ഈ ഐഫോൺ മോഡൽ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ വിൽക്കുന്നു
ഐഫോൺ കൈയിലുള്ളത് ഒരു അന്തസായി കരുതുന്ന ആളുകൾ ഇപ്പോഴുമുണ്ട്. മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ അത്ര ആകർഷകമല്ലായിരുന്ന മുൻ കാലഘട്ടത്തിൽ ഐഫോണുകൾ അവയുടെ മികവുകൊണ്ടും സൽപ്പേരുകൊണ്ടും നിലവാരം കൊണ്ടും ആളുകളെ ആകർഷിച്ചിരുന്നു. ഉയർന്ന വില നൽകി വാങ്ങാൻ കഴിയാത്തതിനാൽ ഐഫോൺ വാങ്ങണം എന്ന മോഹം പലരും മാറ്റിവയ്ക്കാറായിരുന്നു പതിവ്. അതിനാൽത്തന്നെ വളരെ കുറച്ച് ആളുകളുടെ കൈയിൽ മാത്രമേ ഐഫോൺ കണ്ടിരുന്നുള്ളൂ. വ്യാപകമായി കാണാൻ ലഭ്യമായിരുന്നില്ല എന്നത് ഐഫോണിനോടുള്ള ആളുകളുടെ മോഹം വർധിപ്പിക്കാൻ ഒരു കാരണമായി. എന്നാലിന്ന് മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഐഫോണുകളെ വെല്ലുവിളിക്കുന്ന ഫീച്ചറുകളുമായി സജീവമാണ്.
മാത്രമല്ല, ഐഫോൺ മോഡലുകൾ ഇന്ന് പലരുടെയും കൈയിൽ ഈസിയായി കാണാനും സാധിക്കും. ഐഫോണുകളെ വെല്ലുന്ന ഫീച്ചറുകൾ ഉള്ള വിലക്കൂടിയ മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും ഇന്ന് ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇതൊക്കെത്തന്നെയാണെങ്കിലും ഐഫോണിന്റെ പവർ ഐഫോണിൽ മാത്രമേ കിട്ടൂ. അതൊരു വല്ലാത്ത മോഹമായി മനസിൽ കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ട്.

അത്തരം ഐഫോൺ ആരാധകർക്ക് വേണമെങ്കിൽ മാത്രം പരീക്ഷിക്കാവുന്ന ഒരു ഡീൽ ഇപ്പോൾ ആമസോൺ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 13 ലഭ്യമായിരിക്കുന്നു എന്നതാണ് അത്. ഐഫോൺ 13യ്ക്ക് ശേഷം 14, 15, 16 സീരീസുകൾ ഇറങ്ങി. ഇപ്പോൾ ഐഫോൺ 17 സീരീസ് പടിവാതിലിൽ എത്തി നിൽക്കുകയാണ്.
അതായത് ഐഫോൺ 13 അൽപ്പം പഴയ മോഡൽ ആയി മാറിയിരിക്കുന്നു എന്ന്. എങ്കിലും ഐഫോൺ ഐഫോൺ തന്നെ എന്ന് കരുതുന്നവർക്ക് ആമസോണിൽ ഇപ്പോൾ ഏറ്റവും വിലക്കുറവിൽ ലഭ്യമായിരിക്കുന്ന ഐഫോൺ 13 ഡീൽ പരീക്ഷിക്കാം. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐഫോൺ 13യുടെ അടിസ്ഥാന മോഡൽ 79,900 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്.

പുതിയ മോഡലുകൾ ഇറങ്ങുന്നതിന് അനുസരിച്ച് പഴയ ഐഫോൺ മോഡലുകളുടെ വില കുറയാറുണ്ട്. അത്തരത്തിൽ ക്രമാനുഗതമായി കുറഞ്ഞു കുറഞ്ഞ് ഇപ്പോൾ ആമസോണിൽ ഐഫോൺ 13 മോഡൽ 43,900 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം മറ്റൊരു ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിൽ ഇതിന് 44,999 രൂപയാണ് വില.
43,900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഐഫോൺ 13ന് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ വില 42900 രൂപയായി കുറയുന്നു. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ 37,000 രൂപയുടെ വിലക്കുറവ് ഇപ്പോൾ ഈ ഐഫോൺ മോഡലിന് ലഭ്യമായിരിക്കുന്നു.
തീരെ വിലക്കുറവിൽ ഒരു ഐഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ വേണമെങ്കിൽ പരിഗണിക്കാം. എന്നാൽ അടുത്ത മാസം പുതിയ ഐഫോൺ സീരീസ് പുറത്തിറങ്ങുന്നുണ്ട് എന്നകാര്യം കൂടി ഇതോടൊപ്പം അറിഞ്ഞുവയ്ക്കുക. ലോഞ്ചിന് ശേഷം ഒന്നുകിൽ പുതിയ ഐഫോൺ വാങ്ങാം, അതല്ലെങ്കിൽ മറ്റ് മോഡലുകൾ നിലവിലുളളതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാം എന്ന മെച്ചമുണ്ട്.

പഴക്കമുണ്ട് എന്നുകരുതി ഐഫോൺ 13 അത്ര മോശമാണ് എന്ന് പറയാനും കഴിയില്ല. A15 ബയോണിക് ചിപ്പ് കരുത്തിൽ എത്തിയിട്ടുള്ള ഐഫോൺ 13ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, രണ്ട് 12MP ലെൻസുകളുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണം, 12MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടെയുള്ള ഫീച്ചറുകളുണ്ട്. 128GB/ 256GB/ 512GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








