഞ്ച് ഡിസ്കൗണ്ട് നേടിയെടുക്കാനായാൽ 30000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 12 സ്വന്തമാക്കാൻ സാധിക്കും. ഈ ഡീലിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ അറിയാൻ ഉപയോക്താക്കൾ ഫ്ലിപ്പ്കാർട്ടിലെ ഐഫോൺ 12 പേജ് സന്ദർശിച്ചാൽ മതിയാകും.

ഈ വിലയ്ക്ക് ഐഫോൺ 12 വാങ്ങുന്നത് ലാഭമാണോ എന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രസക്തമാണ്. നിലവിൽ ഐഫോൺ 15 സീരീസ് വരെ എത്തിനിൽക്കുന്നു. ആപ്പിൾ ഫോണുകളുടെ മൊഞ്ച് അത്ര പെട്ടെന്ന് പൊയ്പ്പോകൂല്ല എങ്കിലും കുറഞ്ഞത് ഒരു ഐഫോൺ 13 എങ്കിലും വാങ്ങുന്നതാണ് കൂടുതൽ നല്ലത്.
ഐഫോൺ 14 ന് സമാനമായ ഒട്ടനവധി ഫീച്ചറുകൾ ഐഫോൺ 13 ലും കാണാം. പ്രവർത്തനത്തിന്റെ കാര്യത്തിലും ക്യാമറയുടെ കാര്യത്തിലും ഐഫോൺ 13 തൊട്ടടുത്ത ഐഫോൺ 14 ന് ഒപ്പം തന്നെ നിൽക്കും. ഐഫോൺ 14, ഐഫോൺ 15 എന്നിവയെക്കാൾ കുറഞ്ഞ വിലയിൽ മികച്ചൊരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഓപ്ഷൻ ഐഫോൺ 13 തന്നെയാണ്.
വാങ്ങാൻ പണമുള്ളവർക്ക് നേരേ ഐഫോൺ 14 അല്ലെങ്കിൽ ഏറ്റവും പുതിയ ഐഫോൺ 15 തന്നെ വാങ്ങാം. എന്നാൽ ഐഫോൺ മോഹം കൊണ്ടുനടക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ആ മോഹം സാധിക്കാൻ ഐഫോൺ 13 ആണ് മികച്ച ഓപ്ഷൻ. അടുത്തിടെ ഏറെ വിവാദങ്ങളുയർത്തിയ മോഡൽ കൂടിയാണ് ഐഫോൺ 12 എന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.
അനുവദനീയമായതിനേക്കാൾ ഉയർന്ന വികിരണം പുറപ്പെടുവിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐഫോൺ 12 വിൽപന നിർത്താൻ ഈ വർഷം സെപ്റ്റംബറിൽ, ഫ്രാൻസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ ലോക രാജ്യങ്ങൾ ഐഫോൺ 12 വിൽപ്പന തടയുകയുണ്ടായി. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സോഫ്ട്വേർ അപ്ഡേഷനിലൂടെ ഈ പ്രശ്നം പരിഹരിച്ചു എന്നുമാണ് ആപ്പിൾ വിശദീകരിക്കുന്നത്.


Click it and Unblock the Notifications








