കുഴപ്പിക്കുന്ന നിബന്ധന ഒന്നുമില്ല, നേരിട്ടുള്ള ഡിസ്കൗണ്ട്! റെഡിയാണേൽ ഐഫോൺ 13 കൈയിലിരിക്കും
ഐഫോൺ ( iPhone ) മോഹം മനസിൽ കൊണ്ടുനടക്കുന്നവർക്ക് അത് സഫലീകരിക്കാൻ ഒരു അവസരം എത്തുകയാണ്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് വേണ്ടവർ അൽപ്പം കൂടി കാത്തിരിക്കണം. കാത്തിരിക്കുന്നതിനൊപ്പം നല്ലൊരു സംഖ്യ ( കുറഞ്ഞത് ഒരു 80000 എങ്കിലും ) കൈയിൽ കരുതുകയും വേണം.
എന്നാൽ, പറഞ്ഞുവന്നത് ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 15 സീരീസിന്റെ കാര്യമല്ല. ഇതിനകംതന്നെ പുറത്തിറങ്ങുകയും ഇതിനോടകം നിരവധിപേരുടെ മനം കവരുകയും ചെയ്ത ഐഫോൺ 13 മോഡലിന്റെ കാര്യമാണ്. സ്വന്തമായി ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും വിലക്കുറവിൽ ഐഫോൺ 13 വാങ്ങാൻ ഇപ്പോൾ അവസരം ഒരുങ്ങിയിട്ടുണ്ട്.

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ ഐഫോൺ 13 വൻ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വിലക്കുറവിന് നന്ദി പറയേണ്ടത് ഐഫോൺ 15 സീരീസിനോടാണ്. എന്തുകൊണ്ടാണെന്നോ, സെപ്റ്റംബർ 12 ന് നടക്കുന്ന പ്രൗഡോജ്വല ചടങ്ങിൽ ആപ്പിൾ തങ്ങളുടെ അഭിമാന താരമായ ഐഫോണിന്റെ ഏറ്റവും പുതിയ 15 സീരീസ് ഫോണുകൾ പുറത്തിറക്കും.
ഐഫോൺ 15 സീരീസ് പുറത്തിറങ്ങുന്നതോടെ നിലവിലെ ഒന്നാമനായ ഐഫോൺ 14 രണ്ടാമനാകും. നിലവിലെ രണ്ടാമനായ ഐഫോൺ 13 മൂന്നാമനാകും. ലളിതമായി പറഞ്ഞാൽ, ഐഫോൺ 13 പഴയതാകും. എന്നാൽ ഈ പഴക്കം കടലാസ് കണക്കിൽ മാത്രമാണ്, പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ 13 നെ വിമർശിക്കാൻ കാരണങ്ങൾ അധികം കണ്ടെത്താനാകില്ല.
ഐഫോൺ 14 ന്റെ വരവിനിടയിലും ഒട്ടും ഗാംഭീര്യം കുറയാത്ത ഐഫോൺ 13 ഇപ്പോൾ ഐഫോൺ 15 വരുമ്പോഴും കുലുങ്ങുമെന്ന് കരുതുന്നവർ തീരെ കുറവാണ്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസിലെ ഫോണുകളിൽ പുതിയ ഫീച്ചറുകൾ പ്രതീക്ഷിക്കാം. എന്നാൽ വലിയ വില നൽകേണ്ടിവരും.
എന്നാൽ ഐഫോൺ 13 കാര്യമെടുത്താൽ ഫീച്ചറുകളിൽ വ്യത്യാസം ഒന്നും ഉണ്ടാകില്ല, എന്നാൽ വിലയിൽ കുറവ് ഉണ്ടാകും താനും. ഐഫോൺ 14 നോട് കിടപിടിക്കുന്ന ഫീച്ചറുകൾ ഐഫോൺ 13 വാഗ്ദാനം ചെയ്തിരുന്നു. അതിനാലാണ് ഇപ്പോഴും ആളുകൾ ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്തി ഐഫോൺ 13 വാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഐഫോൺ 15 സീരീസിന്റെ ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐഫോൺ 13 സീരീസിന്റെ വിലയിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. പുതിയ ഐഫോൺ സീരീസ് എത്തുമ്പോൾ നിലവിലുള്ള ഐഫോൺ സീരീസുകളുടെ വില കുറയുന്നത് എല്ലാക്കൊല്ലവും പതിവുള്ള ഒരു കാര്യമാണ്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.
5ജി ഉൾപ്പെടെ പിന്തുണയ്ക്കുന്ന ഐഫോൺ 13 സീരീസ് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണും ഫ്ലിപ്പ്കാർട്ടും ഇപ്പോൾ 58,999 രൂപ പ്രാരംഭ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ ഒറ്റയടിക്ക് ഐഫോൺ 13 വില ഇത്രയും കുറയുന്നത് ഇതാദ്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
മുൻപ് ഓഫർ സെയിലിലും മറ്റും ഐഫോൺ 13 ഇത്രയും വിലക്കുറവ് വന്നിട്ടുണ്ട്. എന്നാൽ അത്, ബാങ്ക് ഓഫറുകളുടെയും എക്സ്ചേഞ്ച് ഓഫറുകളുടെയുമൊക്കെ ബലത്തിലായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു നിബന്ധനയും കൂടാതെ ഒറ്റയടിക്കാണ് ഐഫോൺ 13ന്റെ പ്രാരംഭ വില 58,999 രൂപയിൽ എത്തി നിൽക്കുന്നത്.

നേരിട്ടുള്ള ഈ വിലക്കുറവിന് പുറമേ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 13 വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് 2000 രൂപയുടെ ഡിസ്കൗണ്ട് അധികമായും നൽകുന്നുണ്ട്. അതായത് ഫ്ലിപ്കാർട്ട് വഴി 56,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാൻ അവസരമുണ്ട്. അതേസമയം ആമസോണിൽ ബാങ്ക് ഓഫറുകളൊന്നുമില്ല.
ഇതിലും കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങണം എന്നുള്ളവർക്ക് എക്സ്ചേഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തവുന്നതാണ്. ആമസോണും ഫ്ലിപ്പ്കാർട്ടും ഐഫോൺ 13 ന് എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എന്നാൽ ഉപയോക്താക്കൾ നൽകുന്ന പഴയ ഫോണിന്റെ പഴക്കവും നിലവിലെ അവസ്ഥയും അടിസ്ഥാനമാക്കിയാണ് എക്‌സ്‌ചേഞ്ച് തുക കണക്കാക്കുക എന്നകാര്യം ഓർമ്മിക്കുക.


Click it and Unblock the Notifications








